
ഹൈദരാബാദ്: ദളിത് വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനവുമായി തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. സംവരണത്തിനുള്ളിൽ സംവരണം പഠിക്കാൻ സമിതി രൂപീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് തെലങ്കാനയിൽ പ്രധാനമന്ത്രി പറഞ്ഞത്. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ നടന്ന പൊതുയോഗത്തിൽ ആണ് മോദിയുടെ പ്രഖ്യാപനം.
ബി ആർ എസും കോൺഗ്രസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്നും ബി ആർ എസിന്റെ ദളിത് ബന്ധു പദ്ധതി കണ്ണിൽ പൊടിയിടുന്നതാണെന്നും മോദി പറഞ്ഞു. മഡിഗ വിഭാഗത്തിന്റെ കൂട്ടായ്മയായ മഡിഗ സംവരണ പോരാട്ട സമിതി നേതാവ് മന്ദ കൃഷ്ണ മഡിഗ വേദിയിൽ മോദിയുടെ കൈ പിടിച്ച് പൊട്ടിക്കരഞ്ഞതും പൊതുയോഗത്തെ ശ്രദ്ധേയമാക്കി. മഡിഗ വിഭാഗത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മോദി ഉറപ്പ് നൽകിയതായി മന്ദ കൃഷ്ണ മഡിഗ.
അതിനിടെ ഈ റാലിയിൽ മറ്റൊരു നാടകീയ സംഭവവും ഉണ്ടായി. പൊതുസമ്മേളനം നടന്ന പരേഡ് ഗ്രൗണ്ടില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനായി നിര്‍മിച്ചിരുന്ന താത്കാലിക ടവറിന് മുകളില്‍ ഒരു യുവതി വലിഞ്ഞുകയറിയതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം താത്കാലികമായി തടസപ്പെട്ടു. റാലിയില്‍ പങ്കെടുക്കാനായി തടിച്ചുകൂടിയ വന്‍ജനാവലിയെ മോദി അഭിസംബോധന ചെയ്യുന്നതിനിടെയാണ് ടവറിന് മുകളില്‍ കയറുന്ന യുവതി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. യുവതി ടവറിന് മുകളില്‍ കയറുന്നതിന്റെയും മോദി സമ്മേളന വേദിയില്‍ വെച്ചു തന്നെ മൈക്കില്‍ അവരോട് സംസാരിക്കുകയും തിരികെ ഇറങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചു. യുവതിയോട് താഴെ ഇറങ്ങാന്‍ പലതവണ മോദി അഭ്യര്‍ത്ഥിക്കുന്നതും വൈദ്യുത കേബിളുകള്‍ ഉള്ളതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം.
Last Updated Nov 12, 2023, 12:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]