

First Published Nov 12, 2023, 2:01 PM IST
വണ്ണം കുറയ്ക്കുകയെന്നത് ഒട്ടും നിസാരമായ കാര്യമല്ല. അതിന് കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ആവശ്യമാണ്. ഒപ്പം ഓരോ വ്യക്തിയുടെയും പ്രായം, ആരോഗ്യാവസ്ഥ, ജീവിതസാഹചര്യങ്ങള്‍ എന്നിങ്ങനെ പലവിധ ഘടകങ്ങളും ഇതില്‍ സ്വാധീനം ചെലുത്താറുണ്ട്.
എന്തായാലും സാമാന്യം വണ്ണമുള്ളവരാണെങ്കില്‍ ഇപ്പറഞ്ഞതുപോലെ പലതും ചെയ്യുന്നതിലൂടെയും പല കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെയുമെല്ലാം ചേര്‍ത്താണ് വണ്ണം കുറയ്ക്കാൻ സാധിക്കൂ. എന്തായാലും ഡയറ്റിലെ ജാഗ്രതയെല്ലാം വണ്ണം കുറയ്ക്കുന്ന കാര്യത്തിലെത്തുമ്പോള്‍ നിര്‍ബന്ധമാണ്. പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുകയോ പലതും നല്ലതുപോലെ നിയന്ത്രിക്കുകയോ എല്ലാം ചെയ്യേണ്ടി വരാം.
ഇതുപോലെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുടെ കാര്യം പറയുമ്പോള്‍ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ളൊരു കാര്യമാണ് ഇനി പറയുന്നത്. കുടംപുളിയില്ലേ, നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം മരത്തില്‍ വളഞ്ഞ് കിട്ടുന്ന- നഗരങ്ങളിലാണെങ്കില്‍ മാര്‍ക്കറ്റില്‍ സുലഭമായിട്ടുള്ള കുടംപുളി. അധികവും ഇത് മീൻ കറിയിലാണ് ഉപയോഗിക്കാറ്. ഉണക്കാതെ പഴുത്ത അവസ്ഥയിലുള്ളതാണെങ്കില്‍ പലരും പച്ചക്കറി കറികളിലും ചേര്‍ക്കാറുണ്ട്.
ഇത് വണ്ണം കുറയ്ക്കാൻ നല്ലതാണെന്ന് പലരും പറയാറുണ്ട്. ഇത് കേട്ടിട്ടുള്ളവരാണെങ്കില് അവര്‍ തീര്‍ച്ചയായും ഇതെക്കുറിച്ച് അന്വേഷിച്ചിരിക്കും. അല്ലാത്തവരെ സംബന്ധിച്ച് തീര്‍ച്ചയായും ഇതൊരു പുതിയ വിവരം തന്നെയാണ്.
സത്യത്തില്‍ കുടംപുളി വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?
അതെ എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ കേരളം, കര്‍ണാടക, അസം എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും കുടംപുളി വ്യാപകമായി ഉപയോഗിക്കാറുണ്ട്. തായ്ലാൻഡ്, മലേഷ്യ, ബര്‍മ്മ പോലുള്ള പല സൗത്തേഷ്യൻ രാജ്യങ്ങളിലും ഇത് നല്ലതുപോലെ ഉപയോഗിക്കപ്പെടുന്നൊരു വിഭവമാണ്. പ്രധാനമായും കറികളിലും വിഭവങ്ങളിലും പുളി രുചി നല്‍കാനാണ് കുടംപുളി ഉപയോഗിക്കുന്നത്.
എന്നാലിതിന് ചില ഔഷധമൂല്യങ്ങളുണ്ടെന്ന് 2012ല്‍ ഒരു അമേരിക്കൻ ഡോക്ടറാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കുടംപുളിയില് നിന്ന് വേര്‍തിരിച്ചെടുത്ത നീര് വണ്ണം കുറയ്ക്കാൻ സഹായകമാണ് എന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. ഇതിന് പുറമെ ഉന്മേഷം പകരാനും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാനുമെല്ലാം കുടംപുളി സഹായകമാണെന്ന് ഇദ്ദേഹം തന്റെ പഠനത്തില്‍ പറയുന്നു.
കുടംപുളിയില് അടങ്ങിയിരിക്കുന്ന ‘ഹൈഡ്രോക്സി സിട്രിക് ആസിഡ്’ അഥവാ എച്ച്സിഎ എന്ന ‘ഫൈറ്റോകെമിക്കല്‍’ കൊഴുപ്പിനെ എരിച്ചുകളയുകയും വിശപ്പിനെ ശമിപ്പിക്കുകയും ചെയ്യുകയാണത്രേ ചെയ്യുന്നത്. ഇതാണത്രേ വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്.
അതുപോലെ തന്നെ കുടംപുളി, സന്തോഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ‘സെറട്ടോണിൻ’ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടുകയും ഇതുവഴിയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുമത്രേ. ഇതും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത പകരുന്നു. പല ഗവേഷകസംഘങ്ങളും കുടംപുളി വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നും അത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താമെന്നും അവകാശപ്പെട്ടിട്ടുണ്ട്. കുടംപുളിയില് നിന്ന് സപ്ലിമെന്റുകളും ഉണ്ടാക്കിയെടുക്കുന്നുണ്ട്.
ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും കുടംപുളി സഹായകമാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. വയറ്റിലെ അള്‍സര്‍ പ്രതിരോധിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സുഖകരമായ ഉറക്കത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം കുടംപുളി സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഏതായാലും നാട്ടുരുചിയാണെന്നോര്ത്ത് കുടംപുളിയെ ചെറുതാക്കി കാണേണ്ടതില്ല- അതിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട് എന്നത് സുവ്യക്തം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Nov 12, 2023, 2:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]