തൃശൂർ: വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന കേസിൽ അയൽവാസിയായ യുവാവ് പിടിയിൽ. പുത്തൻചിറ സ്വദേശി ചോമാട്ടിൽ ആദിത്തിനെയാണ് (20) മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 25-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയും റിട്ടയേർഡ് അധ്യാപികയുമായ കൊല്ലംപറമ്പിൽ ജയശ്രീയുടെ (77) വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ഇവരെ ആക്രമിച്ച് ആറു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവരുകയായിരുന്നു.
സംഭവത്തെ തുടർന്ന് മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പുത്തൻചിറയിലെ വീട്ടിൽ നിന്നും പിടികൂടിയത്. ജയശ്രീ ടീച്ചറുമായും കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് പ്രതി.
ടീച്ചർ പഠനമുൾപ്പെടെയുള്ള കാര്യങ്ങളിൽ ആദിത്തിന് സഹായങ്ങൾ നൽകാറുണ്ടായിരുന്നു. മക്കൾ ജോലിയുമായി ബന്ധപ്പെട്ട് ദൂരെ താമസിക്കുന്നതും ഭർത്താവിൻ്റെ അനാരോഗ്യവും മുതലെടുത്താണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
വീടിൻ്റെ അടുക്കള വഴി അതിക്രമിച്ചു കയറിയ പ്രതി, പിന്നിലൂടെയെത്തി ടീച്ചറെ ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു. ആക്രമണത്തിനിടെ ടീച്ചർ ചെറുത്തപ്പോൾ മാലയുടെ ഒരു ഭാഗവും താലിയും അവരുടെ കയ്യിൽ കിട്ടി.
അഞ്ച് പവനോളം വരുന്ന മാലയുമായി കടന്നുകളഞ്ഞ പ്രതി, ഇത് മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ജ്വല്ലറിയിൽ നാലര ലക്ഷം രൂപയ്ക്ക് വിറ്റു. പോലീസ് നടത്തിയ അന്വേഷണത്തിൽ, വിറ്റ സ്വർണ്ണം ഉരുക്കി സ്വർണ്ണക്കട്ടയാക്കിയ നിലയിൽ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
ഓൺലൈൻ ട്രേഡിംഗിലുണ്ടായ ഭീമമായ കടം വീട്ടാനാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ, ശ്രദ്ധ തിരിക്കാനായി പ്രതി പല നാടകങ്ങളും കളിച്ചു.
തൻ്റെ വീട്ടിൽ ആരോ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീയിടാൻ ശ്രമിച്ചെന്നും, മറ്റൊരിക്കൽ തന്നെ അജ്ഞാതൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ഇയാൾ കള്ളക്കഥകൾ പ്രചരിപ്പിച്ചു. എന്നാൽ പോലീസിൻ്റെ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു.
മാള പോലീസ് ഇൻസ്പെക്ടർ സജിൻ ശശി, സബ് ഇൻസ്പെക്ടർമാരായ കെ.ടി. ബെന്നി, എം.എസ്.
വിനോദ് കുമാർ, കെ.ആർ. സുധാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ഡി.
ദിബീഷ്, വി.ജി. സനേഷ്, ടി.എസ്.
ശ്യാംകുമാർ, സി.ജെ. ജമേഴ്സൺ, സിവിൽ പോലീസ് ഓഫീസർമാരായ ഐ.യു.
ഹരികൃഷ്ണൻ, ഇ.ബി. സിജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]