കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വലിയ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ദേശീയപാതാ വികസനം മുന്നോട്ട് പോകുമ്പോൾ, പദ്ധതിയുടെ ഏറ്റവും ഗുണഫലം അനുഭവിക്കേണ്ടിയിരുന്ന കാഞ്ഞങ്ങാടുള്ള കാസർകോട് ജില്ലാ ആശുപത്രിക്കുണ്ടായത് വലിയ തിരിച്ചടി. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട
ആശുപത്രിയായ ഇവിടെ നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമില്ല. ആശുപത്രിക്ക് മുന്നിൽ മൂന്ന് മീറ്ററോളം താഴ്ചയിലാണ് ദേശീയപാത കടന്നുപോകുന്നത്.
ഈ പാതയിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കണമെങ്കിൽ ഒന്നുകിൽ ഒന്നര കിലോമീറ്ററിലേറെ തെക്കോട്ടോ (കൂളിയങ്കാൽ), അത്രത്തോളം ദൂരം വടക്കോട്ടോ(ചെമ്മട്ടംവയൽ) സഞ്ചരിക്കണം. ഇവിടങ്ങളിലുള്ള അടിപ്പാതകളിലൂടെ കറങ്ങിത്തിരിഞ്ഞാലേ ആശുപത്രിയിലേക്ക് എത്താൻ സാധിക്കൂ.
ഭാവിയിൽ ആശുപത്രിയിലെത്തുന്ന രോഗികളും ജീവനക്കാരും കിലോമീറ്ററുകളോളം വളഞ്ഞ് യാത്ര ചെയ്യേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
ഒരു ദിവസം ഒപി വിഭാഗത്തിൽ മാത്രം ആയിരത്തിന് മുകളിൽ രോഗികൾ ഇവിടെയെത്താറുണ്ട്. ഇത് 1500 വരെ പോകുന്ന ദിവസങ്ങളുമുണ്ട്.
ഇവരെ അനുഗമിച്ച് ആശുപത്രിയിലെത്തുന്നവരും ഉണ്ട്. 400 കിടക്കകളുള്ള കാത്ത് ലാബും സ്ട്രോക് യൂണിറ്റുമടക്കം സജ്ജീകരണങ്ങളുള്ള ആശുപത്രിയാണിവിടം.
ട്രോമ കെയർ സെൻ്റർ ഇവിടെ വികസിപ്പിക്കാനുള്ള പദ്ധതി സർക്കാരിൻ്റെ പരിഗണനയിലിരിക്കുകയാണ്. 50 ലേറെ ഡോക്ടർമാരും 70 ലധികം നഴ്സുമാരുമുള്ള ആശുപത്രിയിൽ ആകെ 450 ഓളം ജീവനക്കാർ നിലവിലുണ്ട്.
400 ഓളം ശസ്ത്രക്രിയകളും മാസം ഈ ആശുപത്രിയിൽ നടക്കാറുണ്ട്. ഇത്തരത്തിൽ 3000ത്തിലേറെ പേർ അനുദിനം എത്തുന്ന ആശുപത്രിയിലേക്കാണ് പുതിയ ദേശീയപാതയിൽ നിന്ന് നേരിട്ട് പ്രവേശനം നിഷേധിക്കപ്പെട്ടത്.
പകരം സർവീസ് റോഡ് ഉപയോഗിക്കേണ്ടി വരുമ്പോൾ അത്യാസന്ന നിലയിൽ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളുടെ ജീവൻ തുലാസിലാവുകയല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ദേശീയപാതയുടെ ഡിപിആർ തയ്യാറാക്കിയ ഘട്ടത്തിൽ ആശുപത്രിയുടെ മുമ്പിൽ നേരിട്ട് പ്രവേശനം നൽകുന്ന കാര്യം വ്യക്തമാക്കാതിരുന്നതാണ് പ്രതിസന്ധിയായത്.
പിന്നീട് ഇത് മനസിലാക്കിയപ്പോഴേക്കും വളരെ വൈകി. എന്നാൽ അതിന് ശേഷം പ്രശ്നം പരിഹരിക്കാനുള്ള ചില ശ്രമങ്ങൾ നടന്നെങ്കിലും ഫലവത്തായില്ല.
സാമ്പത്തിക പ്രയാസവും സാങ്കേതിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് എൻഎച്ച്എഐ മുഖം തിരിച്ചത്. ഒന്നര വർഷം മുൻപ് താൻ ചുമതലയേറ്റ ശേഷം പലവട്ടം ഈ ആവശ്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും എൻഎച്ച്എഐക്കും കത്തുകളയച്ചുവെന്നാണ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജീജ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പ്രതികരിച്ചത്.
‘ഇനി ഒന്നും സാധിക്കില്ലെന്നാണ് എൻഎച്ച്എഐ പറയുന്നത്. നിർമ്മാണം അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർക്കും ഇപ്പോൾ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ്,’- അവർ പറഞ്ഞു.
വിഷയത്തിൽ സ്ഥലം എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരൻ നാട്ടുകാർ ശക്തമായ സമരവുമായി രംഗത്ത് വന്നില്ലെന്ന് പഴിച്ചു. ‘മറ്റ് പലയിടത്തും സമാനമായ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നാട്ടുകാർ സംഘടിച്ചാണ് പരിഹാരം കണ്ടെത്തിയത്.
എന്നാൽ ഇവിടെ അതുണ്ടായില്ല. വിഷയത്തിൽ എന്ത് ചെയ്യാനാവുമെന്ന് ജില്ലാ കളക്ടറോട് ഒന്നുകൂടി ചർച്ച ചെയ്യാം,’ – അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയ ഘട്ടത്തിൽ മുനിസിപ്പാലിറ്റി ഭരിച്ച പ്രാദേശിക ഭരണകൂടത്തിൻ്റെ പിടിപ്പുകേടാണ് ഈ നിലയിലേക്കെത്തിച്ചതെന്ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെവി സുജാത ടീച്ചർ കുറ്റപ്പെടുത്തി. ഇതേ കാരണം ഉയർത്തിയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബേബി ബാലകൃഷ്ണനും സംസാരിച്ചത്.
‘കളക്ടറും താനുമടക്കം പലപ്പോഴായി എൻഎച്ച്എഐ അധികൃതരുമായി സംസാരിച്ചു. പക്ഷെ ചെലവ് കൂടുമെന്നും സാങ്കേതികമായി സാധ്യമല്ലെന്നുമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം,’ – അവർ പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ നടപ്പാലം ജില്ലാ ആശുപത്രിക്ക് മുന്നിൽ ആശുപത്രിയുടെ തറനിരപ്പിൽ നിന്ന് മൂന്ന് മീറ്ററോളം താഴ്ത്തിയാണ് ദേശീയപാത നിർമിക്കുന്നത്. അതിനാൽ തന്നെ റോഡിൻ്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് രോഗികൾക്കടക്കം കടന്നുപോകാൻ ഒരു നടപ്പാലം നിർമിക്കാനുള്ള ധാരണയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ഇതിൻ്റെ ചെലവ് തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കുകയെന്നാണ് വിവരം. അത് ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ഡോ.ജീജയും കെവി സുജാത ടീച്ചറും ഉറപ്പിച്ചുപറയുന്നു.
എങ്കിലും റോഡ് മുറിച്ചുകടക്കാൻ നൂറ് കണക്കിന് രോഗികൾക്ക് ഇത് സഹായകരമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. പരാധീനതകൾ ഏറെയുള്ള കാസർകോട് ജില്ലയിൽ ആതുരശുശ്രൂഷ രംഗത്ത് ജില്ലാ ആശുപത്രി രോഗികൾക്ക് അനുഗ്രഹമായിരുന്നു.
ദേശീയപാതയോരത്ത് ആർക്കും വേഗത്തിൽ ആശ്രയിക്കാവുന്ന ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയാണിത്. ശൈശവ ദശയിലുള്ള കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജുമായും ജില്ലയിലെ സ്വകാര്യ ആശുപത്രികളുമായും താരതമ്യം ചെയ്യുമ്പോൾ ഏറെ മുന്നിലാണ് കാഞ്ഞങ്ങാട്ടെ ഈ ജില്ലാ ആശുപത്രി.
എന്നിട്ടും ദേശീയപാതാ വികസനത്തിൻ്റെ ഗുണഫലം ആശുപത്രിക്ക് ലഭിക്കാതെ പോയത് ആരുടെ തെറ്റെന്ന ചോദ്യം ബാക്കിയാവുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]