
തിരുവനന്തപുരം: ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിൽ. കെഎസ്ആർടിസി ബസിൽ സഹയാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് ഹാസ്യനടൻ ബിനു ബി. കമാൽ അറസ്റ്റിലായത്. സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.
തിരുവനന്തപുരത്തുനിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറി. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വച്ചതോടെ വട്ടപ്പാറ ജങ്ഷനിൽ ബസ് നിർത്തി. ബസ് നിർത്തിയതോടെ പ്രതി ബസിൽനിന്ന് ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചു. സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു.