
ദില്ലി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തട്ടുപൊളിപ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അഫ്ഗാന് ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വേഗത്തിലാണ് ഇന്ത്യ അടുക്കുന്നത്. അതിന് നന്ദി പറയേണ്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തന്നെയാണ്. ആദ്യ പത്ത് ഓവറില്‍ രോഹിത് അടിച്ചെടുത്തത് 76 റണ്‍സാണ്. ഏകദിനത്തില്‍ ഇതൊരു ഇന്ത്യന്‍ റെക്കോര്‍ഡാണ്. ആദ്യ പത്ത് ഓവറില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത സ്കോറെന്ന നേട്ടാണ് രോഹിത്തിനെ തേടിയെത്തിയത്.
ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പയെയാണ് രോഹിത് മറികടന്നത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 70 റണ്‍സാണ് ഉത്തപ്പ നേടിയിരുന്നത്. സച്ചിന് ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2003ല്‍ പാകിസ്ഥാനെതിരെ സച്ചിന് ഒറ്റയ്ക്ക് 60 റണ്‍സ് നേടിയിരുന്നു. 2008ല്‍ ശ്രീലങ്കയ്ക്കെതിരെ സെവാഗും 60 റണ്‍സ് നേടി. 2011ല്‍ ബംഗ്ലാദേശിനെതിരെ 59 റണ്‍സ് നേടിയതും സെവാഗ് തന്നെ.
നേരത്തെ, ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് ലഭിച്ചത്. 63 റണ്‍സെടുക്കുന്നതിനെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വിട്ടുകൊടുക്കേണ്ടിവന്നു. ആദ്യ മൂന്ന് താരങ്ങളും നിരാശപ്പെടുത്തി. ഇബ്രാഹിം സദ്രാന് (22), റഹ്മാനുള്ള ഗുര്‍ബാസ് (21), റഹ്മത്ത് ഷാ (16) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സദ്രാനെ, ജസപ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 13-ാം ഓവറില്‍ ഗുര്‍ബാസിനെ ഹാര്‍ദിക് പാണ്ഡ്യയും മടക്കി.
റഹ്മത്ത് ആവട്ടെ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഷാഹിദി – ഓമര്‍സായ് സഖ്യം അഫ്ഗാനെ കരകയറ്റുകയായിരുന്നു. 20 ഓവറില്‍ കൂടുതല്‍ ബാറ്റ് ചെയ്ത ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. ഷാഹിദി കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഷാഹിദിയുടെ ഇന്നിംഗ്സ്. പിന്നീട് മുഹമ്മദ് നബിക്കൊപ്പം (41) റണ്‍സ് കൂട്ടിര്‍ത്ത് ഒമര്‍സായ് മടങ്ങി.
നബിയെ, ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാന് (2), റാഷിദ് ഖാന് (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുജീബ് ഉര് റഹ്മാന് (10), നവീന്‍ ഉള് ഹഖ് (9) പുറത്താവാതെ നിന്നു. ഷാര്‍ദുല്‍, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഒമ്പത് ഓവറില്‍ 76 റണ്‍സ് വഴങ്ങിയ സിറാജിന് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]