
ദില്ലി: യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലില് നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്കിയിരിക്കുന്നത്. ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇസ്രയേലിൽ കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യാക്കെരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ അജയിൻ്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്നും അദ്ദേഹം വിവരിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നെന്നും എല്ലാവരെയും ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നു എംബസി അറിയിച്ചു.
പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്ാ. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചിട്ടുണ്ട്.
ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന് ശക്തമായ പിന്തുണ ആവർത്തിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ ഈ നിലപാടിൽ ചില അറബ് രാജ്യങ്ങൾക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ കനത്ത ആക്രമണം തുടരുന്നതിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് അറബ് രാജ്യങ്ങളടക്കം ചൂണ്ടികാട്ടുന്നത്. ഇസ്രയേലിനൊപ്പം നില്ക്കുന്നു എന്ന് പ്രധാനമന്ത്രി രണ്ടുവട്ടം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഏകപക്ഷീയമായ നിലപാട് ഒഴിവാക്കണമെന്ന വികാരമാണ് ചില അറബ് രാജ്യങ്ങളുടെ പ്രതിനിധികൾ പ്രകടിപ്പിക്കുന്നത്.
Last Updated Oct 12, 2023, 1:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]