
പത്തനംതിട്ട- നെല്ലിക്കാലായിൽനിന്നും ഒമ്പതു വർഷം മുമ്പ് കാണാതായ സരോജിനിയുടെ കൊലപാതകത്തിന്റെ തുമ്പു തേടി ക്രൈംബ്രാഞ്ച് സംഘം വിയ്യൂർ ജയിലിലെത്തി നരബലി കേസിലെ പ്രതികളെ ചോദ്യം ചെയ്തു. 2014 സെപ്തംബർ 15നാണ് പത്തനംതിട്ട കുളനട ആറന്മുള റോഡരികിൽ പൈവഴിയിൽ നിന്ന് 59 കാരി സരോജിനിയുടെ മൃതദേഹം കണ്ടെത്തിയത്.
പൈവഴി സ്കൂളിന് സമീപത്ത് നിന്ന് ആണ് മൃതദേഹം ലഭിച്ചത്. ഒരുദിവസം കഴിഞ്ഞുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ചു അർദ്ധരാത്രി വരെ പൈവഴിയിൽ പ്രവർത്തകർ അലങ്കാരങ്ങളുമായി ഉണ്ടായിരുന്നു. അവർ പോയ ശേഷമായിരിക്കാം മൃതദേഹം കൊണ്ടുതള്ളിയത്. കേസുമായി ബന്ധപ്പെട്ടു മൂന്നു പേരെയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാൻ പത്തനംതിട്ട ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം അഡീഷനൽ സെഷൻസ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അപേക്ഷയിൽ നരബലി കേസിലെ കൊലപാതങ്ങൾക്ക് സമാനമാണ് സരോജിനിയുടേതും എന്നതിന് വ്യക്തമായ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നന്നത്.
പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ 46 മുറിവുകൾ കണ്ടെത്തി. മുറിവുകളിൽനിന്നും രക്തം വാർന്നായിരുന്നു മരണം സംഭവിച്ചത്. കേസ് ആദ്യം ലോക്കൽ പോലീസും, 2018 മുതൽ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
ഇതിനിടയിലാണ് കഴിഞ്ഞവർഷം നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. പ്രതികൾക്കെതിരെ രണ്ടു കേസുകളും രജിസ്റ്റർ ചെയ്തു. ഈ കൊലപാതകങ്ങൾക്ക് സമാനമാണ് സരോജിനിയുടേതുമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സരോജിനിയെ കാണാതായ സമയത്ത് നരബലി കേസ് പ്രതി ഭഗവത് സിങിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അന്ന് വൈകിട്ട് ആറുമണിക്കും രാത്രി 11 നും ഇടയിൽ ഇയാൾ സംശയകരമായ കോളുകൾ ചെയ്തതായി കണ്ടെത്തി. നരബലി കേസിലെ ഇരകളായ രണ്ട് സ്ത്രീകളുടെ സമാനമായ പ്രായവും ജീവിത സാഹചര്യവുമായിരുന്നു സരോജിനിയുടേതും. അതുകൊണ്ടുതന്നെ സമാനമായ ലക്ഷ്യത്തിനു വേണ്ടിയുള്ള കൊലപാതകം ആയിരുന്നോ സരോജിനിയുടേതുമെന്ന് കണ്ടെത്തണമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. സരോജിനി കേസിൽ തുമ്പുണ്ടായാൽ നരബലിയിൽ കൂടുതൽ ഇരകൾ തുടർ വർഷങ്ങളിലുണ്ടായിട്ടുണ്ടാകാം എന്ന സാധ്യത ക്രൈംബ്രാഞ്ച് മുന്നിൽ കാണുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]