
ചരിത്രത്തിൽ താല്പര്യമുള്ളവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ തുർക്കിയിലെ ഈ പുരാതന നഗരം നിങ്ങളിൽ തീർച്ചയായും അത്ഭുതമുണ്ടാക്കുന്ന ഒന്നായിരിക്കും. കാരണം, ലോകത്തിലെ പുരാവസ്തു ഗവേഷകരെ പോലും ഞെട്ടിച്ച ഒന്നായിരുന്നു അതിന്റെ കണ്ടെത്തൽ. അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. അത്രയേറെ വികസിതമായിരുന്നു ആ നഗരം. ‘ലോകത്തിലെ തന്നെ ഏറ്റവും വികസിതമായ പുരാതന ഭൂഗർഭ നഗരം’ എന്ന് വേണമെങ്കിൽ പറയാം.
ആ ഗുഹയിൽ ആധുനിക കാലത്തേതിന് സമാനമായ അടുപ്പുകൾ, നിലവറകൾ ഒക്കെ കണ്ടെത്തിയിട്ടുണ്ട്. തുർക്കിയിലെ തന്നെ പുരാവസ്തു ഗവേഷകരാണ് ഈ നഗരം കണ്ടെത്തിയത്. റോമൻ സാമ്രാജ്യത്തിന്റെ കാലത്ത് ഒരു അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്നതായിരിക്കാം ഈ നഗരം എന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്. Sarayini എന്നാണ് ഈ നഗരത്തിന് പേരിട്ടിരിക്കുന്നത്. ഇവിടെ, ധാരാളം ഭൂഗർഭ അറകളും വഴികളും ഒക്കെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് 215,278 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.
30 മുറികളടങ്ങിയ വളഞ്ഞു പുളഞ്ഞ വഴികൾ ഉൾക്കൊള്ളുന്ന ഈ പുരാതന നഗരം കണ്ടെത്തിയത് കോന്യയ്ക്ക് സമീപത്തായിട്ടാണ്. എട്ടാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ പീഡനം ഭയന്നും റോമൻ സൈന്യത്തിന്റെ അക്രമത്തിൽ നിന്നും രക്ഷനേടാനും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇവിടെ അഭയം തേടിയിരുന്നു. അന്ന് അങ്ങനെ 20,000 -ത്തോളം പേർ ഇവിടെ വസിച്ചിരുന്നു എന്നാണ് കരുതുന്നത്.
ഈ നഗരത്തിൽ, അടുപ്പ്, ചിമ്മിനി, നിലവറകൾ, സ്റ്റോറേജ് ഏരിയകൾ, വിളക്കുകൾ വയ്ക്കുന്നതിനായുള്ള സ്റ്റാൻഡുകൾ, വെന്റിലേഷൻ സംവിധാനം, കിണർ ഒക്കെ ഉണ്ടായിരുന്നു. ഈ സൈറ്റിൽ ജോലി ചെയ്തിരുന്ന പുരാവസ്തു ഗവേഷകർ ഇത്ര വലിയ ഒരു പ്രദേശം ഇതിനകത്ത് ഉണ്ടായിരിക്കും എന്ന് കരുതിയിരുന്നില്ല എന്ന് ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തുഗവേഷകൻ ഹസൻ ഊസ് പറയുന്നു.
വളരെ ഉയർന്ന ജീവിതനിലവാരമാണ് ഇവിടെയുണ്ടായിരുന്നവർ നയിച്ചിരുന്നത് എന്നതിനാൽ തന്നെ ഇതിനെ കൊട്ടാരത്തിനോടാണ് പുരാവസ്തു ഗവേഷകർ ഉപമിച്ചിരിക്കുന്നത്. അതിനാൽ തന്നെയാണ് ഇതിന് കൊട്ടാരം എന്ന് അർത്ഥം വരുന്ന Sarayini എന്ന പേര് നൽകിയത്. കഴിഞ്ഞ രണ്ട് വർഷമായി ഈ സൈറ്റിൽ ഖനനം നടക്കുന്നുണ്ട് എങ്കിലും വളരെ വലിയ പ്രദേശമായതിനാൽ തന്നെ ഇതുവരെ അത് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 11, 2023, 10:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]