തിരുവനന്തപുരം∙ സംസ്ഥാനത്ത് വോട്ടര്‍പട്ടിക പരിഷ്കരണത്തിനുള്ള സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) സാങ്കേതികമായി ആരംഭിച്ചുകഴിഞ്ഞുവെന്നും
തീരുമാനം വരുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍.
യോഗ്യതയുള്ള എല്ലാ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും അല്ലാത്തവരെ ഒഴിവാക്കാനുമാണ് എസ്ഐആര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തി രേഖകള്‍ പരിശോധിച്ച് പുതിയ വോട്ടര്‍ പട്ടികയ്ക്കു രൂപം നല്‍കുകയാണ് എസ്ഐആറില്‍ ചെയ്യുന്നത്. ഇതോടെ ഇരട്ടവോട്ട് ഇല്ലാതാക്കല്‍, പേര് ഒഴിവാക്കല്‍ എന്നിവ സുഗമമാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
നടപടികള്‍ സുതാര്യവും ലളിതവുമായിരിക്കുമെന്നും യാതൊരു ആശങ്കയുടെയും കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗ്യതയുള്ള ഒരാളും പട്ടികയില്‍നിന്ന് ഒഴിവാകില്ല.
തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര കമ്മിഷന് സമയക്രമം എത്രയും പെട്ടെന്നു നല്‍കുമെന്നാണ് കരുതുന്നത്.
2002ല്‍ അവസാനമായി നടത്തിയ എസ്ഐആര്‍ പട്ടിക അടിസ്ഥാനപ്പെടുത്തിയായിരിക്കും നടപടികള്‍.
അന്നത്തെ പട്ടികയും 2025ലെ പട്ടികയും തമ്മില്‍ താരതമ്യപ്പെടുത്തും. പാലക്കാട് രണ്ട് ബിഎല്‍ഒമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പട്ടിക താരതമ്യപ്പെടുത്തിയപ്പോള്‍ 80 ശതമാനത്തിലധികം പേരും ഇപ്പോഴത്തെ പട്ടികയിലുമുണ്ട്.
അത്രയും പേര്‍ക്ക് രേഖകള്‍ വീണ്ടും നല്‍കേണ്ടതില്ല. എല്ലാ ബിഎല്‍ഒമാരും ബാക്കിയുള്ളവരുടെ രേഖകള്‍ പരിശോധിച്ച് മൂന്നു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
20ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]