വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരുക്കേറ്റ ജൻസണ്‍ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. ശ്രുതി അപകട നില തരണം ചെയ്തു, പക്ഷെ ജൻസന്റെ മരണ വിവരം എങ്ങനെ അറിയിക്കുമെന്ന് അറിയില്ലെന്ന് ജൻസന്റെ ബന്ധു അഖിൽ 24നോട് പറഞ്ഞു.
8.57നാണ് ജൻസൺ ഞങ്ങളെ വിട്ടുപിരിഞ്ഞത്. അതിന്റെ ഒരു ഷോക്കിലാണ് ഞങ്ങൾ. ശ്രുതി അപകട നില തരണം ചെയ്തു, പക്ഷെ ജൻസന്റെ മരണവിവരം ശ്രുതിയെ എങ്ങനെ അറിയിക്കും എന്ന ആശങ്കയിലാണ്.ശ്രുതി 15 കിലോമീറ്റർ അപ്പുറമുള്ള ആശുപത്രിയിലാണ്. ശ്രുതിക്ക് ഒരു സർജറി കഴിഞ്ഞു. ബ്ലഡ് നൽകിവരുന്നു. ശ്രുതിയെ ഇവിടെ കൊണ്ടുവരാൻ ഞങ്ങൾ നോക്കി പക്ഷെ സാങ്കേതിമായും അത് നടക്കില്ല. ശ്രുതിക്ക് മാനസിക പിന്തുണ നൽകി തിരികെ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യമെന്നും അഖിൽ പറഞ്ഞു.
ഇന്നലെ വൈകുന്നേരം കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ അമ്മയെയും അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജൻസൺ.
ജൻസൻ്റെ ആരോഗ്യനില ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. വെൻ്റിലേറ്ററിൽ തുടരുന്ന ജെൻസണ് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ജൻസണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് ജൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം.
Story Highlights : Jenson Friend about Accident death
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]