

First Published Sep 11, 2024, 7:22 PM IST | Last Updated Sep 11, 2024, 7:22 PM IST
മുംബൈ: വിരാട് കോലിയും ബാബര്‍ അസമും ജസ്പ്രീത് ബുമ്രയും ഷഹീന് ഷാ അഫ്രീദിയുമെല്ലാം ഒരു ടീമില്‍ കളിക്കുന്ന സ്വപ്ന ടീമിനെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കു. അത്തരമൊരു മത്സരം കാണാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ നടത്തിയിരുന്ന വന്‍കര ചാമ്പ്യൻഷിപ്പായ ആഫ്രോ-ഏഷ്യ കപ്പിനാണ് വീണ്ടും ജീവന് വെക്കുന്നത്.
2005ലാണ് ആദ്യ ആഫ്രോ-ഏഷ്യ കപ്പ് നടന്നത്. അന്ന് ഏഷ്യൻ ഇലവനില്‍ കളിച്ചത് വീരേന്ദര്‍ സെവാഗ്, ഇര്ഫാന് പത്താന്, ഇന്‍സമാം ഉള് ഹഖ്, സഹീര്‍ ഖാന്, ഷൊയ്ബ് അക്തര്‍, അനില്‍ കുംബ്ലെ, ഷാഹിദ് അഫ്രീദി, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ എന്നിവരൊക്കെയായിരുന്നു. ആഫ്രിക്കക്കായി ഡിവില്ലിയേഴ്സും ഷോണ്‍ പൊള്ളോക്കും ജാക്വിസ് കാലിസും തദേന്ത തയ്ബുവുമെല്ലാം ഒരുമിച്ച് കളിച്ചു. 2007ല്‍ രണ്ടാമത്തെ ടൂര്ണമെന്റെും അരങ്ങേറി. സൗരവ് ഗാംഗുലിയും യുവരാജ് സിംഗും എം എസ് ധോണിയുമെല്ലാം കളിച്ച ടൂര്‍ണമെന്റിലെ മൂന്നാം ഏകദിനത്തില്‍ ധോണി 97 പന്തില്‍ 139 റണ്‍സടിച്ചു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് മുടങ്ങിപ്പോയ ടൂര്ണമെന്റിനാണ് ഇപ്പോള്‍ വീണ്ടും ജീവന്‍വെക്കുന്നത്.
ടി20 ഫോര്‍മാറ്റില്‍ വീണ്ടും ആഫ്രോ ഏഷ്യൻ കപ്പ് നടത്തുന്നതിനെത്തുറിച്ചാണ് സംഘാടകര്‍ ആലോചിക്കുന്നത്. 2005ല്‍ നടന്ന ആഫ്രോ-ഏഷ്യാ കപ്പ് 1-1 സമനിലയില്‍ പിരിഞ്ഞപ്പോള്‍ 2007ല്‍ ഒരു ടി20യും രണ്ട് ഏകദിനങ്ങളുമടങ്ങിയ പരമ്പര ഏഷ്യൻ ഇലവന് തൂത്തുവാരിയിരുന്നു. ഏഷ്യൻ ഇലവനില്‍ ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളിലെ താരങ്ങളാണ് അണിനിരന്നതെങ്കില്‍ ഇത്തവണ അഫ്ഗാനിസ്ഥാന്, നേപ്പാള്‍ തുടങ്ങിയ ടീമുകളിലെ താരങ്ങള്‍ക്കും അവസരം നല്‍കേണ്ടിവരും. ആഫ്രിക്കന്‍ ടീമിന് ദക്ഷിണാഫ്രിക്ക, സിംബാബ്വെ, കെനിയ ടീമുകളിലെ താരങ്ങളായിരുന്നു അന്ന് കളിച്ചത്.
ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന് മുന്‍ തലവന്‍ സുമോദ് ദാമോദറാണ് ആഫ്രോ-ഏഷ്യ കപ്പ് വീണ്ടും നടത്തുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ആഫ്രോ-ഏഷ്യാ കപ്പിന് തുടര്ച്ചയുണ്ടാവാതിരുന്നതില് തനിക്കേറെ ഖേദമുണ്ടെന്നും പുതിയ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് ടി20 ഫോര്‍മാറ്റില്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഐസിസിയുടെ നിയുക്ത ചെയര്‍മാനായ ജയ് ഷായുടെയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് വികസന കമ്മിറ്റി തലവനായ മഹിന്ദ വള്ളിപുരത്തിന്റെയും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുമോദ് ദാമോദര്‍ പറഞ്ഞു.
ടൂര്‍ണമെന്റ് നടന്നാല്‍ സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവര്‍ ബാബര്‍ അസം മുഹമ്മദ് റിസ്വാന്, ഷഹീന് അഫ്രീദി എന്നിവര്‍ക്കൊപ്പം കളിക്കുന്നത് കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]