തിരുവനന്തപുരം: പുതുപ്പള്ളിയിലെ തരംഗം നിലനിർത്തി ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങാൻ കെപിസിസി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയോടുള്ള സ്നേഹത്തോടൊപ്പം സർക്കാർ വിരുദ്ധ വികാരവും വോട്ടായെന്നാണ് കെപിസിസി ഭാരവാഹി യോഗത്തിൻ്റെ വിലയിരുത്തൽ. മണ്ഡലം പുനഃസംഘടന 20 നുള്ളിൽ തീർക്കാൻ ഡിസിസികൾക്ക് കെപിസിസി അധ്യക്ഷൻ അന്ത്യശാസനം നൽകി.
പുതുപ്പള്ളി ഊർജ്ജവുമായി മുന്നോട്ട് പോകാനുള്ള ദൗത്യത്തിനാണ് കെപിസിസി രൂപം നൽകിയത്. ഉമ്മൻചാണ്ടിക്കുള്ള ഹൃദയം കൊണ്ടുള്ള ആദരവായിരുന്നു ഫലം. ഒപ്പം സംസ്ഥാന സർക്കാറിനെതിരായ വിധിയെഴുത്തും. ഇടത് സർക്കാറിനെതിരെ സംസ്ഥാനത്താകെ ജനവികാരം അലയടിക്കുന്നുവെന്നാണ് കെപിസിസി വിലയിരുത്തൽ. ഈ ഐക്യം തുടർന്നാൽ വരുന്ന മൂന്ന് സഭ തെരഞ്ഞെടുപ്പുകളിലും വൻവിജയമുണ്ടാകുമെന്നാണ് കെപിസിസിയുടെ കണക്ക് കൂട്ടൽ. സർക്കാറിനെതിരായ പ്രതിഷേധം ആഞ്ഞുപിടിക്കും. തിരിച്ചുവരൽ മിഷന്റെ ആദ്യപടിയായി വോട്ടേഴ്സ് ലിസ്റ്റിൽ അതിവേഗം എല്ലായിടത്തും പേര് ചേർക്കാൻ നിർദ്ദേശം നൽകി. മണ്ഡലം പ്രസിഡണ്ടുമാരുടെ പുനഃസംഘടനക്ക് 20 നുള്ളിൽ തീർക്കാനും കെപിസിസി അധ്യക്ഷൻ അന്ത്യശാസനം നൽകി.
ഇടത് കേന്ദ്രങ്ങളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു കൊണ്ടായിരുന്നു 37,719 വോട്ടിന്റെ ത്രസിപ്പിക്കുന്ന വിജയം ചാണ്ടി ഉമ്മൻ സ്വന്തമാക്കിയത്. അയർകുന്നത്തെണ്ണിയ ആദ്യ ബൂത്തു മുതലേ ചാണ്ടി തന്നെ ചാമ്പ്യനെന്ന് വ്യക്തമായിരുന്നു. ആദ്യ റൗണ്ടിൽ 2816 ഉം രണ്ടാം റൗണ്ടിൽ 2671 ഉം മൂന്നാം റൗണ്ടിൽ 2911 ഉം ലീഡ് നേടി. അഞ്ചാം റൗണ്ട് എത്തിയപ്പോഴേക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും കടന്ന് ചാണ്ടിയുടെ ലീഡ് പതിനായിരത്തിൽ തൊട്ടു. ഒടുവിൽ 2011 ൽ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കോർഡ് ഭൂരിപക്ഷവും ചാണ്ടിയുടെ കുതിപ്പിൽ പഴങ്കഥയായി.
അതേസമയം, പുതുപ്പള്ളിയിലെ തോൽവിക്ക് പിന്നില്‍ ഭരണ വിരുദ്ധ വികാരം അല്ലെന്നാണ് സിപിഐ വിലയിരുത്തുന്നത്. സഭകൾ കൈവിട്ടു. 2021 ൽ കിട്ടിയ ഓർത്ത്ഡോക്സ് യാക്കോബായ വോട്ടിൽ കുറവുണ്ടായി. മുന്നണി വോട്ടിൽ കുറവുണ്ടായിട്ടില്ലെന്നും പാര്‍ട്ടി വിലയിരുത്തി. പുതുപ്പള്ളിയിലെ തോൽവിയെക്കുറിച്ച് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി എൻ വാസവനും രംഗത്തെത്തി.
Last Updated Sep 12, 2023, 7:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]