കോഴിക്കോട്- അർദ്ധരാത്രി നടുറോഡിൽ യുവതിക്കും കുടുംബത്തിനും നേരെ അക്രമം നടത്തിയ സംഭവത്തിൽ എസ്.ഐയെ സസ്പെന്റു ചെയ്തു. കോഴിക്കോട് നടക്കാവ് എസ്.ഐ. വി.കെ. വിനോദ് കുമാറിനെയാണ് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ സസ്പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം എസ്.ഐക്കും കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ യുവതിയുടെ പരാതിയിൽ കാക്കൂർ പോലീസ് കേസെടുത്തിരുന്നു. സൈക്കോളജിസ്റ്റായ കോഴിക്കോട് അത്തോളി കോളിയോട്ട് താഴം അഫ്ന അബ്ദുൽ നാഫി (30) ആണ് പരാതിക്കാരി. ഇവർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കോഴിക്കോട് അത്തോളിക്കടുത്ത കൊളത്തൂരിലായിരുന്നു സംഭവം. മുക്കം ഭാഗത്ത് നിന്ന് കുടുംബ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു അഫ്നയും കുടുംബവും. ഭർത്താവ് അബ്ദുൽ നാഫിയാണ് വണ്ടിയോടിച്ചിരുന്നത്. നാല് കുട്ടികളടക്കം എട്ടുപേർ വണ്ടിയിലുണ്ടായിരുന്നു.
അഫ്നയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ എതിർ ദിശയിൽ വന്ന വാഹനം ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. എതിരെ വന്ന യുവാക്കാൾ മോശമായി സംസാരിച്ചതിനെ തുടർന്ന് പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ യുവാക്കൾ തന്നെ പോലീസിനെ വിളിക്കുകയിരുന്നു. തുടർന്നാണ് നടക്കാവ് എസ്.ഐ വിനോദും സുഹൃത്തുക്കളും സ്ഥലത്ത് എത്തിയത്. ബൈക്കുകളിൽ എത്തിയ എസ്.ഐയും സംഘവും കാറിന്റെ ഡോർ ബലമായി തുറന്ന്
ഭർത്താവിനെ കാരണമില്ലാതെ മർദിക്കുകയായിരുന്നുമവെന്ന് അഫ്ന. തടയാൻ ചെന്ന എസ്.ഐയും സുഹൃത്തുക്കളും തന്നെയും ക്രൂരമായി മർദിച്ചു. മദ്യ ലഹരിയിലായിരുന്ന എസ്.ഐ വിനോദ് തന്നെ കടന്നു പിടിക്കുകയും മാറിടങ്ങളിലും സ്വകാര്യ ഭാഗങ്ങളിലും മർദിക്കുകയും ചെയ്തുവെന്ന് അഫ്ന പറഞ്ഞു. വിനോദിന്റെ കൂടെയുണ്ടായിരുന്ന ആൾ അഫ്നയുടെ കൈകളിലും മറ്റും കടിച്ച് പരിക്കേൽപിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
കാറിലുണ്ടായിരുന്ന കുട്ടികളെയും സംഘം മർദിച്ചു. പരിഭ്രാന്തരായ കുടുംബം പോലീസിൽ അറിയിച്ചതിനെ തുടർന്ന് കാക്കൂർ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നാണ് അഫ്നയും കുടുംബവും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽചികിത്സ തേടിയത്. ഭർത്താവടക്കം മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ അഫ്നയെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
അതേസമയം സംഭവത്തിൽ അഫ്നയുടെ കാറിനെതിരെ വന്ന വണ്ടിയിലെ യാത്രക്കാരായ വിഷ്ണു, അനന്തു എന്നിവരുടെ പരാതിയിലും കേസെടുത്തതായി കാക്കൂർ സി.ഐ.എം. സനൽ പറഞ്ഞു. ഇരുവരേയും അഫ്നയുടെ ഭർത്താവ് അബ്ദുൽ നാഫി മർദിച്ചെന്നാണ് പരാതി.
വിഷ്ണുവും അനന്തവും എസ്.ഐ പങ്കെടുത്ത വിവാഹപാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. എസ്.ഐ വിനോദ്കുമാറിന്റെ ബന്ധുവീട്ടിലായിരുന്നു വിവാഹാഘോഷ പാർട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]