
കൊളംബോ: വിരാട് കോലിയെ കിംഗ് ഓഫ് കൊളംബോ എന്ന് വിളിച്ചാല്‍ ആരും അത്ഭുതപ്പെടില്ല. കാരണം, കോലിയും കൊളംബോ പ്രേമദാസ സ്റ്റേഡിയവും തമ്മിലുള്ള ബന്ധം അത്രമാത്രം വലുതാണ്. ഏഷ്യാ കപ്പില്‍ പല്ലെക്കല്ലെയില്‍ പാക്കിസ്ഥാനെതിരെ ഷഹീന് അഫ്രീദിക്ക് മുമ്പില്‍ മുട്ടുമടക്കി നിരാശപ്പെടുത്തിയ കോലി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ ശരിക്കും കിംഗായി.
കരിയറിലെ 47-ാംഏകദിന സെഞ്ചുറി തികച്ച കോലി 84 പന്തിലാണ് മൂന്നക്കം കടന്നത്. 55 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലിക്ക് സെഞ്ചുറിയിലെത്താന്‍ പിന്നീട് വേണ്ടിവന്നത് 29 പന്തുകള്‍ മാത്രം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ വിരാട് കോലിയുടെ തുടര്‍ച്ചയായ നാലാം സെഞ്ചുറിയാണിത്.
ഏകദിന ക്രിക്കറ്റില്‍ 13000 റണ്‍സ് പൂര്‍ത്തിയാക്കിയ കോലി അതിവേഗം ഈ നേട്ടത്തിലെത്തുന്ന ബാറ്ററുമായി. ഏകദിനത്തില്‍ അതിവേഗം 8000, 9000, 10000, 11000, 12000 റണ്‍സ് തികച്ച ബാറ്ററും വിരാട് കോലിയാണ്. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഐതിഹാസിക പോരാട്ടത്തിനുശേഷം മറ്റൊരു മാസ്റ്റര്‍ ക്ലാസ് പെര്‍ഫോര്‍മന്‍സ് പുറത്തെടുത്ത കോലി 94 പന്തില്‍ മൂന്ന് സിക്സും ഒമ്പത് ഫോറും പറത്തി 122 റണ്‍സുമായി അപരാജിതനായാണ് ക്രീസ് വിട്ടത്.
24.1 ഓവറില്‍ 147-2 എന്ന സ്കോറില്‍ റിസര്‍വ് ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സടിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 233 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ രാഹുലും കോലിയും ചേര്‍ന്ന് പാക് ബൗളര്‍മാരെ അടിച്ചുപറത്തി. രാഹുല്‍ 100 പന്തില്‍ ആറാം സെഞ്ചുറി തികച്ചപ്പോള്‍ കോലി 84 പന്തില്‍ 47ാം ഏകദിന സെഞ്ചുറി തികച്ചു.
Last Updated Sep 11, 2023, 7:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]