ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ ബുള്ളിഷ് മൂഡിലേയ്ക്ക് പ്രവേശിച്ചു. നിഫ്റ്റി മുൻവാരം വ്യക്തമാക്കിയ 19,800 പോയന്റിന്റെ പ്രതിരോധം തകർത്തത് കണക്കിലെടുത്താൽ സൂചിക വൈകാതെ 20,000-20,200 നെ ഉറ്റുനോക്കാം. പിന്നിട്ടവാരം ഇൻഡക്സുകൾ രണ്ട് ശതമാനം നേട്ടം സ്വന്തമാക്കിയ ആവേശത്തിൽ ഇന്ന് ഇടപാടുകൾ പുനരാരംഭിക്കും. പോയവാരം നിഫ്റ്റി 385 പോയന്റും സെൻസെക്സ് 1228 പോയന്റും മുന്നേറി.
ജി 20 ഉച്ചകോടിയിലെ തിളക്കം വിദേശ ഫണ്ടുകളിലെ നിക്ഷപ താൽപര്യം ഉയർത്താമെന്നത് ഓഹരി സൂചികയുടെ മുന്നേറ്റത്തിന് വേഗം നൽകാം. റഷ്യയെ നോവിക്കാതെ ഉക്രൈനെ സംരക്ഷിക്കാൻ നടത്തിയ സമാധാനപരമായ നീക്കവും ഫണ്ട് പ്രവാഹത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കാം. ഇതിനിടയിൽ കാലവർഷം ശക്തിപ്രാപിക്കുന്നത് കാർഷിക മേഖലയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം പണപ്പെരുപ്പം കുറയാനും അവസരം ഒരുക്കും.
സെൻസെക്സ് മുൻവാരത്തിലെ 65,387 ൽ നിന്നും 65,284 ലേയ്ക്ക് തളർന്ന ശേഷമാണ് മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. പിന്നിട്ട വാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധവും കടന്ന് 66,766 വരെ കയറിയ ശേഷം ക്ലോസിങിൽ 66,615 ലാണ്. ഈ വാരം 67,159 67,619 ലെ പ്രതിരോധം ഭേദിച്ചാൽ 67,703 നെ ലക്ഷ്യമാക്കും.
നിഫ്റ്റി 19,435 ൽ നിന്നുള്ള കുതിപ്പിൽ പ്രതിരോധങ്ങൾ തകർത്ത് നിർണായകമായ 19,842 പോയന്റും നിഫ്റ്റി ഭേദിച്ചു. ഒരവസരത്തിൽ സൂചിക 19,867 വരെ കയറിയ ശേഷം മാർക്കറ്റ് ക്ലോസിങിൽ 19,819 പോയന്റിലാണ്. ഈ വാരം 19,981 ലെ തടസ്സം മറികടന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ റെക്കോർഡ് പ്രകടനം വഴി 20,143 ലേയ്ക്ക് ചുവടുവെക്കാം. വിപണിയിലെ അനുകൂല തരംഗം ഒക്ടോബറിൽ നിഫ്റ്റിയെ 20,580 റേഞ്ചിലേയ്ക്ക് ഉയർത്താം. സെപ്റ്റംബർ സീരീസ് ഓപൺ ഇന്ററസ്റ്റ് 103.5 ലക്ഷത്തിൽ നിന്നും 111 ലക്ഷമായി ഉയർന്നത് ബുൾ ഓപറേറ്റർമാരുടെ വരവായി വിലയിരുത്താം.
ആഭ്യന്തര ഫണ്ടുകൾ വിപണിയുടെ തലങ്ങും വിലങ്ങും ഓടിനടന്ന് മികച്ച ഓഹരികൾ കൈപ്പിടിയിൽ ഒരുക്കാൻ കഴിഞ്ഞ വാരം മത്സരിച്ചു. ഇതിനിടയിൽ വിദേശ ഫണ്ടുകൾ കനത്ത വിൽപനയിലുടെ വിപണിയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചു. 9322 കോടി രൂപ വില വരുന്ന ഓഹരികൾ വിദേശ ഓപറേറ്ററമാർ വിറ്റു. ഡോളർ സൂചികയിലെ ഉണർവും ഒരു പരിധി വരെ അവരെ വിൽപനയ്ക്ക് പ്രേരിപ്പിച്ചു.
മുൻനിര ഓഹരിയായ എൽ ആന്റ് റ്റിയുടെ നിരക്ക് 7.43 ശതമാനം ഉയർന്ന് 2902 രൂപയിലെത്തി. എച്ച് സി എൽ ടെക് ആറ് ശതമാനം മികവിൽ 1262 രൂപയായി. വിപ്രോ, ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, എസ് ബി ഐ, ഇൻഡസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആർ ഐ എൽ, ടാറ്റാ മോട്ടേഴ്സ്, മാരുതി, സൺ ഫാർമ, എൽ ആന്റ്് റ്റി തുടങ്ങിയവയുടെ നിരക്ക് ഉയർന്നു.
രൂപയുടെ മൂല്യത്തിൽ വൻ ചാഞ്ചാട്ടം. ഡോളറിന് മുന്നിൽ രൂപ 83.71 ൽ നിന്നും 83.21 ലേയ്ക്ക് ദുർബലമായ അവസരത്തിൽ റിസർവ് ബാങ്കിന്റെ വിപണി ഇടപെടൽ മൂലം വാരാന്ത്യം രൂപ 82.94 ലാണ്. വിദേശ നാണയ കരുതൽ ശേഖരം സെപ്റ്റംബർ ഒന്നിന് അവസാനിച്ച വാരം 4.04 ബില്യൺ ഡോളർ ഉയർന്ന് 598.90 ബില്യൺ ഡോളറായി.
ഡോളർ സൂചികയിലെ മികവിനിടയിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കയറി. ഉൽപാദനം കുറക്കാൻ റഷ്യയും സൗദിയും നീക്കം നടത്തിയത് എണ്ണ വിപണിക്ക് ചൂടു പകർന്നു ജൂണിൽ ബാരലിന് 72 ഡോളറിൽ നീങ്ങിയ എണ്ണ വില ഇതിനകം 25 ശതമാനം ഉയർന്ന് 90 ഡോളറിലെത്തി. സൗദി പ്രതിദിനം ഒരു മില്യൺ ബാരൽ ഉൽപാദനം കുറച്ചു. ഡിസംബർ അവസാനം വരെ റഷ്യ കയറ്റുമതി നിയന്ത്രിക്കുമെന്ന് വ്യക്തമാക്കി.
ആഗോള സ്വർണ വില ട്രോയ് ഔൺസിന് 1939 ഡോളറിൽ നിന്നും 1954 വരെ കയറിയ ശേഷം 1918 ഡോളറിലാണ്. ഡോളർ മികവ് നേടുന്നത് സ്വർണ തിളക്കത്തിന് മങ്ങൽ ഏൽപിക്കാമെങ്കിലും ചൈനീസ് സാമ്പത്തിക മാന്ദ്യം മുൻനിർത്തി അവർ ഇറക്കുമതി ഉയർത്തിയത് വില തകർച്ചയെ തടയാം. 1880 ഡോളറിൽ തൽക്കാലികമായി സ്വർണത്തിന് താങ്ങുണ്ട്. കഴിഞ്ഞ മാസം ചൈനീസ് കേന്ദ്ര ബാങ്ക് 29 ടൺ സ്വർണം ശേഖരിച്ച വിവരമാണ് വാരാരംഭത്തിൽ സ്വർണത്തെ 1954 ഡോളറിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]