
കൗമാര വായനയുടെ വലിഞ്ഞുമുറുകലുകളില്ലാതെ കടന്നുപോയി ഇന്നത്തെ ഈ വായന. വാക്കുകളുടെ മാന്ത്രികതയാല്‍ പൊലിപ്പിച്ചെടുത്ത ദുര്‍ബലമായ ഒരു കഥാതന്തു, മനുഷ്യവിധിയുടെ, ബന്ധങ്ങളുടെ നിരര്‍ഥകതയിലുള്ള അമിത ഊന്നലുകള്‍, ഉപചാരങ്ങളില്‍ മാത്രമൊതുങ്ങുന്ന സുഹൃദ്ബന്ധങ്ങളുടെ നായിക, ഏകപക്ഷീയ ഗാര്‍ഹിക വിചാരണകള്‍ എന്നിവ ദൈനംദിന ജീവിതത്തിലെ മടുപ്പ് പോലെ, ലോലമായ നെടുവീര്‍പ്പുകളിലെ നിസ്സഹായത പോലെ ഇടയ്ക്ക് അരോചകമായും അനുഭവപ്പെട്ടു.. കാത്തിരിപ്പിന്റെ കഥയെന്ന് മലയാള സാഹിത്യത്തില്‍ ആഘോഷിക്കപ്പെട്ട
കൃതിയാണ് മഞ്ഞ്. കവിതപോലെ മഞ്ഞ് മുഴുവനും കാണാതെ പറയുന്നവരെ കണ്ടിട്ടുണ്ട്.
1964 -ല്‍ പുറത്തിറങ്ങിയ തന്റെയീ കൃതി നോവലല്ല നോവെല്ലയാണെന്ന് എം ടി തന്നെ പറയുന്നുണ്ട്. പരത്തി എഴുതാമായിരുന്നതിനെ കുറുക്കി എടുത്തത്.
ചുരുക്കിമുറുക്കിയെടുത്തത് പോരാഞ്ഞ് ഉരുളക്കിഴങ്ങ് ഗവേഷണവുമായി ബന്ധപ്പെട്ട സൂചനകള്‍ മുഴച്ചു നില്ക്കുന്നതായി തോന്നിയിരുന്നത്രേ എംടിക്ക്.
മഞ്ഞിനു ശേഷവും ഒരുപാട് ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട് ഈ ശൈലി. ആദ്യവായന ഞാനെന്റെ പതിമൂന്നാമത്തെയോ പതിനാലാമത്തെയോ വയസ്സിലാണ് ആദ്യമായി മഞ്ഞ് വായിക്കുന്നത്.
വിഷാദത്തിന്റെയും പ്രതീക്ഷയുടെയും നേര്‍ത്ത ഛവിയുള്ള സാന്ദ്രമൗനത്തിന്റേതായ ഒരനുഭവം ആ വായന സമ്മാനിച്ചത് ഓര്‍ക്കുകയാണ്. കാവ്യാത്മകതയുടെ രഹസ്യങ്ങളായ അന്തര്‍മുഖമായ അവതരണത്തിലും ആത്മാവിഷ്കാര ശൈലിയിലും മുങ്ങി പോയതും ഓര്‍മവരുന്നു.
രംഗബോധമില്ലാത്ത മരണത്തെക്കുറിച്ചും ഒന്നിന്നുവേണ്ടിയുമല്ലാതെ തോന്നുന്ന പ്രണയത്തെക്കുറിച്ചുമൊക്കെ എഴുതിയ വരികള്‍ ജീവിതത്തില്‍ പലവുരു കടന്നുവന്നിട്ടുണ്ട്. ‘വരുവാനില്ലാരുമിങ്ങൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും’ എന്ന വരികള്‍ ശോഭനയുടേതുപോലെ ഒരു വിമല ടീച്ചറുടെ മുഖവും മനസ്സില്‍ നിറച്ചിട്ടുണ്ട്.
വീണ്ടും വായിക്കുമ്പോള്‍ അങ്ങനെയുള്ള ‘മഞ്ഞാ’ണിപ്പോള്‍ കണ്മുന്നില്. ഏറെ കാലങ്ങള്‍ക്കുശേഷം, ഏറെ മാറിയൊരാളായി ‘മഞ്ഞ്’ വീണ്ടും വായിക്കുന്നു.
ഈ പുനര്‍വായന തീര്‍ത്തും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
പതിവ് വള്ളുവനാടന്‍ പശ്ചാത്തലത്തില്‍ നിന്നും മാറി, മഞ്ഞുപെയ്യുന്ന കുമയൂണ്‍ കുന്നിനു കീഴിലെ താഴ്വരയെന്ന കഥാപരിസരത്തെ, കഥാതന്തുവുമായി എം ടി എങ്ങനെ ഇഴചേര്‍ത്തിരിക്കുന്നു എന്ന ഒരു പരിശോധന.. എം ടി യുടെ ഭാഷയുടെ, രചനാശൈലിയുടെ വശ്യത തുളുമ്പുന്ന 80 പേജുകള്‍.
ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും കാമുകനെ കാത്തിരിക്കുന്ന വിമല എന്ന മുപ്പത്തിയൊന്നുകാരിക്കിണങ്ങുംവിധം ഏകാന്തതയുടെ ജാലകവിരികളിട്ട ഒരു ഹോസ്റ്റല്‍ മുറിയും വാര്ഡന് പദവിയും ചുറ്റിനും ചില കാത്തിരിപ്പിന്റെ കൂട്ടുകാരും.
പേരറിയാത്തൊരു അച്ഛനെ കാത്തിരിക്കുന്ന ബുദ്ദുവും മഞ്ഞില്‍ വെയില്‍നാളം പോലെ വന്നത്തുന്ന സര്‍ദാര്‍ജിയും പ്രതീക്ഷകള്‍ക്ക് തത്വശാസ്ത്രത്തിന്റേതായ ഒരു തലമൊരുക്കുന്നുണ്ട്- ‘വരും വരാതിരിക്കില്ല’ എന്ന വാക്യം പോലെ. തന്റേതില്‍നിന്ന് വ്യത്യസ്തമായ ചില സ്നേഹ സങ്കല്പങ്ങള്- അമ്മ, ഗോമസ്, രശ്മി ബാജ്പേയ്, പുഷ്പ സര്‍ക്കാര്‍- ശരിതെറ്റുകളുടെ കെട്ടുപാടുകള്‍ വിട്ട് വായിക്കുമ്പോള്‍ ചില തിരുത്തുകള്‍ ചുണ്ടിലൊരു ചിരിയായി വിരിയുന്നത് അറിയുന്നു..
ഒ വി വിജയന് ഖസാക്കിലെന്നതുപോലെ എം ടി മഞ്ഞിനായി കരുതിവച്ച ചില കാലസ്ഥലികളും കഥാപാത്രങ്ങളും രൂപകങ്ങളും അതിനെ വേറിട്ടതാക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ, സംത്രാസങ്ങളെ പലപ്പോഴും സംഭാഷണങ്ങളായല്ല, സമീപപ്രകൃതിയോട് ചേര്‍ക്കുന്ന രൂപകങ്ങളായാണ് അവതരിപ്പിച്ചു കാണുന്നത്.
വായനയിലെ ഋതുഭേദങ്ങള്‍ നൈനിറ്റാളിലെ തടാകവും ബോട്ട് യാത്രയും കഥയുടെ ഒഴുക്കിനെ തീരുമാനിക്കുന്നതായി കാണാം. തടാകത്തിലെ ജലം പോലെ തളം കെട്ടിക്കിടക്കുന്ന കാലമെന്നുണ്ട്- വിമലയുടെ മനസ്സിലെ സ്മൃതിയുടെ ഓളങ്ങള്‍ പോലെ തുഴ താളത്തില്‍ വീഴുമ്പോള്‍ ആഴത്തെ ഓര്‍മ്മിപ്പിച്ച് ജലനിരപ്പില്‍ ശബ്ദം ഉയരുന്നുണ്ട്.
ജീവിതത്തിന്റെ അന്യഥാ ഭാവം സൂചിപ്പിക്കുമ്പോലെയുണ്ട് ഓളങ്ങളില്‍ ഒഴുകിയെത്തുന്ന ബഹു വര്‍ണ്ണങ്ങള്‍ പൂശിയ പൊങ്ങുതടികളെന്ന എഴുത്ത്. നിശബ്ദതയുടെ സാന്നിധ്യമാണ് മഞ്ഞില്‍ എടുത്തു പറയേണ്ടുന്ന മറ്റൊന്ന്!
നിശബ്ദത ഒരു സംഗീതമാണെന്നാണ് സര്ദാര്ജിഭാഷ്യം. ‘അടഞ്ഞു കിടക്കുന്ന ജാലകം തുറന്നിട്ടപ്പോള്‍ ആവേശത്തോടെ വന്നു കെട്ടിപ്പിടിച്ച ശേഷം മുറിയില്‍ കുറ്റബോധത്തോടെ പതുങ്ങിനിന്ന തണുത്ത വായു’ എന്നും ‘വെയില് തെളിയുമ്പോള്‍ കുന്നിന്ചെരുവുകളില് മഞ്ഞുരുകിയ വെള്ളിയൊഴുക്കുകള്‍ കാണാവുന്നു- ഇന്നലെയുടെ കണ്ണീര്‍ച്ചാലുകള്‍’ എന്നുമൊക്കെ വിമലയുടെ മനസ്സിനെ എത്ര കാവ്യാത്മകമായാണ് വരച്ചിടുന്നത്!
പകലുറക്കത്തില്‍ കണ്ട സ്വപ്നം പോലെ പാറിനടക്കുന്ന ഇളം മഞ്ഞും അന്തരീക്ഷത്തിന്റെ മാറിലേക്ക് തറച്ചു നില്ക്കുന്ന ഒടിഞ്ഞ അസ്ത്രം പോലെ പാറക്കെട്ടും ഒരു ജലച്ചായച്ചിത്രം പോലെ അനുഭവപ്പെടും.
ടൂറിസ്റ്റുകള്‍ക്കായി പല ഋതുഭേദങ്ങളിലും കാത്തിരിക്കുന്ന നൈനിറ്റാള്‍ പോലെ! അപ്പോഴും, കൗമാര വായനയുടെ വലിഞ്ഞുമുറുകലുകളില്ലാതെ കടന്നുപോയി ഇന്നത്തെ ഈ വായന.
വാക്കുകളുടെ മാന്ത്രികതയാല്‍ പൊലിപ്പിച്ചെടുത്ത ദുര്‍ബലമായ ഒരു കഥാതന്തു, മനുഷ്യവിധിയുടെ, ബന്ധങ്ങളുടെ നിരര്‍ഥകതയിലുള്ള അമിത ഊന്നലുകള്‍, ഉപചാരങ്ങളില്‍ മാത്രമൊതുങ്ങുന്ന സുഹൃദ്ബന്ധങ്ങളുടെ നായിക, ഏകപക്ഷീയ ഗാര്‍ഹിക വിചാരണകള്‍ എന്നിവ ദൈനംദിന ജീവിതത്തിലെ മടുപ്പ് പോലെ, ലോലമായ നെടുവീര്‍പ്പുകളിലെ നിസ്സഹായത പോലെ ഇടയ്ക്ക് അരോചകമായും അനുഭവപ്പെട്ടു.. വായനയിലെ ഋതുഭേദങ്ങളാവാം, ജീവിതത്തിലെയും!
എങ്കിലും വായനയുടെ ആകാശത്തിലേക്ക് ചിറകുതുന്നിയ ഒരു കാലത്തിന് മഞ്ഞിനോടും എം ടിയോടും കടപ്പെട്ടിരിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]