
കൊച്ചി: അറബിക്കടൽ തീരങ്ങളിൽ തിമിംഗലങ്ങൾ ചത്ത് അടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ പത്ത് മടങ്ങ് വർധിച്ചതായി കണ്ടെത്തൽ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ (സിഎംഎഫ്ആർഐ) പഠനത്തിൽ 2004-2013 കാലയളവിൽ പ്രതിവർഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവിൽ പ്രതിവർഷം 3 ശതമാനമായി കുത്തനെ കൂടിയെന്ന് കണ്ടെത്തി.
കേരളം, കർണാടക, ഗോവ തീരങ്ങളിലാണ് തിമിംഗലങ്ങൾ ഏറ്റവും കൂടുതൽ ചത്ത് അടിയുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉയർന്ന അളവിലുള്ള കപ്പൽ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങൾ, ആഴം കുറഞ്ഞ തീരക്കടൽ എന്നിവ ഇതിന് ആക്കം കൂട്ടുന്നു.
കടലിലെ ശബ്ദമലിനീകരണം, കപ്പൽ അപകടങ്ങൾ, ആവാസകേന്ദ്രങ്ങളുടെ തകർച്ച എന്നിവ തിമിംഗലങ്ങളുടെ നിലനിൽപിന് ഭീഷണിയാകുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും ഉയർന്ന പൗരബോധവും, ചത്തടിയുന്ന സംഭവങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ ഇടയായിട്ടുണ്ടെന്നും പഠനം പറയുന്നു.
ബ്രൈഡ്സ് തിമിംഗലമാണ് കൂടുതലായി ചത്ത് തീരത്ത് അടിയുന്നത്. 2023ൽ മാത്രം ഒമ്പത് തിമിംഗലങ്ങളാണ് ചത്ത് അടിഞ്ഞത്.
കൂടുതലായും ആഗസ്ത്-നവംബർ മാസങ്ങളിലാണ് ഇവ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കാലവർഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ തീരക്കടലുകളിലെ ഉയർന്ന ഉൽപാദനക്ഷമത ചെറുമത്സ്യങ്ങളുടെ വർധനവിന് സഹായകരമാകും. ഇതിനെ ലക്ഷ്യം വെച്ച് തീരക്കടലിലേക്ക് നീങ്ങുന്ന തിമിംഗലങ്ങൾ പലപ്പോഴും കരയോട് ചേർന്ന ആഴം കുറഞ്ഞ പ്രദേശങ്ങളിൽ കുടുങ്ങുകയോ കരക്കടിയുകയോ ചെയ്യും.
ഇതോടൊപ്പം പ്രക്ഷുബ്ധമായ കടൽ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തിപ്പെടുന്നതുമാണ് മൺസൂൺ സമയത്ത് തിമിംഗലങ്ങൾ ചത്ത് തീരത്തടിയുന്നത് കൂടാൻ കാരണമാകുന്നത്. സമുദ്രോപരിതല താപനില കൂടുന്നതും തിമിംഗലങ്ങൾക്ക് വിനയാകുന്നു.
താപനില വർധിക്കുന്നത് മൂലം സമുദ്ര ആവാസവ്യവസ്ഥയിലുണ്ടാകുന്ന തടസ്സങ്ങൾ തിമിംഗലങ്ങൾ തീരക്കടലുകളിലേക്ക് ഒഴുകിപ്പോകാൻ ഇടവരുത്തുന്നു. ശക്തമായ ഒഴുക്ക് പരിക്കറ്റതും ചത്തതുമായ തിമിംഗലങ്ങളെ തീരങ്ങളിലേക്ക് ഒഴുക്കിവിടുന്നു- സിഎംഎഫ്ആർഐ പഠനം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിന് കീഴിൽ സീനിയർ സയന്റിസ്റ്റ് ഡോ ആർ രതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
ഈ ഗുരുതര സാഹചര്യം നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ പദ്ധതികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തത്സമയ മുന്നറിയിപ്പുകളും തിമിംഗല സംരക്ഷണ ശൃംഖലകളും ആവശ്യമാണെന്ന് പഠനം നിർദേശിച്ചു.
മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകൽ, വിവര ശേഖരണത്തിന് സിറ്റിസൻ സയൻസ് ശക്തിപ്പെടുത്തൽ എന്നിവയും അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]