
വാഷിങ്ടൻ∙ യുഎസിൽ വച്ച്
അസിം മുനീർ നടത്തിയ ആണവഭീഷണിയെ വിമർശിച്ച് പെന്റഗൺ മുൻ ഉദ്യാഗസ്ഥൻ മൈക്കൽ റൂബിൻ. പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രം പോലെയാണ് പെരുമാറുന്നതെന്ന് റൂബിൻ പറഞ്ഞു.
സൈനിക മേധാവിയുടെ പ്രസ്താവന പൂർണമായും അസ്വീകാര്യമാണെന്നും ഐഎസും ഒസാമൻ ബിൻ ലാദനും മുൻപു നടത്തിയ പ്രസ്താവനകൾക്ക് സമാനമാണെന്നും റൂബിൻ പറഞ്ഞു. അസിം മുനീർ കോട്ട് ധരിച്ച ഒസാമ ബിൻ ലാദനാണെന്നും അദ്ദേഹം പറഞ്ഞു.
നാറ്റോയ്ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയിൽനിന്നു പാക്കിസ്ഥാനെ ഒഴിവാക്കണമെന്നും തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പ്രഖ്യാപിക്കണമെന്നും റൂബിൻ ആവശ്യപ്പെട്ടു.
അസിം മുനീറിന് യുഎസ് വീസ നൽകുന്നതു വിലക്കണം. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്ഥർ പ്രതികരിക്കാതിരുന്നതിനെയും റൂബിൻ ചോദ്യം ചെയ്തു.
അസിം മുനീറിനെ ഉടൻ തന്നെ യോഗത്തിൽനിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനുമായുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തുടർച്ചയായ ഇടപെടലിനെ ബാഹ്യ ഘടകങ്ങൾ സ്വാധീനിച്ചേക്കാമെന്നും ജോർജ് ഡബ്ല്യു ബുഷ് ഭരണകൂടം തുടങ്ങിവച്ച യുഎസ്-ഇന്ത്യ പങ്കാളിത്തത്തിൽനിന്നു പിന്മാറുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും മൈക്കൽ റൂബിൻ അഭിപ്രായപ്പെട്ടു.
‘‘പാക്കിസ്ഥാൻ ആണവരാഷ്ട്രമാണ്, ഞങ്ങളെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ ഞങ്ങൾ പോകൂ’’ എന്നാണ് യുഎസിൽ പാക്ക് വംശജരുടെ യോഗത്തിൽ അസിം മുനീർ പറഞ്ഞത്.
സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് അതു തകർക്കുമെന്നും മുനീർ പറഞ്ഞു.
പാക്കിസ്ഥാന്റെ കഴുത്തിലെ ഞരമ്പാണു കശ്മീരെന്നും അത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്നമല്ലെന്നും പരിഹരിക്കപ്പെടാത്ത രാജ്യാന്തര വിഷയമാണെന്നും മുനീർ പറഞ്ഞു.
എന്നാൽ പാക്കിസ്ഥാൻ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിനു തെളിവാണ് സൈനിക മേധാവി അസിം മുനീർ യുഎസിൽ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത്തരമൊരു രാജ്യത്തിന്റെ കയ്യിൽ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്.
പാക്കിസ്ഥാനിൽ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണു നിയന്ത്രണമെന്നും തെളിയിക്കുന്നതാണ് സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാക്ക് സൈനിക മേധാവി അസിം മുനീർ യുഎസിൽ നടത്തിയ ഇന്ത്യാവിരുദ്ധ പരാമർശത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആണവായുധം വച്ചു ഭീഷണിപ്പെടുത്തുന്നതു പാക്കിസ്ഥാന്റെ പതിവു പരിപാടിയാണെന്നും അതു വിലപ്പോവില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ഭീകരപ്രസ്ഥാനങ്ങളുമായി കൈകോർത്തു നിൽക്കുന്ന സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ആണവായുധങ്ങൾ ഉള്ളതെന്നതിനു തെളിവാണ് മുനീറിന്റെ പ്രസ്താവന. ഒരു സൗഹൃദരാഷ്ട്രത്തിന്റെ മണ്ണിൽവച്ചാണ് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നത് നിർഭാഗ്യകരമായിപ്പോയെന്നും ഇന്ത്യ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]