
ജബൽപൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ ജബൽപൂരിലെ ഒരു ശാഖയിൽ വൻ കൊള്ള. ജബൽപൂരിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഖിറ്റോളയിലെ ശാഖയിലാണ് ഇന്ന് പട്ടാപ്പകൽ കവർച്ച നടന്നത്.
ആയുധധാരികളായ സംഘം ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ബാങ്കിൽ നിന്ന് 14875 ഗ്രാം സ്വർണവും 5.7 ലക്ഷം രൂപയും കവർന്നു. കൊള്ളയ്ക്ക് ശേഷം മിനിറ്റുകൾക്കുള്ളിൽ സംഘം ഇവിടെ നിന്നും കടന്നു.
മൂന്ന് ബൈക്കുകളിലായി എത്തിയ ഇവർ ഹെൽമറ്റ് വച്ച് മുഖം മറച്ചിരുന്നു. കൊള്ളസംഘം എത്തിയ സമയത്ത് ബാങ്കിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല.
വെടിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ കവർച്ച നടത്തിയതെന്നാണ് ജീവനക്കാർ പൊലീസിന് നൽകിയ മൊഴി. സംഘത്തിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇവരിൽ രണ്ട് പേർ പുറത്ത് കാത്തുനിന്നു. നാല് പേർ അകത്ത് കയറുന്നത് ബാങ്കിലെ സിസിടിവി ദൃശ്യങ്ങലിൽ വ്യക്തമാണ്.
അകത്ത് കയറിയ കൊള്ളക്കാർ ജീവനക്കാരെ കുറച്ച് നേരം നിരീക്ഷിച്ച ശേഷമാണ് തോക്ക് പുറത്തെടുത്ത് ഭീഷണിപ്പെടുത്തിയത്. പിന്നീട് ജീവനക്കാരുടെ കൈയ്യിൽ നിന്നും ലോക്കറുകളുടെ താക്കോൽ വാങ്ങിയെടുത്ത ശേഷം ലോക്കറുകളിൽ സൂക്ഷിച്ച മുഴുവൻ സ്വർണവും പണവും ബാഗുകളിലാക്കി ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.
കവർച്ച നടന്ന സമയത്ത് മാനേജറടക്കം ആറ് ജീവനക്കാർ ബാങ്കിലുണ്ടായിരുന്നു. ഉത്സവ സീസണായതിനാൽ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയിരുന്നു.
ഖിതൗലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ക്രൈം ബ്രാഞ്ചിനെ കേസന്വേഷണ ചുമതല ഏൽപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതികൾ നാടുവിടാതിരിക്കാൻ ജില്ലാ അതിർത്തികളെല്ലാം പൊലീസ് അടച്ചു.
കട്നി, മാണ്ട്ല, സിന്ദോറി എന്നിവിടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കുറിച്ച് തുമ്പ് കിട്ടുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]