
ലണ്ടൻ: തീവ്ര വലതുപക്ഷത്തിന്റെ നേതൃത്വത്തിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം പുകയുന്ന ബ്രിട്ടനിൽ, എതിർ പ്രക്ഷോഭങ്ങളും ശക്തമാകുന്നു. വംശീയതയ്ക്ക് എതിരായ മുദ്രാവാക്യവുമായി നിരവധി പേർ ലിവർപൂളിൽ അണിനിരന്നു. അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ച ഇവർ, കുടിയേറ്റങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ആവശ്യപ്പെട്ടു. ലണ്ടൻ, എഡിൻബർഗ്, കാർഡിഫ് തുടങ്ങിയ പട്ടണങ്ങളിലും നഗരങ്ങളിലും കുടിയേറ്റ വിരുദ്ധതയ്ക്കെതിരെ വൻ ജനക്കൂട്ടം തടിച്ചുകൂടി.
സൌത്ത് പോർട്ടിൽ ഒരു നൃത്ത പരിപാടിയിൽ വച്ച് മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബ്രിട്ടനിൽ സംഘർഷം തുടങ്ങിയത്. ആ പ്രതിഷേധം കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. കൊലപാതകി കുടിയേറ്റക്കാരനാണ് എന്ന വ്യാജ പ്രചാരണമാണ് സംഘർഷം വ്യാപിക്കാൻ കാരണം.
ആറ്, ഏഴ്, ഒമ്പത് വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പ്രതിക്ക് 18 വയസ്സിൽ താഴെയാണ് പ്രായം. അതുകൊണ്ട് പ്രതിയുടെ വിശദാംശങ്ങള് പുറത്തുവിട്ടിരുന്നില്ല. തുടർന്നാണ് മുസ്ലിം കുടിയേറ്റക്കാരനാണ് അക്രമി എന്ന വ്യാജപ്രചാരണമുണ്ടായത്. ബ്രിട്ടനിൽ ജനിച്ചയാളാണ് അക്രമിയെന്ന് പൊലീസ് വ്യക്തമാക്കി. തീവ്ര വലതുപക്ഷ പ്രക്ഷോഭകർ കുടിയേറ്റക്കാർക്കെതിരായ സമരമായി പ്രതിഷേധത്തെ മാറ്റി. യുകെയിലെ കുടിയേറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ പതിനായിരക്കണക്കിന് കുടിയേറ്റക്കാർ എത്തുന്നുവെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ 13 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ കലാപമാണ് യുകെയിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്നത്.
നിരവധി കടകൾ പ്രതിഷേധക്കാർ തകർത്തു. കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കുടിയേറ്റക്കാരുടെ അഭയ കേന്ദ്രമായിരുന്ന ഹോട്ടൽ മാസ്ക് ധരിച്ചെത്തിയ കുടിയേറ്റ വിരുദ്ധർ തകർത്തു. പല നഗരങ്ങളിലും പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി. ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്രിസ്റ്റോൾ, ബ്ലാക്ക്പൂൾ, ഹൾ തുടങ്ങിയ സ്ഥലങ്ങളിലും വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിലും തീവ്ര വലതുപക്ഷ റാലികൾ സംഘർഷത്തിൽ കലാശിച്ചു. ചിലയിടങ്ങളിൽ കലാപകാരികൾ പോലീസിനു നേരെ ഇഷ്ടികകളും കുപ്പികളും എറിഞ്ഞു. 779 പേരെ ഇതിനകം അറസ്റ്റ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]