
പാലക്കാട്: മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിന് പി കെ ശശിക്ക് മറുപടിയുമായി ഡി വൈ എഫ് ഐ രംഗത്ത്. ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ലെന്നാണ് ഡി വൈ എഫ് ഐയുടെ ഓർമ്മപ്പെടുത്തൽ.
‘കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നായിരുന്നു’ ശശി ഇന്നലെ പ്രസംഗിച്ചത്. ഇതിലടക്കമാണ് ഡി വൈ എഫ് ഐ മറുപടിയുമായി രംഗത്തെത്തിയത്.
ഒരു കൂട്ടുകച്ചവടവും മണ്ണാർക്കാട്ടെ പാർട്ടി അനുവദിക്കാത്ത സ്ഥിതി ഉണ്ടായെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും ഡി വൈ എഫ് ഐ വ്യക്തമാക്കി. ഡി വൈ എഫ് ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടമാണ് ശശിക്കെതിരെ രംഗത്ത് വന്നത്.
അഴിമതിക്കെതിരെ പറഞ്ഞപ്പോൾ വെളുപ്പിച്ചെടുക്കാൻ ചില ഗിമ്മിക്കുകൾ ചിലർ കാണിച്ചെന്നും ഡി വൈ എഫ് ഐ അഴിമതി ആരോപണം ഉന്നയിച്ചത് നല്ല പരിശുദ്ധിയോട് കൂടിയാണെന്നും ശ്രീരാജ് വ്യക്തമാക്കി. അതേസമയം മണ്ണാ൪ക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇന്നലകളിലെന്ന പോലെ വരാൻ പോകുന്ന നാളെകളിലും തന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പി കെ ശശി ഇന്നലെ മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിൽ പറഞ്ഞുവച്ചത്.
ഞാൻ വരുന്നുവെന്ന് പറയുമ്പോൾ ആ൪ക്കാണിത്ര ബേജാറെന്നും സാധാരണ മനുഷ്യനായ എന്നെ ഭയപ്പെടേണ്ട കാര്യമെന്തിനാണെന്നും ശശി ചോദിച്ചിരുന്നു.
അതിനിടയിലാണ് കൊച്ചി പഴയ കൊച്ചിയല്ല, ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നും ശശി പ്രസംഗിച്ചത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത പരിപാടിയിലായിരുന്നു ശശി പങ്കെടുത്തത്.
സി പി എം വിടാനുള്ള ശശിയുടെ നീക്കമെന്ന അഭ്യൂഹം ഇതിന് പിന്നാലെ ശക്തമായിരുന്നു. എന്നാൽ അങ്ങനെയൊരു നീക്കവുമില്ലെന്നും മണ്ണാർക്കാട് പ്രസംഗം സി പി എമ്മിനെതിരല്ലെന്നുമുള്ള വിശദീകരണവുമായി ഇന്ന് ശശി രംഗത്തെത്തിയിരുന്നു.
സിപിഎമ്മിന് എതിരായാണ് താൻ മണ്ണാർക്കാട് പ്രസംഗിച്ചത് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നാണ് പി കെ ശശി ഇന്ന് പറഞ്ഞത്. ഒരു വാക്കുപോലും പാർട്ടിക്കെതിരായോ പാർട്ടി നേതാക്കൾക്കെതിരായോ പറഞ്ഞിട്ടില്ലെന്നും പി കെ ശശി വിവരിച്ചു.
രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുമെന്നാണ് താൻ പറഞ്ഞതെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും പി കെ ശശി വിശദീകരിച്ചു. അതേസമയം മണ്ണാര്‍ക്കാട് മേഖലയിൽ പി കെ ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവും തമ്മിലുള്ള ശീതയുദ്ധം നേരത്തെ തുടങ്ങിയതാണ്.
ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്ത സമയത്ത് ഇതിന് ഒരൽപ്പം ശമനമുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യം അങ്ങനെയല്ല. പാര്‍ട്ടി പദവിയിലേക്ക് ശശിയെ തിരിച്ചെടുത്തതോടെ വീണ്ടും പ്രശ്നം രൂക്ഷമായി.
അതിനിടെയാണ് യു ഡി എഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി ശശി എത്തിയത്. നഗരസഭയുടെ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ ഉദ്ഘാടന ചടങ്ങിനാണ് പി കെ ശശി മുഖ്യാതിഥിയായി എത്തിയത്.
പിന്നില്‍ രാഷ്ട്രീയമായ ഒരു നീക്കവുമില്ലെന്നും കെ ടി ഡി സി ചെയര്‍മാനെന്ന നിലക്കാണ് പി കെ ശശിയെ ക്ഷണിച്ചതെന്നുമാണ് നഗരസഭയുടെ വിശദീകരണം. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം കോൺഗ്രസ് നേതാവ് വി കെ ശ്രീകണ്ഠൻ എം പിയും ലീഗ് എം എൽ എയായ എന്‍ ഷംസുദ്ദീനും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇതാണ് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]