
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മുഖ്യപ്രതി രാഹുലിനെതിരെ കൊലപാതകശ്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് റദ്ദാക്കാൻ ഇരയായ യുവതിയുടെ കൂടെ പിന്തുണയോടെ പ്രതിഭാഗം ഹൈക്കോടതിയിൽ ശ്രമം നടത്തുന്നതിനിടെയാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പറവൂർ സ്വദേശിയായ യുവതിയെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഭർത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുൽ അതിക്രൂമായി മർദിച്ചെന്നാണ് കേസ്. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്നു നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് തുറന്നു പറച്ചിലുകൾ നടത്തിയ യുവതി പിന്നീട് നാടകീയമായി സമൂഹമാധ്യമത്തിലൂടെ മൊഴിയിൽ നിന്നും മലക്കം മറിഞ്ഞതോടെ ഈ കേസ് പൊതുസമൂഹത്തിൽ വലിയ ശ്രദ്ധനേടിയിരുന്നു. സ്വന്തം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്നാണ് ആദ്യം ഭർത്താവിനെതിരെ മൊഴി നൽകിയിരുന്നതെന്നാണ് യുവതിയുടെ വാദമെങ്കിലും പിതാവ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
യുവതിയുടെ കൂടെ പിന്തുണയോടെ കേസ് റദ്ദാക്കാൻ പ്രതിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപ്പെട്ട മുഖ്യപ്രതി രാഹുലിനെതിരെ കൊലക്കുറ്റം ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ അമ്മ, സഹോദരി, സുഹൃത്ത്, വിദേശത്തേക്ക് കടക്കാൻ സഹായിച്ച പൊലീസുകാരൻ എന്നിവരാണ് മറ്റ് പ്രതികൾ. ഭർത്താവിന്റെ ഭീഷണിയും സമ്മർദ്ദവും കൊണ്ടാണ് യുവതി മൊഴി മാറ്റിയതെന്ന സത്യവാങ്മൂലം പൊലീസ് ഹൈക്കോടതിക്ക് നേരത്തെ സമർപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ യുവതി എന്തു പറഞ്ഞു എന്നതല്ല പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴിയാണ് സുപ്രധാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. വിശദ മൊഴികൾ, മർദനം തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള മറ്റ് ശാസ്ത്രീയ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുഖ്യപ്രതി രാഹുലിനെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചിട്ടില്ല. നേരത്തെ ഇയാളെ കണ്ടെത്താനുള്ള ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ വാറണ്ട് പുറപ്പെടുവിക്കാത്തതിനാൽ റെഡ് കോർണർ പുറപ്പെടുവിക്കാനുള്ള അപേക്ഷ സമർപ്പിച്ചിട്ടില്ല.
Last Updated Jul 12, 2024, 5:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]