
‘എന്നെ സഹായിക്കൂ’; മേയ്ഡേ, മേയ്ഡേ, മേയ്ഡേ…’: എന്താണ് ഡിസ്ട്രസ് സിഗ്നൽ? എന്തുകൊണ്ട് ഫ്രഞ്ച് ഭാഷ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽനിന്ന് ടേക്ക് ഓഫിനു തൊട്ടുപിന്നാലെ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) സന്ദേശം എത്തിയിരുന്നുവെന്ന് റിപ്പോർട്ട്. ഈ സന്ദേശത്തോടുള്ള എടിസിയുടെ പ്രതികരണത്തിനു പൈലറ്റുമാർ മറുപടി നൽകിയില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ‘മേയ്ഡേ’ സന്ദേശം നൽകിയതിനമാൽ, ടേക്ക് ഓഫിനുപിന്നാലെ എന്തോ സാങ്കേതിക പ്രശ്നം പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടുവെന്നാണു കരുതുന്നത്. വ്യോമഗതാഗതമേഖലയിൽ മാത്രമല്ല, കടൽ ഗതാഗതത്തിലും മറ്റ് അപകടഘട്ടങ്ങളിലും ആഗോളതലത്തിൽ ഉപയോഗിച്ചുവരുന്ന ‘ഡിസ്ട്രസ് സിഗ്നൽ’ (അപകടാവസ്ഥയിൽ പുറപ്പെടുവിക്കുന്ന അടിയന്തിര സഹായ അഭ്യർഥന) ആണ് മേയ്ഡേ എന്നത്.
∙ എന്താണ് ഡിസ്ട്രസ് സിഗ്നൽ?
അപകടത്തിലായ ഒരാൾ സഹായം അഭ്യർഥിക്കാൻ ഉപയോഗിക്കുന്ന സിഗ്നലുകളാണ് ഡിസ്ട്രസ് സിഗ്നൽ. ഇതു പല രൂപത്തിലാകാം. പുക ഉയർത്തുക, തീ കത്തിക്കുക, പ്രത്യേകതരം ശബ്ദങ്ങൾ ഉണ്ടാക്കുക എന്നിവയെല്ലാം ഡിസ്ട്രസ് സിഗ്നലുകളാണ്. മേയ്ഡേ എന്നത് ഒരു രാജ്യാന്തര ഡിസ്ട്രസ് സിഗ്നലാണ്. കപ്പലുകളോ വിമാനങ്ങളോ അപകടത്തിലാകുമ്പോൾ സഹായം വേണമെന്ന് അറിയിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു. ഇതു സാധാരണയായി റേഡിയോയിലൂടെയാണ് കൈമാറുന്നത്. ഈ സന്ദേശം ലഭിച്ചാലുടൻ, അടുത്തുള്ള കപ്പലുകളോ വിമാനങ്ങളോ അടിയന്തിര രക്ഷാപ്രവർത്തനത്തിനായി തയാറാകും
∙ എന്താണ് മേയ്ഡേ?
മേയ്ഡേ എന്ന പദം വരുന്നത് ഫ്രഞ്ച് വാക്കായ ‘m’aider’ൽ നിന്നാണ്. ‘എന്നെ സഹായിക്കൂ’ എന്നാണ് അർഥം. 1920 കളിൽ ലണ്ടനിലെ ക്രോയ്ഡൻ വിമാനത്താവളത്തിലെ ഒരു റേഡിയോ ഓഫിസറായ ഫ്രെഡറിക് സ്റ്റാൻലി മോക്ക്ഫോഡ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. വിമാനയാത്രക്കാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും പെട്ടെന്നു മനസ്സിലാക്കാൻ കഴിയുന്ന ഒരു വാക്ക് വേണമെന്ന ചിന്തയിൽനിന്നാണ് മേയ്ഡേ എന്ന വാക്ക് വരുന്നത്. സാധാരണ ഗതിയിൽ, അപകടത്തിൽപ്പെടുന്നവർ മൂന്നുവട്ടം മേയ്ഡേ എന്ന് ആവർത്തിക്കും. കപ്പൽ, വ്യോമ ഗതാഗത മേഖലയിൽ ആശയവിനിമയത്തിന് ഫ്രഞ്ച് ഭാഷയാണ് കൂടുതലും ഉപയോഗിക്കുന്നത്. പണ്ട് രാജ്യാന്തര തലത്തിൽ നയതന്ത്രത്തിന്റെയും ആശയവിനിമയത്തിന്റെയും ഭാഷയായിരുന്നു ഫ്രഞ്ച്. അതിനാൽ ആദ്യകാലത്ത് പല രാജ്യാന്തര സംഘടനകളും ആശയവിനിമയത്തിനായി ഫ്രഞ്ച് ഉപയോഗിച്ചിരുന്നു.
∙ മേയ്ഡേ എന്നു കേട്ടാൽ…
മേയ്ഡേ എന്ന് മൂന്നു തവണ ആവർത്തിക്കുന്ന സന്ദേശം ലഭിച്ചാൽ, അതിന്റെ ഉറവിടത്തിനു സമീപമുള്ള എല്ലാ വിമാനങ്ങളും കപ്പലുകളും അവരുടെ സഞ്ചാരപാത മാറ്റി അപകടത്തിൽപ്പെട്ട വിമാനത്തിനോ കപ്പലിനോ സഹായം നൽകാൻ തയാറാകണം. സമീപ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർമാർ ഉടൻ തന്നെ വിമാനത്താവളത്തിലെ എമർജൻസി പ്രോട്ടോകോൾ ആക്ടിവേറ്റ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും.