
നിയന്ത്രണം വിട്ട് മരത്തിലിടിച്ച് താഴേക്ക്; അഹമ്മദാബാദിൽ വർഷങ്ങൾക്കു മുൻപും ആകാശ ദുരന്തം, അന്ന് നഷ്ടമായത് 133 ജീവനുകൾ
രാജ്യത്തെ നടുക്കി വീണ്ടുമൊരു വിമാനാപകടം. അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്നു ലണ്ടനിലേക്കു പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787–8 വിമാനമാണ് തകർന്നത്.
242 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനം നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് 133 പേരുടെ ജീവൻ പൊലിഞ്ഞതും ഇതേ വിമാനത്താവളത്തിലായിരുന്നു.
1988 ൽ മുംബൈയിൽനിന്നെത്തിയ ഇന്ത്യന്‍ എയർലൈൻസ് ഫ്ലൈറ്റ് 113 ലാൻഡ് ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു അപകടം. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനാപകടമായിരുന്നു അത്.
1988 ഒക്ടോബർ 19ന് മുംബൈയിൽനിന്ന് രാവിലെ 5:45 ന് പുറപ്പെടേണ്ടിയിരുന്ന ഇന്ത്യന്‍ എയർലൈൻസ് ബോയിങ് 737–200 (VT-EAH) വിമാനം ഒരു യാത്രക്കാരൻ വൈകിയതിനാൽ 20 മിനിറ്റോളം വൈകി 6:05 നാണ് പറന്നുയർന്നത്.
പതിനഞ്ചു മിനിറ്റിനു ശേഷം, വിമാനത്തില്‍ നിന്നുള്ള കാഴ്ചാപരിധി 3.7 മൈലിൽനിന്ന് 1.8 മൈലായി കുറഞ്ഞതിനെത്തുടർന്ന് കാലാവസ്ഥ റിപ്പോർട്ടിനായി പൈലറ്റ് അഹമ്മദാബാദ് വിമാനത്താവളവുമായി ബന്ധപ്പെട്ടു. 6:32 ന് വിമാനം 15,000 അടിയിലേക്ക് താഴ്ത്താൻ എയര്‍ ട്രാഫിക് കൺട്രോൾ നിർദേശം നൽകി.
തുടർന്ന് കാഴ്ചാപരിധി 1.2 മൈലിലേക്ക് എത്തിയപ്പോൾ റൺവേ 23 ലേക്ക് ലാൻഡ് ചെയ്യാൻ പൈലറ്റ് തീരുമാനിച്ചു. ലോക്കേറ്റർക്കു മുകളിലൂടെ പറന്ന വിമാനം എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു.
അതായിരുന്നു ആ വിമാനത്തിൽനിന്നു അവസാനമായി ലഭിച്ച റേഡിയോ സന്ദേശം. പിന്നീട് ലാൻഡ് ചെയ്യാൻ അനുമതി തേടി പൈലറ്റിന്റെ സന്ദേശമുണ്ടായില്ല. വിമാനത്തിന്റെ വേഗം മണിക്കൂറിൽ 300 കിലോമീറ്ററായിരുന്നു.
സാധാരണ വേഗത്തിൽനിന്ന് വളരെ അധികമായിരുന്നു അത്. കാഴ്ച വ്യക്തമല്ലെങ്കിൽ വിമാനം 500 അടിയിൽനിന്നു താഴ്ത്താൻ പാടില്ലാത്തതാണ്.
എന്നാൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഫീൽഡ് കൃത്യമായി കാണാൻ പൈലറ്റ് ശ്രമിച്ചപ്പോൾ വിമാനം നിശ്ചിത ഉയരത്തിൽനിന്നു താഴുകയായിരുന്നു എന്നാണു വിവരം. നിയന്ത്രണം വിട്ട് മരങ്ങളിലും വൈദ്യുതിത്തൂണുകളിലും ഇടിച്ച വിമാനം അഹമ്മദാബാദിനടുത്തുള്ള ചിലോഡ കൊട്ടാർപുർ ഗ്രാമത്തിനു സമീപം തകർന്നു വീഴുകയായിരുന്നു.
റൺവേയിൽ നിന്നും 2,540 മീറ്റർ അകലെയാണ് വിമാനം തകർന്നുവീണത്. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 129 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ടു യാത്രക്കാർ മാത്രമാണ് അന്നു രക്ഷപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]