
നവി മുംബൈ: കോലാപൂർ-മുംബൈ മഹാലക്ഷ്മി എക്സ്പ്രസിൽ യാത്രക്കിടെ യുവതി പ്രസവിച്ചു. മീരാ റോഡ് സ്വദേശിയായ 31കാരി ഫാത്തിമ ഖാത്തൂണാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ട്രെയിൻ ലോണാവ്ല സ്റ്റേഷൻ കടന്നതിന് ശേഷമായിരുന്നു ജനനം. കുഞ്ഞിന് ട്രെയിനിന്റെ പേരായ മഹാലക്ഷ്മി എന്ന് പേരിടാൻ തീരുമാനിച്ചതായി ഭർത്താവ് തയ്യബ് പറഞ്ഞു. തിരുപ്പതിയിൽ നിന്ന് കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക് യാത്ര ചെയ്ത ഏതാനും സഹയാത്രക്കാരാണ് സഹായിച്ചത്. ട്രെയിനിൽ എൻ്റെ മകളുടെ ജനനം ദേവിയുടെ ദർശനം പോലെയാണെന്ന് അവർ പറഞ്ഞു. അതിനാൽ ഞങ്ങൾ അവൾക്ക് മഹാലക്ഷ്മി എന്ന് പേരിടാൻ തീരുമാനിച്ചുവെന്ന് തയ്യബ് പറഞ്ഞു.
യുവതിക്കും നവജാതശിശുവിനും വൈദ്യസഹായം നൽകുന്നതിനായി റെയിൽവേ പൊലീസ് ഇടപെട്ടു. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് മഹാലക്ഷ്മി. ഫാത്തിമയുടെ പ്രസവത്തിനുള്ള തീയതി ജൂൺ 20 എന്നായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. അതുകൊണ്ടാണ് ജൂൺ ആറിന് മുംബൈയിലേക്ക് യാത്ര ആസൂത്രണം ചെയ്തത്. എഞ്ചിൻ തകരാർ കാരണം ട്രെയിൻ ലോണാവ്ലയിൽ രണ്ട് മണിക്കൂറിലധികം നിർത്തി. രാത്രി 11 മണിയോടെ യാത്ര പുനരാരംഭിച്ചപ്പോൾ ഭാര്യ വയറുവേദനയുണ്ടെന്ന് അറിയിച്ചു. വേദന അസഹ്യമായപ്പോൾ ബാത്ത് റൂമിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞിട്ടും വരാതെയായപ്പോൾ പരിശോധിച്ചു. അപ്പോൾ ഭാര്യ പ്രസവിച്ചതാണ് കണ്ടത്. ഉടൻ സ്ത്രീ യാത്രക്കാർ ഞങ്ങളുടെ സഹായത്തിനെത്തി.
Read More…
ട്രെയിനിലെ ഒരു ജിആർപി കോൺസ്റ്റബിൾ ജിആർപി ഹെൽപ്പ് ലൈനിൽ വിളിച്ച് സ്ഥിതിഗതികൾ അറിയിക്കാൻ തയ്യബിനെ ഉപദേശിച്ചു. ട്രെയിൻ കർജാത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങി. ഉടൻ കർജാത്ത് ഉപജില്ലാ ആശുപത്രിയെ അറിയിക്കുകയും നഴ്സ് ശിവാംഗി സലുങ്കെയും സ്റ്റാഫും സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഉടൻ തന്നെ സ്ത്രീയെയും കുഞ്ഞിനെയും കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തതായി ആശുപത്രിയിലെ അസിസ്റ്റൻ്റ് മേട്രൺ സവിത പാട്ടീൽ പറഞ്ഞു.
Last Updated Jun 11, 2024, 3:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]