
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഇതിന് പാകിസ്ഥാൻറെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനവും ഇന്ത്യയുടെ പ്രത്യാക്രമണവും തുടർന്നുണ്ടായ വെടിനിർത്തൽ ധാരണയുമെല്ലാം വാർത്തകളിൽ നിറഞ്ഞു. എന്നാൽ ഇതിനിടെ വാർത്തകളിൽ ഇടംപിടിച്ച മറ്റൊരു പ്രധാന സംഭവം കൂടിയുണ്ട്. പാകിസ്ഥാനെതിരായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബിഎൽഎ)യുടെ നീക്കങ്ങൾ.
പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പതിറ്റാണ്ടുകളായി സായുധ കലാപം നിലനിൽക്കുന്നതിനാൽ പാകിസ്ഥാന്റെ ഏറ്റവും വലിയ തലവേദനകളിൽ ഒന്നായി ബലൂചിസ്ഥാൻ തുടരുകയാണ്. സമീപകാല മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാകിസ്ഥാനിലുടനീളം 50 ലധികം സ്ഥലങ്ങളിൽ 70ലധികം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് കേട്ടാൽ ആരും ഞെട്ടും.
പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലുമായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ബലൂചിസ്ഥാൻ. ഇറാനിയൻ പീഠഭൂമിയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നതും ഇന്ത്യൻ ഫലകത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതുമായ ബലൂചിസ്ഥാൻ വിസ്തീർണ്ണം അനുസരിച്ച് പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. ഇറാനുമായും അഫ്ഗാനിസ്ഥാനുമായും ബലൂചിസ്ഥാൻ അതിർത്തി പങ്കിടുന്നുമുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖല ഏറ്റവും വിഭവ സമ്പന്നമായ പ്രദേശങ്ങളിൽ ഒന്നാണ്. വേണമെങ്കിൽ ഒരു നിധി ശേഖരം എന്ന് തന്നെ പറയാം.
യൂറോപ്പ് മുതൽ തെക്കുകിഴക്കൻ ഏഷ്യ വരെ വ്യാപിച്ചുകിടക്കുന്ന ധാതു സമ്പുഷ്ടമായ പ്രദേശമാണ് ബലൂചിസ്ഥാനിലെ ചഗായി. വെള്ളി, ഇരുമ്പ്, ചെമ്പ്, മാർബിൾ, സ്വർണ്ണം തുടങ്ങിയ സമ്പന്നമായ പ്രകൃതി വിഭവങ്ങൾക്ക് പേരുകേട്ടതാണ് ഈ പ്രദേശം. എണ്ണയും പ്രകൃതിവാതകവുമെല്ലാം ഇവിടെയുണ്ട്. കൂടാതെ, സമീപത്തുള്ള റെക്കോ ഡിക്ക് ഖനിയിൽ ഏകദേശം 5.9 ബില്യൺ ടൺ അയിര് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ഉപയോഗിക്കാത്ത കരുതൽ ശേഖരങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
ഏകദേശം 3,47,190 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബലൂചിസ്ഥാൻ പാകിസ്ഥാന്റെ (ഏകദേശം 8,81,913 ചതുരശ്ര കിലോമീറ്റർ) മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം 40 ശതമാനത്തോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ, ബലൂചിസ്ഥാൻ പാകിസ്ഥാൻ വിടാൻ തീരുമാനിച്ചാൽ പാകിസ്ഥാന് കോടിക്കണക്കിന് മൂല്യമുള്ള വിഭവങ്ങളും അതിന്റെ വിസ്തൃതിയുടെ പകുതിയോളവും നഷ്ടപ്പെടുമെന്ന് ചുരുക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]