
ആസ്ട്രല്‍ പ്രൊജക്ഷന് പൊളിഞ്ഞു;കയ്യിലെ ബാഗിൽ വീട്ടുകാരുടെ വസ്ത്രം; കുരുക്കുകൾ ഓരൊന്നായി അഴിച്ച് പൊലീസ്, ഒടുവിൽ കേഡൽ കുടുങ്ങി!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ നന്തന്‍കോട് അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും ക്രൂരമായി പ്രതി കേഡല്‍ ജിന്സണ് രാജ അന്വേഷണം വഴിതിരിച്ചുവിടാന്‍ വേണ്ടി കെട്ടിച്ചമച്ച ആസ്ട്രല്‍ പ്രൊജക്ഷന് ഉള്‍പ്പെടെയുള്ള കഥകള്‍ പിന്നീട് ഒന്നൊന്നായി പൊളിഞ്ഞതോടെയാണ് പ്രതി കുറ്റക്കാരനാണെന്ന കണ്ടെത്തലിലേക്കു കോടതി എത്തിയിരിക്കുന്നത്. സാഹചര്യത്തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിഗമനത്തിലേക്കു കോടതി എത്തിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന് പറഞ്ഞു.
കേസ് വഴിമുട്ടിനിന്ന ഘട്ടത്തില്‍ കോടതി ഇടപെട്ടാണ് ദിലീപ് സത്യനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചത്. അച്ഛനോടും കുടുംബാംഗങ്ങളോടുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പിന്നീട് മനോരോഗവിദഗ്ധനോട് സമ്മതിച്ചതായും അഡ്വ. ദിലീപ് സത്യന് പറഞ്ഞു. കൊലപാതകം, വീട് തീവച്ച് നശിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
മാനസികാരോഗ്യവിദഗ്ധനായ ഡോ. മോഹന്‍ റോയ് പരിശോധനകള്‍ നടത്തി പ്രതിക്ക് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്ന തരത്തില്‍ നല്കിയ റിപ്പോര്‍ട്ടുകളും കേസില്‍ നിര്‍ണായകമായി. 2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117–ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേഡല്‍ ജിന്സൻ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്.
കൊലപാതകങ്ങള്‍ ആഭിചാരക്രിയകളുടെ ഭാഗമാണെന്ന് പ്രതി ആദ്യം പറഞ്ഞിരുന്നെങ്കിലും അതിനുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. അറസ്റ്റ് ചെയ്ത ദിവസവും കസ്റ്റഡിയിലുണ്ടായിരുന്ന ആദ്യ ഏഴു ദിവസങ്ങളിലും മാനസികപ്രശ്നമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ കുറ്റകൃത്യത്തിനായുള്ള സാധനങ്ങള്‍ വാങ്ങിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ ഉണ്ടായിരുന്നു.
പ്രതിക്ക് മാനസികപ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ മനോരോഗവിദഗ്ധനായ ഡോ. മോഹന്‍ റോയിയുടെ സഹായം തേടിയിരുന്നു. പ്രതി കുറ്റംചെയ്ത രീതിയും തയാറെടുപ്പും മാനസികപ്രശ്നമുള്ളയാള്‍ പെരുമാറുന്ന രീതിയില്‍ അല്ലെന്ന് അദ്ദേഹം തെളിവ് നല്‍കിയിട്ടുണ്ട്. കൃത്യം ചെയ്ത നാലാം തീയതി മുതല്‍ എട്ടാം തീയതി വരെ താന്‍ ഏതോ സ്ഥലത്ത് കറങ്ങിനടക്കുകയായിരുന്നെന്നും അച്ഛനും അമ്മയ്ക്കും എന്തോ നടന്നതായി മനസിലായപ്പോള്‍ താന്‍ നാട്ടിലേക്ക് തിരിച്ചെത്തിയതെന്നുമാണ് പ്രതി വിചാരണയ്ക്കിടെ പറഞ്ഞിരുന്നത്. അതിനാല്‍ ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ട സാഹചര്യമുണ്ടായില്ല.
എന്നെ എന്തിനാ ഇവിടെക്കൊണ്ടുവന്നത് എന്നാണ് അറസ്റ്റ് ചെയ്തപ്പോള്‍ പ്രതി പൊലീസിനോട് ചോദിച്ചത്. ആസ്ട്രല്‍ പ്രൊജക്ഷന് തെറ്റിദ്ധരിപ്പിക്കാന്‍ പറഞ്ഞതാണെന്ന് പ്രതി വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ തലയ്ക്ക് പുറകിലായിരുന്നു മുറിവ്. മഴു ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഒരാളെ തലയ്ക്ക് പിറകില്‍നിന്ന് എങ്ങനെ ആക്രമിക്കാമെന്ന വിഡിയോകള്‍ പ്രതി ഇന്റര്‍നെറ്റില്‍ കണ്ടിരുന്നു. അതിന് തെളിവുണ്ട്.
അറസ്റ്റ് ചെയ്ത് ഏഴു ദിവസം പ്രതിക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു. അതിനുശേഷം ജയിലില്‍ വച്ച് സഹതടവുകാരനെ ആക്രമിച്ചതോടെയാണ് ചികിത്സയ്ക്കു പോകുന്നത്. ഡോക്ടറോട് പ്രതി പലതും വെളിപ്പെടുത്തി. അച്ഛനോട് വിരോധമുണ്ടെന്നും ജോലിയില്‍നിന്ന് വിരമിച്ചശേഷം അച്ഛന് അമിതമായി മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നതായും പ്രതി പറഞ്ഞു. അച്ഛന് തന്നെ ശകാരിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി. അമ്മയോടുള്‍പ്പെടെ പ്രതിക്ക് വിരോധമായിരുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം കുറവായിരുന്നു. ഒരു വീട്ടിലായിട്ടും ആഹാരം കഴിച്ചോ എന്നുപോലും മെസജുകളിലൂടെയാണ് ചോദിച്ചിരുന്നതെന്ന് ഇലക്ട്രോണിക് തെളിവുകളില്‍നിന്നു വ്യക്തമായിരിന്നു.
വീട്ടുകാരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പ്രതി ഡോക്ടറോട് വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. സാഹചര്യത്തെളിവുകള്‍ കണ്ടെത്തല്‍ വെല്ലുവിളി നിറഞ്ഞ കേസില്‍ ഇപ്പോള്‍ കോഴിക്കോട് റൂറല്‍ എസ്പിയായ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ണികള്‍ കൂട്ടിയിണക്കി അത് കൃത്യമായി ചെയ്തു. ആ തെളിവുകള്‍ കോടതിയില്‍ നല്ലരീതിയില്‍ അവതരിപ്പിക്കുകയായിരുന്നു തന്റെ ചുമതല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നാളെ വാദിക്കും. ശിക്ഷ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന് പറഞ്ഞു.
‘വെല്ലുവിളി നിറഞ്ഞ കേസ്’
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കേസായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ.ബൈജു പറഞ്ഞു. ഒരു കുടുംബത്തിലെ 4 പേരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിനു ശേഷം പ്രതി ചെന്നൈയിലേക്കു കടന്നു. പ്രതിയുടെ ഫോട്ടോ അവിടെ ടിവിയില്‍ വന്നതോടെ അയാള്‍ തിരിച്ച് നാട്ടിലേക്കു മടങ്ങി. പിടിയിലായപ്പോള്‍ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് കുടുംബാംഗങ്ങളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തി. രക്തക്കറ പുരണ്ട ഷൂസ് പിടിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. മൃതദേഹം പൊതിഞ്ഞുവച്ചിരുന്ന പ്ലാസ്റ്റിക് ബാഗില്‍നിന്ന് പ്രതിയുടെ വിരലടയാളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.
പ്രതിയുടെ മാനസികനില സംബന്ധിച്ച സംശയങ്ങളാണ് കേസ് നീണ്ടു പോകാന്‍ കാരണമായത്. കൊലപാതകത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന വാദമാണ് പ്രതി ആദ്യം പറഞ്ഞത്. ആസ്ട്രല്‍ പ്രൊജക്ഷന്റെ കാര്യം പ്രതി പറഞ്ഞതു കൊണ്ടാണ് മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തത്. പരിശോധനകള്‍ക്കു ശേഷം പ്രതിക്ക് മാനസികപ്രശ്നമില്ലെന്ന റിപ്പോര്‍ട്ടാണ് അവര്‍ നല്‍കിയത്. ആയുധം വാങ്ങിയത്, തയാറെടുപ്പ്, കുറ്റകൃത്യം ചെയ്ത രീതി, തെളിവു നശിപ്പിക്കല്‍ എന്നിവ വിലയിരുത്തിയിരുന്നു. സഹോദരിയെ കുടുക്കാന്‍ വേണ്ടി ജോണ്‍ ഡോണ്‍സന്‍ എന്ന പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി ബന്ധപ്പെട്ട് ഐഇഎല്‍ടിഎസ് പരീക്ഷ എഴുതാന്‍ റജിസ്ട്രേഷന് സഹായിക്കാം എന്നു പ്രതി പറഞ്ഞിരുന്നു. അത്രത്തോളം ബുദ്ധിപൂര്‍വമാണ് പ്രതി കൃത്യങ്ങള്‍ നടത്തിയതെന്ന് എസ്പി പറഞ്ഞു.
‘ആസ്ട്രല്‍ പ്രൊജക്ഷന് തെറ്റിദ്ധരിപ്പിക്കല്‍ നാടകം’
നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്സണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് പറഞ്ഞതെന്ന് കേഡിലിനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കിയ കൊല്ലം മെഡിക്കല്‍ കോളജ് മാനസികാരോഗ്യവിഭാഗം മേധാവി ഡോ. മോഹന്‍ റോയ് പറഞ്ഞു. പൗരാണിക ഗ്രന്ഥങ്ങളില്‍ പറയുന്ന തരത്തില്‍ കൂടുവിട്ട് കൂടുമാറ്റം എന്നതാണ് ആസ്ട്രല്‍ പൊജക്ഷന്‍ എന്നു പറയുന്നത്. സ്വന്തമായോ മറ്റുള്ളവരുടെയും ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിച്ച് മറ്റൊരു ശരീരത്തിലേക്കു പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
യഥാര്‍ഥത്തില്‍ അങ്ങനെ ഒരു സംഭവം ഇല്ല. ഈ കേസില്‍ പ്രതി പൊലീസിനെ വഴി തെറ്റിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ്. അത്തരമൊരു കാര്യം പറഞ്ഞാല്‍ പൊലീസ് അതിന്റെ പിന്നാലെ പോകും എന്ന തെറ്റിദ്ധരണയുടെ പുറത്താണ് അങ്ങനെ ചെയ്തത്. പൊലീസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേഡലിനോടു ചോദ്യങ്ങള്‍ ചോദിച്ചത്. എവിടെയൊക്കെയോ ചില പാളിച്ചകള്‍ ഉണ്ടെന്നു തോന്നി. തുടര്‍ന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ പറയുന്നത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നു ബോധ്യമായി. മാനസികപ്രശ്നമുള്ളവര്‍ എന്തു കുറ്റകൃത്യം ചെയ്താലും ഇളവുകിട്ടുമെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. അതു മാറാനും വലിയ തോതില്‍ ചര്‍ച്ചയാകാനും ഈ കേസ് വഴിതെളിക്കുമെന്നും ഡോ. മോഹന്‍ റോയ് പറഞ്ഞു.