
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഖത്തര്‍ ആഢംബര ജെറ്റ് സമ്മാനമായി നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വിവാദത്തില്‍ നിശബ്ദത ഭേദിച്ച് ട്രംപ്. ഖത്തറിന്റെ സമ്മാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച ട്രംപ്, സുതാര്യവും ചെലവ് കുറഞ്ഞതുമായ ഒരു ക്രമീകരണത്തിൽ ഡെമോക്രാറ്റുകൾ പ്രകോപിതരാണെന്ന് ആരോപിച്ചു. ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെ പ്രതികരണം നടത്തിയത്.
വിഷയത്തില്‍ ട്രംപിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്. ആഢംബര ജെറ്റ് സമ്മാനമാണെന്നും ഇതിനായി പണം ചെലവാക്കിയിട്ടില്ലെന്നും പറഞ്ഞ ട്രംപ്, എയര്‍ ഫോഴ്സ് വൺ വിമാനത്തിന് പകരമായി താല്‍ക്കാലികമായി സ്വീകരിക്കുന്നതാണെന്നും വ്യക്തമാക്കി. ‘പ്രതിരോധ വകുപ്പിന് സമ്മാനം ലഭിക്കുകയാണ്, സൗജന്യമായി. 747 എയര്‍ക്രാഫ്റ്റ് നാല്‍പ്പത് വര്‍ഷം പഴക്കമുള്ള എയര്‍ ഫോഴ്സ് വണ്ണിന് പകരമായി താല്‍ക്കാലികമായി, വളരെ പരസ്യമായ സുതാര്യമായ ഇടപാടിലൂടെ ലഭിക്കുകയാണ്. ഇത് വളരെയധികം അലോസരപ്പെടുത്തുന്നത് വക്രബുദ്ധിക്കാരായ ഡെമോക്രാറ്റുകളെയാണ്, അതുകൊണ്ടുതന്നെ അവർ ആവശ്യപ്പെടുന്നത് വിമാനത്തിന് നമ്മൾ വില നല്‍കണമെന്നാണ്, ഉയർന്ന ഡോളർ, അതെ, അതെല്ലാവര്‍ക്കും ചെയ്യാനാകും!’- ട്രംപ് കുറിച്ചു.
അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പുറത്തുവിട്ട റിപ്പോര്‍ട്ടുകളോട് ഖത്തര്‍ മീഡിയ അറ്റാഷെ അലി അല്‍ അന്‍സാരി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ‘പ്രസിഡന്റ് ട്രംപിന്റെ സന്ദർശന വേളയിൽ ഖത്തർ അമേരിക്കൻ സർക്കാരിന് ഒരു ജെറ്റ് സമ്മാനമായി നൽകുമെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എയർഫോഴ്സ് വണിന് പകരം താൽക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവിൽ ഖത്തർ പ്രതിരോധ മന്ത്രാലയവും യുഎസ് പ്രതിരോധ വകുപ്പും തമ്മിൽ പരിഗണിച്ച് വരികയാണ്. വിഷയം ബന്ധപ്പെട്ട നിയമ വകുപ്പുകളുടെ അവലോകനത്തിലാണ്, ഈ വിഷയത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല’- പ്രസ്താവനയിൽ അലി അൽ അൻസാരി വ്യക്തമാക്കി.
ട്രംപ് അടുത്തയാഴ്ചയോടെയാണ് മിഡിൽ ഈസ്റ്റ് സന്ദർശനങ്ങൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി ഖത്തറിൽ എത്തുമ്പോൾ ആയിരിക്കും സമ്മാനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുന്നതെന്ന് ‘എബിസി ന്യൂസ്’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തർ രാജകുടുംബം സമ്മാനമായി നൽകുന്ന എയർക്രാഫ്റ്റിന് ഏകദേശം 400 മില്ല്യൺ ഡോളർ (40 കോടി ഡോളര്‍) വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]