
ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യുഗം അവസാനിച്ചിരിക്കുന്നു, ലോക ക്രിക്കറ്റിലെ ഒരു സവിശേഷ അധ്യായവും. ടി20യിലും ടെസ്റ്റിലും രോഹിത് ശര്‍മ്മ- വിരാട് കോലി താണ്ഡവത്തിന് പരിസമാപ്തി. ഹിറ്റ്മാന് പിന്നാലെ ടെസ്റ്റില്‍ നിന്ന് പാഡഴിക്കുന്നതായി കിംഗിന്റെയും അറിയിപ്പ്. ഓര്‍മ്മകളുടെ 22 വാരയ്ക്കകത്ത് ജന്റില്മാന്ഷിപ്പിന്റെ തൂവെള്ളക്കുപ്പായം അങ്ങനെ കോലിയും അഴിച്ചുവെച്ചിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര റെക്കോര്‍ഡുകള്‍, നിമിഷങ്ങള്‍. ഈ പടിയിറക്കം കിംഗ് ആരാധകര്‍ക്ക് ഹൃദയഭേദകമാണ്. പക്ഷേ, ഒന്നോര്ക്കുമ്പോള് ആശ്വാസവും.
പോരാളിക്കൊരു മറുപേര്
അല്പം പഴയ ഒരു കഥയിലേക്ക് പോകാം. ടീം ഇന്ത്യയുടെ 2018ലെ ഇംഗ്ലണ്ട് പര്യടനം. എഡ്ജ്ബാസ്റ്റണില് ഒന്നാം ടെസ്റ്റ് പുരോഗമിക്കുന്നു. ഇംഗ്ലണ്ടില്‍ കാലിടറിയവന് എന്ന വിമര്ശനഭാരവും പേറി ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ കോലി നാലാമനായി ക്രീസിലേക്ക്. അതിന് മുമ്പ് 2014ല്‍ കിംഗിന് ഇംഗ്ലണ്ടില്‍ പിഴച്ച ഓരോ ചുവടും അപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് തെളിഞ്ഞുവന്നു. കോലിയെ വരച്ചവരയില്‍ നിര്‍ത്താന്‍ റണ്ണപ്പുമായി വീണ്ടുമൊരിക്കല്‍ക്കൂടി ജയിംസ് ആന്ഡേഴ്സണ്- സ്റ്റുവര്‍ട്ട് ബ്രോഡ് പേസ് സഖ്യം. എഡ്ജ്ബാസ്റ്റണിലെ കുതന്ത്രങ്ങള്‍ ഒളിച്ചുകിടക്കുന്ന പിച്ചില്‍ സ്വിങ്, സീം മൂവ്മെന്റുകളെ അപ്രത്യക്ഷമാക്കി കോലിയുടെ ഒരു തകര്‍പ്പന്‍ സെഞ്ചുറിയുണ്ട്. ക്ഷമയും ആക്രമണോത്സുകതയും സമന്വയിപ്പിച്ച് 225 പന്തില്‍ കോലി നേടിയ 149 റണ്‍സ്. 22 ബൗണ്ടറി, ഒരു സിക്സ്. ഇംഗ്ലണ്ടില്‍ കിംഗിന്റെ ആദ്യ ടെസ്റ്റ് ശതകം. ഇന്ത്യന്‍ താരങ്ങളുടെ എക്കാലത്തെയും മികച്ച ഓവര്‍സീസ് സെഞ്ചുറികളിലൊന്ന്. ഇംഗ്ലണ്ടിലെ അഞ്ച് ടെസ്റ്റുകളുടെ ആ പരമ്പര കോലി അവസാനിപ്പിക്കുന്നത് 593 റണ്‍സടിച്ച് മാന്‍ ഓഫ് ദി സീരീസ് പുരസ്കാരവുമായാണ്. കോലി എന്ന പോരാളിക്ക് ഇതില്‍പ്പരം തെളിവെന്ത്.
കണക്കുകളിലെ കിംഗ്
2008ലെ അണ്ടര്‍ 19 ലോകകപ്പോടെ ക്രിക്കറ്റ് പണ്ഡിതരുടെ മനസില്‍പ്പതിഞ്ഞ ബാറ്റിംഗ് സെന്‍സേഷനാണ് വിരാട് കോലി. അതേ വര്‍ഷം ഐപിഎല്‍, ഏകദിന അരങ്ങേറ്റങ്ങള്‍, 2010ല്‍ ട്വന്റി20 ഡെബ്യൂ… 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് വിരാട് കോലി ടീം ഇന്ത്യക്കായി ആദ്യമായി ടെസ്റ്റ് കുപ്പായമണിഞ്ഞത്. ക്രിക്കറ്റിന്റെ ലോംഗ് ഫോര്‍മാറ്റില്‍ അതൊരു ചരിത്രപുരുഷന്റെ ആഗമനമായി. നാലാം നമ്പറില്‍ ആ 18-ാം നമ്പര്‍ ജേഴ്സിക്കാരന് താരതമ്യങ്ങളില്ലാത്ത പ്രകടനം പുറത്തെടുത്തു. ബാറ്റിംഗിനിറങ്ങിയ 3, 5, 6 സ്ഥാനങ്ങളേക്കാളെല്ലാം കോലിക്ക് പ്രിയങ്കരമായി ടു ഡൗണ്‍. 123 മത്സരങ്ങള്‍ നീണ്ട ടെസ്റ്റ് കരിയറില്‍ കോലി നാലാം നമ്പറില്‍ 93 മത്സരങ്ങള്‍ കളിച്ചു. നാലാമനായി 51-ലധികം ബാറ്റിംഗ് ശരാശരിയില്‍ 7374 റണ്‍സ് അടിച്ചുകൂട്ടി. സച്ചിന് ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷം നാലാം നമ്പറില്‍ കോലി ഒരു ദശകത്തോളം ടീം ഇന്ത്യയുടെ നെടുന്തൂണായി.
ടെസ്റ്റ് കരിയറിലാകെ 210 ഇന്നിംഗ്സുകളില്‍ 9230 റണ്‍സാണ് കോലിത്തൂക്കം. ബാറ്റിംഗ് ശരാശരി 46.85 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 55.58. കിംഗിന്റെ പേരിനൊപ്പം തിളങ്ങി ഏഴ് ഇരട്ട സെഞ്ചുറികളും 30 ശതകങ്ങളും 31 അര്‍ധസെഞ്ചുറികളും. ലോകത്തെ ഏതാണ്ടെല്ലാ മൈതാനങ്ങളിലെയും ഓണേര്‍സ് ബോര്‍ഡില്‍ കോലിയുടെ മൂന്നക്കം തെളിഞ്ഞു. ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പിറന്ന 254.
ഫാബുലസ് ഫോര്‍
സച്ചിന് ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ്, സൗരവ് ഗാംഗുലി, വീരു ഇറയ്ക്ക് ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായി കോലി വാഴ്ത്തപ്പെട്ടു. മുട്ടിനില്‍ക്കാന്‍ പാകത്തിനുള്ളത് ചേതേശ്വര്‍ പൂജാര എന്ന രണ്ടാം വന്മതില് മാത്രം. ലോക ക്രിക്കറ്റിലെ ഫാബുലസ് ഫോറില്‍ അങ്ങനെയായിരുന്നില്ല കോലി നേരിട്ട അഗ്നിപരീക്ഷ. സ്റ്റീവ് സ്മിത്ത് സമകാലിക ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്ററെന്ന ഖ്യാതി നേടി. ജോ റൂട്ട് റണ്‍മെഷീനായി മാറിയപ്പോള്‍ കെയ്ന്‍ വില്യംസണും കോലിക്ക് കടുത്ത മത്സരം നല്കി.
14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ അനവധി റെക്കോര്‍ഡുകള്‍ പേരിലാക്കിയിട്ടും കോലിക്ക് തിരിച്ചടികളുടെ കാലമുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവ് സംഭവിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം 1990 റണ്‍സേ കോലിക്കുള്ളൂ. കോലിയുടെ ടെസ്റ്റ് പടിയിറക്കത്തിലേക്ക് നയിച്ച പ്രധാന കാരണം അതുതന്നെ.
ക്യാപ്റ്റന്‍ കോലി
വിശ്വസ്ത ബാറ്ററായ കോലി മാത്രമല്ല, ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ മറ്റൊരു കോലി കൂടി ഇന്ത്യന്‍ ക്രിക്കറ്റിനുണ്ട്. ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകന്. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി 40 വിജയങ്ങള്‍ നേടിത്തന്നു. 2015ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടക്കുവെച്ച് എം എസ് ധോണി അപ്രതീക്ഷിതമായി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ കോലിയിലേക്ക് ക്യാപ്റ്റന്റെ ആംബാന്‍ഡ് എത്തുകയായിരുന്നു. അവിടെ നിന്ന് കോലി ടീം ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന് എന്ന അമരത്തേക്കെത്തി. ഈ പടിയിറക്കം വേദനജനകമെങ്കിലും അനിവാര്യതയാണ്. കാരണം, രാജാവിന്റെ സിംഹാസനം അയാളെത്തേടി ഏറെക്കാലം മുമ്പേയെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]