
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന് അറസ്റ്റ്: റിജാസിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണം; കൊച്ചിയിലെ വീട്ടിൽ പരിശോധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ വിമർശിച്ചതിന്റെ പേരിൽ നാഗ്പുരിൽ അറസ്റ്റിലായ മലയാളി യുവാവിനെതിരെ കേരളത്തിലുള്ള കേസുകളിലും അന്വേഷണം. ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമ പ്രവർത്തകനുമായ റിജാസ് എം.ഷീബ സൈദീക്കാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന, നാഗ്പുർ പൊലീസ് എന്നിവർ ഇന്നലെ വൈകിട്ട് കൊച്ചി എളമക്കരയ്ക്കടുത്തുള്ള കീർത്തി നഗറിലെ റിജാസിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
റിജാസിന്റെ കുടുംബത്തെ ചോദ്യം ചെയ്ത സംഘം കേരളത്തിലുള്ള കേസുകൾ സംബന്ധിച്ച കാര്യങ്ങളും ശേഖരിക്കുന്നുണ്ട്. കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറിൽ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേർക്കെതിരെ ഏപ്രിൽ ഒടുവിൽ പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരൽ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിൽപ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോർട്ടിന്റെ പേരിലും റിജാസിനെതിരെ കേസെടുത്തിരുന്നു. വടകര പൊലീസാണ് അന്ന് കേസെടുത്തത്. യഹോവയുടെ സാക്ഷികൾ വിഭാഗം നടത്തിയ കൺവെൻഷനിടെയുണ്ടായ സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെടുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തമ്മനം സ്വദേശിയായ ഡൊമിനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി.
ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം നാഗ്പുരിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം റിജാസിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 13 വരെ റിജാസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.