
കോഴിക്കോട് പന്തീരങ്കാവിൽ പൊലീസിനെ തടഞ്ഞ് നാട്ടുകാർ പ്രതിയെ മോചിപ്പിച്ച കേസിൽ തന്നെ കൊടുംകുറ്റവാളിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ഒളിവിലുള്ള ഷിഹാബ്. സുഹൃത്തുക്കൾക്ക് ഷിഹാബ് അയച്ച വീഡിയോ സന്ദേശത്തിലാണ് പൊലീസ് തന്നെ കളളക്കേസിൽ കുടുക്കിയതായി ആരോപണമുളത്. പൊലീസിനെ തടഞ്ഞ നാട്ടുകാർക്കെതിരെ കേസ് എടുത്തതോടെ ആശങ്ക പരിഹരിക്കാൻ ഒളവണ്ണ പഞ്ചായത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും.
വാഹന മോഷണകേസ് പ്രതിയ്ക്കായി പോലിസ് ഒളവണ്ണ പഞ്ചായത്തിലും സമീപത്തും തെരച്ചിൽ തുടങ്ങിയതിന് പിന്നാലെയാണ് നിരപരാധി ആണെന്ന് അവകാശപ്പെട്ടുള്ള ഷിഹാബിന്റെ വീഡിയോ പുറത്തുവന്നത്. വാഹനം മോഷ്ടിച്ചിട്ടില്ലെന്നും കാറ് വാങ്ങിയതുമായി ബന്ധപ്പെട്ട് കള്ളക്കേസിൽ കുടുക്കാനാണ് പോലിസ് ശ്രമമെന്നും കൂട്ടുകാർക്ക് അയച്ച വീഡിയോയിൽ ഷിഹാബ് പറയുന്നു.
വ്യാഴാഴ്ച രാത്രി പുളങ്കരയിലെ വീട്ടിൽ നിന്ന് ഷിഹാബിനെ പിടികൂടുന്നത് നാട്ടുകാർ തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു. പണയ വാഹനം മോഷ്ടിച്ചെന്ന പരാതിയിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഞാറയ്ക്കൽ പോലിസ് ആണ് അന്വേഷണം നടത്തുന്നത്. സ്വകാര്യ വാഹനത്തിൽ സിവിൽ ഡ്രസിൽ എത്തിയ പോലിസ് സംഘത്തെ ക്വട്ടേഷൻ സംഘമെന്ന് കരുതിയാണ് തടഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.
പോലിസ് സഞ്ചരിച്ച വാഹനം പൂളങ്കരയിൽ പലതവണ ചുറ്റിയടിച്ചതും സംശയത്തിനിടയാക്കി. ഡ്രൈവറായ ഷിഹാബിന് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും നാട്ടുകാരുടെ ഇടപെടലിന് കാരണമായി. സംഘർഷത്തിൽ മൂന്ന് പോലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പൊലിസിന്റെ കൃത്യ നിർവഹണം തടഞ്ഞതിന് 100 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പലരെയും അന്വേഷിച്ച് പോലിസ് വീട്ടിലും ചെന്നു. പോലിസ് അകാരണമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്
Last Updated May 12, 2024, 6:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]