
ലോര്‍ഡ്സ്: വിരമിക്കല്‍ തിയതി പ്രഖ്യാപിച്ച് ഇംഗ്ലീഷ് പേസ് ഇതിഹാസം ജിമ്മി ആന്ഡേഴ്സണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2024 ജൂലൈ 10ന് ലോര്‍ഡ്സില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റോടെ രണ്ട് പതിറ്റാണ്ട് നീണ്ട രാജ്യാന്തര കരിയറിന് തിരശ്ശീലയിടുമെന്ന് 41 വയസുകാരനായ ജയിംസ് ആന്ഡേഴ്സണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. 2003 മെയ് 22ന് സിംബാബ്വെക്കെതിരെ കളിച്ച് ജിമ്മി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മൈതാനമാണ് ലോര്‍ഡ്സ്.
വരുന്ന സമ്മര്‍ സീസണിന്റെ തുടക്കത്തില്‍ ജിമ്മി ആന്ഡേഴ്സണ് വിരമിക്കുമെന്ന സൂചന ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ തിയതിയും വേദിയും എതിരാളികളെയും അറിയിച്ചുകൊണ്ട് ജിമ്മി തന്നെ ആരാധകരെ കരിയറിലെ അവസാന ടെസ്റ്റിന് ക്ഷണിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഗണത്തില്‍പ്പെടുന്ന ആന്ഡേഴ്സണ് വിക്കറ്റ് വേട്ടയില്‍ മുത്തയ്യ മുരളീധരനും ഷെയ്ന് വോണിനും പിന്നില്‍ മൂന്നാംസ്ഥാനം അലങ്കരിക്കുന്ന താരമാണ്. 187 ടെസ്റ്റുകളില്‍ 700 വിക്കറ്റുകള്‍ ആന്ഡേഴ്സണ് വീഴ്ത്തി. അവസാന ടെസ്റ്റില്‍ 9 വിക്കറ്റുകള്‍ തന്റെ പേരിനൊപ്പം ചേര്‍ത്താല്‍ വോണിന്റെ 708 വിക്കറ്റുകളുടെ റെക്കോര്‍ഡ് ജയിംസ് ആന്‍ഡേഴ്സണിന് തകര്‍ക്കാം.
‘രാജ്യത്തെ 20 വര്‍ഷം പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്, ഇംഗ്ലണ്ട് ടീമിനെ ഏറെ മിസ് ചെയ്യും. എന്നാല്‍ എനിക്ക് ലഭിച്ചത് പോലെ മറ്റുള്ളവര്‍ക്കും അവസരങ്ങള്‍ കിട്ടാന്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള സമയമാണിത്’ എന്നും ജയിംസ് ആന്ഡേഴ്സണ് വിരമിക്കല്‍ പ്രഖ്യാപന കുറിപ്പില്‍ എഴുതി. ജയിംസ് ആന്‍ഡേഴ്സണും വിരമിക്കുന്നതോടെ ജിമ്മി-ബ്രോഡ് സുവര്ണതലമുറയ്ക്കും വിരാമമാകും. മറ്റൊരു ഇതിഹാസ ഇംഗ്ലീഷ് പേസറായ സ്റ്റുവര്‍ട്ട് ബ്രോഡ് കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. 187 ടെസ്റ്റ് മത്സരങ്ങളില്‍ 700 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍ 269 വിക്കറ്റുകളും 19 രാജ്യാന്തര ട്വന്റി 20കളില്‍ 18 വിക്കറ്റുകളുമാണ് ആന്ഡേഴ്സണ് നേടിയത്. ഏകദിന, ടി20 ഫോര്‍മാറ്റുകള്‍ ആന്ഡേഴ്സണ് വര്‍ഷങ്ങള്‍ മുന്നേ മതിയാക്കിയിരുന്നു.
Last Updated May 11, 2024, 5:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]