
ചണ്ഡിഗഢ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ ബി ജെ പി സർക്കാറിനെ പിരിച്ചുവിടാൻ ഗവർണർക്ക് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു സ്വതന്ത്ര എം എൽ എകൂടി ഗവർണർക്ക് കത്ത് നൽകി. ഹരിയാനയിൽ ഇനി ഗവർണർ ബന്ദാരു ദത്താത്രേയയുടെ നിലപാടാണ് ഏറ്റവും നിർണായകമാകുക. നായബ് സൈനി സർക്കാറിന് പിന്തുണ പിൻവലിച്ച 3 സ്വതന്ത്ര എം എൽ എമാരെ കൂടാതെയാണ് ഒരു എം എൽ എ കൂടി സർക്കാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. മേഹം എം എൽ എയായ ബൽരാജ് കുണ്ടുവാണ് ഗവർണർക്ക് കത്ത് നൽകിയത്. മനോഹർലാൽ ഘട്ടർ സർക്കാറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച എം എൽ എയാണ് ബൽരാജ് കുണ്ടു. ജെ ജെ പിയും കോൺഗ്രസും കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു.
ഇതിനിടെ ബി ജെ പിയെ എതിർക്കുന്നതിനെ ചൊല്ലി ജെ ജെ പിയിൽ തുടങ്ങിയ തർക്കം പൊട്ടിത്തെറിയിലെത്തുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെ ജെ പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടൊഹാന എം എൽ എ ദേവേന്ദ്ര സിംഗ് ബബ്ലിയാണ് പരസ്യമായി മുന്നറിയിപ്പ് നൽകിയത്. ജെ ജെ പി ആരുടെയും കുടുംബ പാർട്ടി അല്ലെന്നും ബബ്ലി പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളെ കണ്ട നാല് ജെ ജെ പി എം എൽ എമാരിൽ ഒരാളാണ് ബബ്ലി.
ബബ്ലിയടക്കം മൂന്ന് പേർക്ക് ജെ ജെ പി കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു. ന്യൂനപക്ഷ സർക്കാറിനെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിട്ടും ഗവർണർ നടപടിയെടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇന്നലെ ഗവർണറെ കണ്ട കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി നായബ് സൈനി ഇന്നും ആവർത്തിച്ചു.
Last Updated May 11, 2024, 6:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]