
‘മാലിന്യ സംസ്കരണത്തില്‍ കേരളം രാജ്യത്തിന് മാതൃക; കേരളീയനെന്ന് അറിയപ്പെടുന്നതില്‍ അഭിമാനം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മാലിന്യ സംസ്കരണത്തില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും കേരളീയനെന്ന് അറിയപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഗവര്‍ണര്‍ . വൃത്തി 2025 കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം ജനങ്ങളുടെ പങ്കാളിത്തമാണ്. മന്ത്രി കഠിനപരിശ്രമം വിജയത്തിലെത്തുകയാണ്. സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ചു നേടിയ വിജയം മുഴുവന്‍ കേരളീയരുടേയും വിജയമാണ്. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത വൃത്തി സ്ഥിരമായ ഒന്നല്ലെന്നും വൃത്തി ഒരു ശീലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന ബോധമുണ്ടാകണം. ഉറവിട കേന്ദ്രീകൃതമായ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ വ്യാപകമാക്കണം. അതിലൂടെ വൃത്തിശീലം ജനജീവിതത്തിന്റെ ഭാഗമാക്കാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട എതിര്‍പ്പുകളില്‍ സമവായമുണ്ടാക്കാനായി എന്നതാണ് വൃത്തി 2025 കോണ്‍ക്ലേവിന്റെ ഏറ്റവും വലിയ നേട്ടമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വച്ഛതയും വൃത്തിയുമെന്നത് ഇന്ന് ഇന്ത്യയിലൊട്ടാകെ ഒരു മുഖ്യ അജണ്ടയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
മാലിന്യ സംസ്കരണം; ആമ്പല്ലൂരിനും ഗുരുവായൂരിനും കോഴിക്കോടിനും പുരസ്കാരം
സംസ്ഥാനത്ത് ഏറ്റവും മികച്ച മാലിന്യ സംസ്കരണ പ്രവര്‍ത്തനം നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്കാരത്തിന് എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയും കോഴിക്കോട് കോര്‍പറേഷനും അര്‍ഹരായി. പഞ്ചായത്തുകളില്‍ കോഴിക്കോട് ജില്ലയിലെ മണിയൂര്‍ രണ്ടാം സ്ഥാനവും ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. കണ്ണൂര്‍ ജില്ലയിലെ ആന്തൂരും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയും മുനിസിപ്പാലിറ്റികളുടെ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. തൃശൂര്‍ കോര്‍പറേഷനാണ് കോര്പറേഷന് വിഭാഗത്തില്‍ രണ്ടാം സ്ഥാനം. ആറ്റുകാല്‍ പൊങ്കാല, സംസ്ഥാന സ്കൂള്‍ കലോത്സവം എന്നീ പരിപാടികളുമായി ബന്ധപ്പെട്ടു മികച്ച മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തിരുവനന്തപുരം കോര്പറേഷന് പ്രത്യേക പുരസ്കാരം ലഭിച്ചു.
ഐആര്‍ടിസി സംസ്ഥാനത്തെ മികച്ച ഹരിത സഹായ സ്ഥാപനം
സംസ്ഥാനത്തെ മികച്ച ഹരിത സഹായ സ്ഥാപനമായി ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിനെ (ഐആര്‍ടിസി) തിരഞ്ഞെടുത്തു. വൃത്തി 2025 ക്ലീൻ കേരള ക്ലേവിൽ മന്ത്രി എം.ബി. രാജേഷിൽ നിന്ന് ഐആർടിസി ചെയർപഴ്സൺ ടി.കെ.മീരാഭായി അവാർഡ് ഏറ്റുവാങ്ങി.
ഹരിതകർമ്മ സേനയെ ശാക്തീകരിക്കുന്നതിനും മാലിന്യസംസ്കരണത്തെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും ശുചിത്വ മിഷൻ എംപാനൽ ചെയ്തിട്ടുള്ള 51 സ്ഥാപനങ്ങളിൽ നിന്നാണ് ഐആർടിസിയെ മികച്ച സ്ഥാപനമായി തെരഞ്ഞെടുത്തത്. 10 ജില്ലകളിലായി ഏഴ് നഗരസഭകൾ അടക്കം 172 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണു ഹരിതസഹായ സ്ഥാപനമായി ഐആര്‍ടിസി പ്രവർത്തിക്കുന്നത്. ഈ തദ്ദേശ സ്വയം സ്വയംഭരണ സ്ഥാപനങ്ങളിലായി 6309 ഹരിത കർമ്മസേന അംഗങ്ങളുടെ ശാക്തീകരണ പ്രവർത്തനങ്ങളാണ് ഐആര്‍ടിസി ഏറ്റെടുത്തിട്ടുള്ളത്.
100 % യൂസർ ഫീ കളക്ഷൻ കൈവരിച്ച 51 തദ്ദേശസ്ഥാപനങ്ങളും 91% മുകളിൽ യൂസർ ഫീ കളക്ഷൻ നേടിയ 89 തദ്ദേശസ്ഥാപനങ്ങളും ഐആർടിസിയുടെ സഹായത്തോടെ 2025 മാർച്ച് മാസത്തിൽ മികവുകാട്ടി. 23000 ടൺ അജൈവ മാലിന്യമാണ് ഈ വർഷം തദ്ദേശസ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച് തരം തിരിച്ച് കൈമാറിയത്. സാമ്പത്തികമായും സാമൂഹ്യമായും ദുർബലത നേരിടുന്നവരാണ് ഹരിത കർമ്മസേനയിൽ ഏറെയും. ഇവരെ ശാക്തീകരിക്കുന്നതിനായി രാത്രി നടത്തവും തെരുവു കലാപരിപാടികളും ഉൾപ്പെടുത്തിയ പെൺരാവേറ്റം അവരുടെ ആത്മവിശ്വാസം വളർത്തി.
ഹരിത കർമ്മസേനയുടെ അനുഭവക്കുറിപ്പുകളുടെ പുസ്തക പ്രസിദ്ധീകരണം, 1000 ത്തി ലധികം പേരെ തുടർ സാക്ഷരതയുടെ ഭാഗമാക്കി റജിസ്റ്റർ ചെയ്യിച്ച് 10-ാം ക്ലാസ്, +2 തുല്യതാ യോഗ്യരാക്കൽ, മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങളേയും ഡിജിറ്റൽ സാക്ഷരാക്കൽ, വിമാന യാത്ര തുടങ്ങിയവ സംഘടിപ്പിച്ചു. 16 ഗ്രാമ പഞ്ചായത്തുകളിലെ 540 ഹരിത കർമ്മസേന അംഗങ്ങൾ ഇതിനകം വിമാന യാത്ര നടത്തിയിട്ടുണ്ട്. ആകെയുള്ള ഹരിത കർമ്മസേന അംഗങ്ങളിൽ 10,000 രൂപയ്ക്ക് മുകളിൽ പ്രതിമാസ വേതനം വാങ്ങുന്ന 64 % പേർ ഇന്നുണ്ട്. 400-ലധികം സംരഭങ്ങൾ ഹരിത കർമ്മസേനയുടെ അധിക വരുമാനത്തിനായി ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള പരിശീലനവും ഐആര്‍ടിസിയാണ് നൽകുന്നത്. മാലിന്യ മുക്ത നവകേരളത്തിനായുള്ള ജനകീയ ക്യാംപയിൻ, ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സംഘാടന നേതൃത്വം വഹിച്ചത് ഐആർടിസിയാണ്.
ബ്രഹ്മപുരത്തെ മാലിന്യങ്ങള്‍ ജൈവവളമായി ദുബായിലേക്ക്
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ജൈവ മാലിന്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവവളം വ്യാവസായികാടിസ്ഥാനത്തില്‍ കടല്‍ കടക്കുന്നു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശികളായ ലത്തീഫിന്റെയും നിയാസിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്കോ എന്ന സ്വകാര്യ സ്ഥാപനമാണ് പ്രതിദിനം 25 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ബ്രഹ്മപുരത്ത് സ്ഥാപിച്ചത്. 120 ടണ്‍ ജൈവവളം അടങ്ങുന്ന ആദ്യ കണ്ടെയ്നര്‍ അടുത്തയാഴ്ച ദുബായിലേക്ക് കയറ്റിയയക്കും. ജൈവ മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നതോടൊപ്പം സംസ്ഥാനത്തിന് വിദേശനാണ്യം നേടിത്തരുകയും ചെയ്യുന്ന പദ്ധതിയാണിത് എന്നതാണ് സവിശേഷത.
പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് ജൈവ മാലിന്യം എട്ട് ദിവസംകൊണ്ട് കമ്പോസ്റ്റ് ആക്കി മാറ്റും. ദുബായ് ആസ്ഥാനമായ റിഫാം എന്ന കമ്പനി ഫാബ്കോയെ സമീപിച്ചതോടെയാണ് ബ്രഹ്മപുരം പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ജൈവവളം കയറ്റുമതിചെയ്യാനുള്ള അവസരമൊരുങ്ങിയത്. പട്ടാളപ്പുഴുവിനെ ഉപയോഗിച്ചു സംസ്കരിച്ചെടുക്കുന്ന ജൈവവളത്തിന്റെ ഗുണമേന്മ മനസിലാക്കിയ റിഫാം, ഫാബ്കോയുമായി കരാറിലെത്തുകയായിരുന്നു.
2023ല്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധക്കു പിന്നാലെയാണ് ജൈവ മാലിന്യ സംസ്കരണപ്ലാന്റ് ആരംഭിക്കാന്‍ താല്പര്യമുള്ളവരെ കൊച്ചി കോര്പറേഷന് ക്ഷണിച്ചത്. ഫാബ്കോ ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നു. കോര്‍പറേഷനുമായുണ്ടാക്കിയ കരാറനുസരിച്ച് പ്രതിദിനം 25 ടണ്‍ ജൈവമാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് മൂന്നു മാസംകൊണ്ടാണ് തയാറാക്കിയത്. പ്ലാന്റിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം വിലയിരുത്തി സംസ്കരണ ശേഷി പ്രതിദിനം 50 ടണ്ണായി വര്‍ധിപ്പിക്കാന്‍ കൊച്ചി കോര്പറേഷന് അനുമതി നല്കി.
ത്രികക്ഷി കരാര്‍ ഒപ്പുവച്ചു
കേരളത്തിന്റെ മാലിന്യ സംസ്കരണ മേഖലയിലെ നിര്‍ണായക ചുവടുവെപ്പായ കൊച്ചി ബ്രഹ്മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സംബന്ധിച്ച ത്രികക്ഷി കരാര്‍ ഒപ്പുവച്ചു. വൃത്തി 2025 ദേശീയ കോണ്‍ക്ലേവിന്റെ ഭാഗമായി മാസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്വച്ച് സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പറേഷനും ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡുമാണ് കരാറില്‍ ഒപ്പുവെച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി അനുപമ ടി.വി, ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശങ്കര്‍.എം, കൊച്ചി കോര്‍പ്പറേഷന്‍സെക്രട്ടറി പി.എസ്. ഷിബു എന്നിവരാണ് ത്രികക്ഷി കരാറില്‍ ഒപ്പുവച്ചത്. മന്ത്രി എം.ബി. രാജേഷ്, കൊച്ചി കോര്പ്പറേഷന് മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
5000 കോടിയിലധികം നിക്ഷേപിക്കാൻ തയ്യാർ
മാലിന്യ നിർമാർജനരംഗത്ത് 5000 കോടിയിലധികം രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ച് വൻകമ്പനികൾ രംഗത്ത്. സാനിറ്ററി, ആർഡിഎഫ്, ജൈവ-അജൈവ മാലിന്യം, സംയോജിത മാലിന്യ നിർമാർജ്ജന പ്ലാന്റുകൾ, വേസ്റ്റ് ടു എനർജി പ്ലാന്റുകൾ, ദ്രവമാലിന്യ സംസ്ക്കരണ പ്ലാന്റുകൾ, റീസൈക്ലിങ് – അപ് സൈക്ലിങ് സംരംഭങ്ങൾ, മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റുകൾ, മറ്റ് മാലിന്യ നിർമാർജ്ജന പദ്ധതികളിലെല്ലാം നിക്ഷേപിക്കാൻ തയ്യാറായാണ് വിവിധ കമ്പനികൾ മുന്നോട്ട് വന്നിരിക്കുന്നത്. റീസസ്റ്റൈനബിലിറ്റി ബിപിസിഎൽ, മലബാർ സിമന്റ്സ് എന്നീ പ്രധാന കമ്പനികള്‍ ഉള്‍പ്പെടെയാണ് വലിയ രീതിയിലുള്ള നിക്ഷേപം നടത്തുവാനായി മുന്നോട്ട് വന്നിരിക്കുന്നത്.