
ഇക്കുറിയും റെയിൽവേയുടെ ‘ആധിക്കാല’ സ്പെഷൽ ട്രെയിൻ; ആകെ നാലെണ്ണം, ടിക്കറ്റെല്ലാം എന്നേ തീർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആവശ്യത്തിന് ഉണ്ടാവില്ല, ഉള്ളത് അവസാന മണിക്കൂറിലും. അവധിക്കാല സ്പെഷൽ ട്രെയിനിൽ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അവധിക്കാലത്ത് യാത്രയ്ക്കും അവധി. യാത്രക്കാർക്ക് ആധി. അവധിക്കാല സ്പെഷൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിക്കാതെ യാത്രക്കാരെ കറക്കുന്ന റെയിൽവേയുടെ ‘വിനോദത്തിന്’ ഈ മാറ്റമില്ല. ഉയർന്ന നിരക്കു നൽകി ബസുകളിൽ നാടണയാനുള്ള തയാറെടുപ്പിലാണ് ബെംഗളൂരു–ചെന്നൈ മലയാളികൾ. ആകെ നാലു ട്രെയിനുകൾ മാത്രം.
നിരന്തര ആവശ്യത്തെ തുടർന്ന് ചെന്നൈയിൽ നിന്നു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും കേരളത്തിലേക്കുള്ളത് കൊല്ലം ട്രെയിൻ മാത്രമായിരുന്നു. കന്യാകുമാരി, പോത്തന്നൂർ എന്നിവിടങ്ങളിലേക്കാണു മറ്റു ട്രെയിനുകൾ. ഇവിടങ്ങളിൽനിന്നു കേരളത്തിലേക്കു തുടർയാത്ര നടത്താമെന്നതാണ് ആശ്വാസം. അതേസമയം വിഷുവിനു കൂടുതൽ യാത്രക്കാരുള്ള മലബാർ മേഖലയിലേക്ക് ചെന്നൈയിൽ നിന്നും ഒറ്റ സ്പെഷൽ ട്രെയിൻ പോലും മുൻകൂട്ടി അനുവദിച്ചില്ല. നിലവിലുള്ള എല്ലാ ട്രെയിനുകളിലെയും ടിക്കറ്റുകൾ മാർച്ച് ആദ്യ വാരത്തോടെ തീർന്നിരുന്നു.
അവധിക്കാല സ്പെഷൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഇത്തവണയും പരിഗണിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചാൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീരുമെന്നിരിക്കെ ഇതിനു തയാറാകാത്ത നിലപാടിനെയാണ് യാത്രക്കാർ ചോദ്യം ചെയ്യുന്നത്. അടുത്ത വർഷം മുതല് സ്പെഷൽ ട്രെയിനുകൾ രണ്ടു മാസം മുൻപെങ്കിലും പ്രഖ്യാപിക്കാൻ റെയിൽവേ തയാറാകണമെന്നു ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു. ഇതോടെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് പുതിയ ട്രെയിനുകൾ പ്രഖ്യാപിക്കാനും സാധിക്കും.
ബെംഗളൂരു സ്പെഷലിലും രക്ഷയില്ല
വിഷുവിനോട് അനുബന്ധിച്ചുള്ള തിരക്ക് പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ – പശ്ചിമ റെയിൽവേ. ഇന്ന് വൈകിട്ട് ബയ്യപ്പനഹള്ളി ടെർമിനലിൽനിന്ന് എറണാകുളം ജംക്ഷനിലേക്കു പുറപ്പെടുന്ന സ്പെഷൽ ട്രെയിനിൽ റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലായി. മടക്കസർവീസ് 14ന് രാത്രിയാണ്.
ബയ്യപ്പനഹള്ളി ടെർമിനൽ– എറണാകുളം സ്പെഷൽ (06575)
ഇന്നു വൈകിട്ട് 4.35ന് ബയ്യപ്പനഹള്ളിയിൽനിന്നു പുറപ്പെട്ടു നാളെ പുലർച്ചെ 3ന് എറണാകുളത്തെത്തും. കെആർ പുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് സ്റ്റോപ്. ഒരു എസി ത്രീടയർ, ഒരു എസി ടുടയർ, 8 സ്ലീപ്പർ, 4 ജനറൽ കോച്ചുകളാണുള്ളത്.
എറണാകുളം– ബയ്യപ്പനഹള്ളി ടെർമിനൽ സ്പെഷൽ (06576)
14ന് രാത്രി 10ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 10.55ന് ബെംഗളൂരുവിലെത്തും.
കണ്ണൂർ സ്പെഷൽ നിറഞ്ഞോടി!
ബെംഗളൂരുവിൽനിന്നു കണ്ണൂരിലേക്ക് അവസാനനിമിഷം പ്രഖ്യാപിച്ച സ്പെഷൽ ട്രെയിൻ പുറപ്പെട്ടതു മുഴുവൻ സീറ്റുകളും നിറഞ്ഞ്. കണ്ണൂരിലേക്കുള്ള 2 പ്രതിദിന ട്രെയിനുകളിലേയും ടിക്കറ്റുകൾ നേരത്തേ തന്നെ തീർന്നിരുന്നെങ്കിലും വ്യാഴാഴ്ച രാത്രിയാണ് സ്പെഷൽ ട്രെയിനിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്. ഇന്നലെ രാത്രി 11.55ന് ബയ്യപ്പനഹള്ളി ടെർമിനലിൽനിന്ന് പുറപ്പെട്ട ട്രെയിൻ പാലക്കാട്, കോഴിക്കോട് വഴി ഇന്ന് ഉച്ചയ്ക്ക് 1.30നു കണ്ണൂരിലെത്തും. വിഷുദിനത്തിൽ കണ്ണൂരിൽനിന്ന് മടങ്ങും. വൈകിട്ട് 6.25ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 8ന് ബയ്യപ്പനഹള്ളിയിലെത്തും. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കുപ്പം, ബംഗാർപേട്ട്, കെആർ പുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്.