
മലബാറിന് ലഭിച്ച ഓശാന സമ്മാനം; കോഴിക്കോട് രൂപത ഇനി അതിരൂപത, ഡോ.വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ അത്താണിയായി മാറിയ കോഴിക്കോട് രൂപത ഇനി അതിരൂപത. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയം അതിരൂപതയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രഖ്യാപനം നടത്തിയത്. മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചു. കണ്ണൂർ രൂപതാ ബിഷപ് അലക്സ് വടക്കുംതല മാർപാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷ വായിച്ചു.
കോഴിക്കോട് രൂപത അതിരൂപതയായി ഉയർത്തിയതിനൊപ്പം ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ ആർച്ച് ബിഷപ്പായും ഉയർത്തപ്പെട്ടു. ഇതോടെ കോഴിക്കോട് അതിരൂപതയുെട ആദ്യത്തെ ആർച്ച് ബിഷപ്പായി ഡോ.വർഗീസ് ചക്കാലയ്ക്കൽ മാറി. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലായിരിക്കും.
മലബാറിന് ലഭിച്ച ഓശാന സമ്മാനമാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയതെന്ന് മാർ ജോസഫ് പാംപ്ലാനി ആശംസയർപ്പിച്ചുകൊണ്ട് പറഞ്ഞു. മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അതിരൂപത പദവിയും ആർച്ച് ബിഷപ് പദവിയും ഒരുമിച്ച് ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ രൂപതാ മെത്രാൻ അലക്സ് വടക്കുംതല, താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, സുൽത്താൻ പേട്ട് മെത്രാൻ ആന്റണി സാമി തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എം.കെ.രാഘവൻ എം.പി, ടി.സിദ്ദിഖ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളെത്തി ആശംസകൾ അർപ്പിച്ചു.
രണ്ട് വർഷം മുമ്പ് ശതാബ്ദി ആഘോഷിച്ച കോഴിക്കോട് രൂപത നൂറ്റിരണ്ടാം വർഷത്തിലേക്ക് കടന്നപ്പോഴാണ് അതിരൂപതയായി ഉയർത്തപ്പെട്ടത്. മലബാറിന്റെ വികസന ചരിത്രത്തിൽ പ്രധാന പങ്കുവഹിച്ച കോഴിക്കോട് രൂപത 1923 ജൂൺ 12നാണ് നിലവിൽ വന്നത്.