
എങ്ങനെ തൃശൂർ കടക്കും? ഇത് എൻഎച്ച് വക ബർമുഡാ ട്രയാംഗിളോ! ഈ ‘കുരുക്കിട്ട യാത്ര’യ്ക്കാണോ ടോൾ കൊടുക്കുന്നത്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തെക്കൻ കേരളത്തിലേക്ക് പോകുന്ന യാത്രക്കാരാണോ നിങ്ങൾ. എന്നാൽ തൃശൂർ ജില്ലയിൽ നിങ്ങളെ കാത്തിരിക്കുന്നത് കൂറ്റൻ . എല്ലാ റോഡുകളും ഒരേ സമയം പൊളിച്ചാണ് ദേശീയപാത അധികൃതരുടെ അവധിക്കാല സമ്മാനം. കടക്കുന്ന വാഹനങ്ങൾ ബർമുഡാ ട്രയാംഗിളിൽ പെടുന്ന കപ്പൽ പോലെയാണ്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പാണ് നിങ്ങളെ കാത്തിരിക്കുന്നത്. കപ്പലുകൾക്ക് ബർമുഡ ഒഴിവാക്കാം. പക്ഷേ തൃശൂർ കുരുക്ക് ഒഴിവാക്കാൻ നിങ്ങൾക്കു സാധിക്കില്ല. ദേശീയ പാതയിലെ കുരുക്ക് സംബന്ധിച്ച് മനോരമ ഓൺലൈൻ നടത്തിയ അന്വേഷണം വായിക്കാം.
3 റോഡുകളും ഒരേ സമയം ബ്ലോക്ക്
കൊച്ചി – സേലം ദേശീയപാത 544ൽ പണി നടക്കുന്നതിനാലാണ് ഇത്തവണത്തെ യാത്ര ദുഷ്കരമായത്. തെക്കൻ കേരളത്തെ വടക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളെല്ലാം ഒരേ സമയം ‘പൊളിച്ചതോടെ’ ഇത്തവണ പല മലയാളികളുടെയും വിഷു ആഘോഷം റോഡിലാകാനാണ് സാധ്യത. ദേശീയ പാത 544ലെ അങ്കമാലി – പാലിയേക്കര ടോൾ ഭാഗം, തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാത, നിലവിൽ 6 വരിയാക്കുന്ന ദേശീയപാത 66 എന്നിവയാണ് ഒരേസമയം യാത്രക്കാർക്ക് ‘പണി’ തരുന്നത്. ഇതോടെ മലബാറിനെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന 3 പ്രധാന റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി മാറിയിരിക്കുകയാണ്.
ടോൾ കൊടുത്താൽ ക്യൂ ഫ്രീ
മണ്ണുത്തി – അങ്കമാലി യാത്രയ്ക്ക് ഒരു മണിക്കൂർ എന്ന പ്രഖ്യാപനവുമായി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ദേശീയപാത 544ന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എൻഎച്ച് അതോറിറ്റിയുടെ പിടിപ്പുകേടാണെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. മലബാറിൽ നിന്ന് തൃശൂർ വഴി വരുന്ന വാഹനങ്ങളും പാലക്കാട് ഭാഗത്തു നിന്ന് വരുന്ന അന്തർ സംസ്ഥാന വാഹനങ്ങളും ചേരുന്ന പാലിയേക്കര ടോളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. വാഹനനിര ഒരു പരിധി കടന്നാൽ ടോൾ തുറന്നു കൊടുക്കണമെന്ന് നിയമമുണ്ടെങ്കിലും പാലിയേക്കര അന്നും ഇന്നും ‘വ്യത്യസ്ത’മാകുകയാണ്. അതുകൊണ്ട് തന്നെ യാത്രക്കാർ പുറത്തിറങ്ങി പ്രതിഷേധിക്കുന്നത് ഇവിടെ നിത്യ സംഭവമാണ്.
ടോൾ കടന്നാൽ 5 ഇടങ്ങളിലായാണ് മേൽപ്പാലം പണിയുന്നത്. പ്രധാന ജംക്ഷനുകളായ ആമ്പല്ലൂർ, പുതുക്കാട്, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലായാണ് അടിപ്പാതകൾ നിർമിക്കാനായി പ്രധാനപാതയിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ മണിക്കൂറുകൾ കാത്ത് കിടക്കേണ്ട അവസ്ഥയാണ്. ചിറങ്ങരയിലെ കുരുക്ക് തൃശൂർ ഭാഗത്തേക്ക് കൊരട്ടി വരെയും അങ്കമാലി ഭാഗത്തേക്ക് കറുകുറ്റി വരെയും നീളും. വർഷങ്ങളായി ദേശീയപാതയുടെ പണി തീർന്നിട്ടും കൊരട്ടിയിൽ സർവീസ് റോഡ് പൂർത്തിയാകാതിരുന്നത് ഇന്നു യാത്രക്കാരെ ചില്ലറയൊന്നുമല്ല ബാധിക്കുന്നത്.
കുപ്പിക്കഴുത്തായി ഇട റോഡുകൾ
ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് സമാന്തര ഇടറോഡുകളിലൂടെ പൊലീസ് ഗതാഗതം തിരിച്ചുവിടുന്നുണ്ടെങ്കിലും ഇവിടെ യാത്രക്കാരെ കാത്തിരിക്കുന്നത് മറ്റൊരു പ്രതിസന്ധിയാണ്. സമാന്തര റോഡുകളിൽ ഭൂരിഭാഗവും വീതി കുറഞ്ഞതും ഇടുങ്ങിയതുമാണ്. ഇതോടെ ഈ റോഡുകളിലെ ചെറിയ കവലകളും ഗതാഗതക്കുരുക്കിനെ തുടർന്ന് കുപ്പിക്കഴുത്തായി മാറുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കു പോലും എവിടേക്കാണ് വാഹനങ്ങൾ തിരിച്ചുവിടേണ്ടത് എന്നതിനെ കുറിച്ച് ധാരണയില്ല.
ശാപ മോക്ഷമില്ലാതെ തൃശൂർ – കുറ്റിപ്പുറം പാത
കേരളത്തിൽ എംസി റോഡ് കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള സംസ്ഥാന പാതയാണ് തൃശൂർ – കുറ്റിപ്പുറം സംസ്ഥാന പാത 69. പ്രത്യേകിച്ച് ദേശിയപാത 66 ന്റെ ആറ് വരി നിർമാണ ജോലികൾ നടക്കുന്നതിനാൽ മലബാറിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാനപാതയാണ് ഇത്. ഇവിടെയാണ് വർഷങ്ങളായി റോഡ് തകർന്നിരിക്കുന്നത്. യാത്രാദുരിതം പതിവായതോടെ കഴിഞ്ഞ മാർച്ചിൽ ഇതിന്റെ പണി മറ്റൊരു കമ്പനിയെ ഏൽപ്പിച്ചു. എന്നാൽ ഒരേസമയം പലയിടത്തായി റോഡിന്റെ കോൺക്രീറ്റിങ് ജോലികൾ ആരംഭിച്ചതോടെ ഈ റോഡും യാത്രക്കാരുടെ പേടി സ്വപ്നമായി മാറി. ശോഭാ സിറ്റി, കേച്ചേരി, ചൂണ്ടൽ എന്നിവിടങ്ങളിൽ കിലോമീറ്ററുകളോളമാണ് ഗതാഗതക്കുരുക്ക്. വിഷുക്കാലമായതിനാൽ ഈ റോഡിലൂടെ ഗുരുവായൂരിലേക്ക് ദർശനത്തിന് പോകുന്നവരും നിരവധിയാണ്. ഇതോടെ വലിയ കുരുക്കാണ് അനുഭവപ്പെടുന്നത്. സാധാരണ തൃശൂർ – ഗുരുവായൂർ യാത്രയ്ക്ക് എടുക്കുന്നത് 30-40 മിനിറ്റാണെങ്കിൽ ഇപ്പോൾ അത് ഒന്നരമണിക്കൂറോളമായിരിക്കുകയാണ്. മലബാറിലേക്കുള്ള യാത്രക്കാർക്കും ഈ വഴി ദുരിത പാത തന്നെ.
‘അടി’യായി കാലടി പാലം
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മറികടന്നാൽ യാത്രക്കാരെ കാത്തിരിക്കുന്നത് കാലടിപ്പാലവും പെരുമ്പാവൂർ ജംക്ഷനുമാണ്. കാലടിപ്പാലത്തിലെ ഗതാഗതക്കുരുക്ക് കാലടി ജംക്ഷനും പിന്നിട്ട് അങ്കമാലി ഭാഗത്തേക്ക് കിലോമീറ്ററുകളോളമാണ് നീണ്ട് കിടക്കുന്നത്. കാലടിയിലെ രണ്ടാം പാലത്തിന്റെ പണി എന്നു തീരുമെന്ന് ചോദിച്ചാൽ ആർക്കും കൃത്യമായി ഉത്തരവുമില്ല. പാലം പണി പൂർത്തിയായാലും കാലടി ജംക്ഷനിലെ കുരുക്ക് ഭാവിയിലും തുടരും എന്ന ‘ഓഫറും’ ഈ മേഖലയ്ക്കുണ്ട്. അതിന് ശാശ്വതമായ ഉത്തരം അധികൃതർക്ക് തരാനില്ല. തിരക്കേറിയ സമയങ്ങളിൽ പെരുമ്പാവൂർ സിഗ്നൽ ജംക്ഷൻ കടക്കണമെങ്കിൽ ഒരു മണിക്കൂറോളം കുരുക്കുണ്ട്. മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡിൽ പണി നടക്കുന്ന ഭാഗത്തും കനത്ത ഗതാഗതക്കുരുക്കാണ്. കച്ചേരിത്താഴം വരെ പലസമയത്തും വാഹനങ്ങളുടെ നീണ്ടനിര കാണാൻ സാധിക്കും.