
‘ഹെഡ് ലൈറ്റ് കേടായി, ബസിനുള്ളിൽ വെള്ളം, ആംബുലൻസ് വെളിച്ചത്തിൽ യാത്ര; ബെംഗളൂരുവിൽനിന്ന് ദുരിതയാത്ര’
കോട്ടയം∙ ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിന്റെ അപകടയാത്രയിൽ വലഞ്ഞു യാത്രക്കാർ. മഴ പെയ്തപ്പോൾ ബസിന്റെ ഹെഡ് ലൈറ്റ് പ്രവർത്തിച്ചില്ല.
തുടർന്ന് ആംബുലൻസിന്റെ വെളിച്ചത്തിലാണു വാഹനം ഡ്രൈവർ ഓടിച്ചത്. ബസിന്റെ വൈപ്പർ പ്രവർത്തിച്ചില്ല.
ബസിനുള്ളിൽ വെള്ളം കയറി. ആകെ ഒരു ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നുത്.
ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് 12 മണിക്കൂറാണു സാധാരണ യാത്ര. എന്നാൽ ഈ ദുരിത യാത്രയ്ക്ക് 18 മണിക്കൂർ വേണ്ടിവന്നു.
നോൺ എസി ബസ് ആയതിനാൽ 200 രൂപയാണ് ടിക്കറ്റ് ചാർജ് എങ്കിലും ഇരട്ടി വാങ്ങിയെന്നാണു യാത്രക്കാർ പറയുന്നത്. വിഷു–ഈസ്റ്റർ അവധിക്കായി നാട്ടിൽ പോകുന്നവരായിരുന്നു ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും.
തിരുവല്ലയിൽ രാവിലെ 7.30ന് എത്തേണ്ടിയിരുന്ന വാഹനം കോട്ടയത്ത് എത്തിയത് ഉച്ചയ്ക്ക് 2.30നാണെന്ന് ബസിലെ യാത്രക്കാരനായ അശോക് ജേക്കബ് മനോരമ ഓൺലൈനോട് പറഞ്ഞു. ‘‘ആദ്യത്തെ 10 കിലോമീറ്റർ 75 വയസോളം പ്രായമുള്ള ഒരാളാണ് ബസ് ഓടിച്ചിരുന്നത്.
അയാളുടെ കൈയ്യൊക്കെ വിറയ്ക്കുകയായിരുന്നു. അതിനുശേഷമാണ് വേറൊരു ഡ്രൈവർ കയറിയത്.
ഡ്രൈവറും ക്ലീനറുമെല്ലാം ആയിട്ട് ഒരാളാണ് ബസിൽ ഉണ്ടായിരുന്നത്. രാത്രി 10.30 കഴിഞ്ഞതോടെ മഴ തുടങ്ങി.
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഫ്യൂസ് കട്ടായി. ഹെഡ് ലൈറ്റും ഇൻഡിക്കേറ്ററും വൈപ്പറുമൊന്നും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല’’ – അശോക് ജേക്കബ് പറഞ്ഞു.
‘‘ഹെഡ് ലൈറ്റ് ഇല്ലാതെയാണ് കിലോമീറ്ററുകൾ ബസ് ഓടിയത്. ആംബുലൻസ് വരും മുന്നേ ഒരു ബൈക്കാണ് പത്ത് കിലോമീറ്റർ എസ്കോട്ട് നൽകിയത്.
രാവിലെ 7.30ന് തിരുവല്ലയിൽ എത്തുമെന്നു കണ്ടതിനാലാണ് ഈ ബസിൽ കയറിയത്. ഒരു മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനാണു വന്നത്.
ഇരട്ടി ചാർജ് കൊടുത്തു വന്നിട്ടും എനിക്ക് ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരുണ്ട്.
അവരെല്ലാം പ്രയാസപ്പെട്ടു’’ – അശോക് ജേക്കബ് പറഞ്ഞു. തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നാണു ബസ് ഡ്രൈവർ പറഞ്ഞതെന്നും യാത്രക്കാർ ആരോപിക്കുന്നു.
വിവിധ ആപ്പുകൾ വഴിയാണ് പലരും ടിക്കറ്റ് എടുത്തത്. ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിച്ചെങ്കിലും രക്ഷയുണ്ടായിരുന്നില്ല.
ബസിന്റെ ഓഫിസിൽ വിളിച്ചെങ്കിലും ആദ്യം സംസാരിച്ച ശേഷം പിന്നീട് അനക്കമുണ്ടായിരുന്നില്ല. യാത്രക്കാർ പലരും ഉണർന്ന് ഇരുന്നാണു ഡ്രൈവർ ഉറങ്ങാതെ നോക്കിയതെന്നും യാത്രക്കാർ പറയുന്നു.
(നിങ്ങളുടെ ദുരിത യാത്രാ അനുഭവങ്ങൾ കമന്റായി രേഖപ്പെടുത്തു)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]