
ലക്നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്ശന് ഫോം തുടരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ അര്‍ധസെഞ്ച്വറി നേടിയ ഇടംകൈയന്‍ ഓപ്പണറായ സായ് സുദര്ശന് ഐപിഎല്‍ 2025ലെ ഓറഞ്ച് ക്യാപ് തലയിലാക്കി. ലക്നൗവിന്റെ നിക്കോളാസ് പുരാന്റെ 288 റണ്‍സ് പിന്തള്ളിയ സായ്, ഈ ഐപിഎല്‍ സീസണില്‍ ആദ്യമായി 300 റണ്‍സ് കടക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലുമെത്തി. സീസണില്‍ സായ് സുദര്‍ശന്റെ ആറാം മത്സരമാണിത്. പുരാനും ആറ് മത്സരമാണ് ഇതിനകം കളിച്ചത്. അഞ്ച് കളികളില്‍ 265 റണ്‍സുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ തന്നെ മിച്ചല്‍ മാര്‍ഷാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ഐപിഎല്‍ 2025ലെ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ലക്നൗവിനെ ഏകനാ സ്റ്റേഡിയത്തില്‍ നടക്കുന്നത്. അതിനാല്‍ മത്സരം അവസാനിക്കുമ്പോള്‍ ഓറഞ്ച് ക്യാപ്പ് സ്ഥാനങ്ങളില്‍ മാറ്റമുണ്ടായേക്കാം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്റെ കുന്തമുനയാണ് സായ് സുദര്ശന് എന്ന ഇരുപത്തിമൂന്നുകാരന്. തമിഴ്നാട് സ്വദേശിയാണ് സായ്. ഐപിഎല്‍ 2025ല്‍ സായ് സുദര്ശന് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ 82 റൺസ് സായ് സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ കളിച്ച ആറ് മത്സരങ്ങളിൽ നാലിലും അർധ സെഞ്ച്വറിയുമായാണ് സായ് സുദര്‍ശന്റെ കുതിപ്പ്. ഐപിഎല്‍ കരിയറില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടരെ അഞ്ച് തവണ ഫിഫ്റ്റി അടിക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇതിനകം സായ് സുദര്ശന് സ്വന്തമായി. ഇതിന് പിന്നാലെയാണ് ലക്നൗവിലും താരത്തിന്റെ അര്‍ധസെഞ്ച്വറി പ്രകടനം. 32 പന്തിലാണ് എല്‍എസ്ജിക്കെതിരെ സായ് സുദര്ശന് 50 തികച്ചത്.
സായ് സുദർശൻ 2022ലാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാംപിലെത്തുന്നത്. 2023, 2024 സീസണുകളിൽ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയിൽ നിർണായക സാന്നിധ്യമായി. ഇതുവരെ കളിച്ച 31 ഐപിഎല്‍ മത്സരങ്ങളിൽ നിന്ന് 1350ലേറെ റൺസ് നേടിയപ്പോൾ സായ് സുദര്‍ശന്റെ പേരിൽ ഒരു തകർപ്പൻ സെഞ്ച്വറിയുമുണ്ട്. ഐപിഎല്‍ കരിയറില്‍ 10 ഫിഫ്റ്റികള്‍ സായ് സുദര്ശന് സ്വന്തമാക്കിക്കഴിഞ്ഞു. ഇത്തവണ 8.5 കോടി രൂപയ്ക്കാണ് സായ് സുദര്‍ശനെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിൽ നിലനിർത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]