
വ്യക്തിഗത വിവരങ്ങളുടെ വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കി ‘ഡിപിഡിപി’; വിവരാവകാശ നിയമത്തിന്റെ കഴുത്തിൽ കത്രിക വയ്ക്കുകയോ? – എക്സ്പ്ലെയിനർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ന്യൂഡൽഹി∙ പാർലമെന്റിൽ പുതിയതായി അവതരിപ്പിക്കപ്പെട്ട ഡിജിറ്റൽ പഴ്സനേൽ ഡേറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമം വിവരാവകാശത്തിന്റെ കഴുത്തിൽ കത്രികവയ്ക്കുകയാണെന്നാണ് ഇന്ത്യ സഖ്യം ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എല്ലാ വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തലിൽനിന്ന് ഒഴിവാക്കുന്ന നിയമത്തിലൂടെ (ആർടിഐ ആക്ട്) ഭേദഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. ഭേദഗതി പിൻവലിക്കണമെന്നു പ്രതിപക്ഷം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്താണ് ‘ഡിപിഡിപി’
പൊതുതാൽപ്പര്യങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റത്തിനു കാരണമാകുന്ന വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽനിന്നു തടയുന്ന ഭേദഗതിയാണ് (ഡിപിഡിപി) നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. ഡിപിഡിപി നിയമത്തിലെ സെക്ഷൻ 44(3) വഴി 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(ജെ) ഭേദഗതി ചെയ്യപ്പെടും. ഇതോടെ എല്ലാ വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തലിൽനിന്ന് ഒഴിവാക്കാനാകും. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുന്നതിനു പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്ന പുതിയ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നാൽ മാധ്യമങ്ങൾക്കു പരോക്ഷ നിയന്ത്രണം വരുമെന്നാണ് വിലയിരുത്തൽ. വ്യക്തിഗത വിവരങ്ങൾ കണ്ടെത്തിയാൽ പോലും പൊതുതാൽപ്പര്യാർത്ഥം വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഈ നിയമത്തിലൂടെ മാധ്യമങ്ങൾക്കു സാധിക്കില്ല.
‘വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്നു’
ഡിപിഡിപി നിയമം കൊണ്ടുവന്ന മാറ്റങ്ങൾ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ ആശങ്ക. 2023ലെ ഡിപിഡിപി നിയമം വഴി വിവരാവകാശ നിയമത്തിൽ വരുത്തിയ ഭേദഗതികൾ റദ്ദാക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണിയിലെ 120 എംപിമാരാണ് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനു കത്തെഴുതിയിരിക്കുന്നത്. നിയമം പൗരന്മാരുടെ വിവരാവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സ്വകാര്യതയ്ക്കും ഡേറ്റ സംരക്ഷണത്തിനുമുള്ള നിയമങ്ങൾ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തരുതെന്നും പ്രതിപക്ഷം അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
‘സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകം’
വിവരാവകാശ നിയമത്തിലെ ഭേദഗതി സ്വകാര്യത ഉയർത്തിപ്പിടിക്കുന്നതാണെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. പുട്ടസ്വാമി കേസിലെ സുപ്രീം കോടതി വിധിയിൽ ‘സ്വകാര്യത’ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ചിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും അന്വേഷണാത്മക പത്രപ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. വിവരാവകാശ നിയമത്തിനെ ഇല്ലാതാക്കുന്നതാണ് ഡിപിഡിപി നിയമഭേദഗതിയെന്ന വാദവം അദ്ദേഹം തള്ളിക്കളഞ്ഞു. പൊതുജീവിതത്തിലെ സ്വകാര്യതയ്ക്കും സുതാര്യതയ്ക്കും നിയമം യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.