
ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി – എഐഎഡിഎംകെ സഖ്യ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനും ടിവികെ പ്രസിഡന്റ് വിജയും രംഗത്ത്. രണ്ട് റെയ്ഡുകളിലൂടെ എഐഎഡിഎംകെയെ ഭയപ്പെടുത്തിയാണ് ബിജെപി സഖ്യത്തിന് നിർബന്ധിതരാക്കിയതെന്ന് സ്റ്റാലിൻ ആരോപിച്ചു.
തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് എഐഎഡിഎംകെ ചേർന്നതെന്നും ബിജെപി എങ്ങനെ വന്നാലും പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. ബിജെപി – എഐഎഡിഎംകെ സഖ്യം മൂന്ന് തവണ തമിഴ്നാട് തള്ളിയതാണ് എന്നായിരുന്നു വിജയുടെ പ്രതികരണം. എഐഡിഎംകെയുടെ ഐക്കൺ നേതാക്കളായ എംജിആറിന്റെയും അണ്ണാദുരൈയുടെയും അനുഗ്രഹം തനിക്കൊപ്പമാണെന്ന് വിജയ് അവകാശപ്പെട്ടു. ബിജെപിക്ക് ഡിഎംകെ രഹസ്യ പങ്കാളിയും എഐഎഡിഎംകെ പരസ്യ പങ്കാളിയുമാണ്. 2026ലെ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാകുമെന്ന് വിജയ് ആവർത്തിച്ചു.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും എഐഎഡിഎംകെയും ഒന്നിച്ചു മത്സരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഇപിഎസിന്റെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. എടപ്പാടിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എഐഎഡിഎംകെ എൻഡിഎയിൽ ചേരുന്നത് ഒരു ഉപാധിയും ഇല്ലാതെയാണെന്നും അമിത് ഷാ പറഞ്ഞു.
ഒപിഎസിനെയും ടിടിവി ദിനകരനെയും ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിനു എഐഎഡിഎംകെയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്ന് അമിത് ഷാ മറുപടി നൽകി. സീറ്റ് വിഭജനവും മന്ത്രിസഭാ രൂപീകരണവും പിന്നീട് ചർച്ച ചെയ്യും. ഭിന്ന നിലപാട് ഉള്ള വിഷയങ്ങളിൽ പൊതുമിനിമം പരിപാടി ഉണ്ടാക്കും. എടപ്പാടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്നും അമിത് ഷാ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]