
ചെന്നൈ ഇന്നിങ്സ് 103 റണ്‍സില്‍ അവസാനിക്കുകയാണ്. ക്യാമറക്കണ്ണുകള്‍ ഗ്യാലറിയിലേക്ക്, ഇരിപ്പുറയ്ക്കാതെ ആരാധകര്‍ ആനന്ദിച്ച നാളുകളായിരുന്നില്ല അവിടെ. വിരസത നിറഞ്ഞ ഓവറുകള്‍, കളി പാതി പിന്നിടുമ്പോള്‍ തന്നെ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു, ഡോട്ട് ബോളുകളുടെ നീണ്ടനിര, ബൗണ്ടറി പിറക്കാത്ത തുടര്‍ച്ചയായ പത്ത് ഓവറുകള്‍, മഞ്ഞക്കുപ്പായക്കാര്‍ക്ക് ആരവത്തിനായി ഒരു തലനിമിഷം പോലുമില്ല. അങ്ങനെ, സുപരിചിതമല്ലാത്ത പലതിനും ചെപ്പോക്ക് സാക്ഷിയായി.
ആരാധകര്‍ക്ക് നിരാശയ്ക്ക് അപ്പുറം പോയിന്റ് പട്ടികയിലേക്ക് ഒന്നും സംഭാവന ചെയ്യാൻ കഴിയാത്ത തുടര്‍ച്ചയായ അഞ്ചാം മത്സരം. അഞ്ച് കിരീടങ്ങളുടെ പ്രതാപത്തിനൊപ്പം ചേര്‍ക്കാൻ ആദ്യമായി അഞ്ച് തുടര്‍ തോല്‍വികളുടെ നാണക്കേടും. തലമാറിയിട്ടും തലവര തിരുത്താനാകുന്നില്ല. വീഴ്ചകളുടെ നീണ്ടനിരയുണ്ട്.
ബിഗ് ഹിറ്റിംഗ് ശൈലിയല്ല ഓപ്പണര്‍മാരുടേത്, ഡെവോണ്‍ കോണ്‍വെയും രചിൻ രവീന്ദ്രയും ടൈമിങ്ങിനെ കൂടുതലായി ആശ്രയിക്കുന്ന താരങ്ങളാണ്. ടീം ലൈനപ്പിലേക്ക് നോക്കിയാല്‍ ആറ് ഓവറില്‍ അറുപത് റണ്‍സ് ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് ധോണി തന്നെ പറഞ്ഞു. സീസണില്‍ ഒരു മത്സരത്തിലും ആദ്യ മൂന്ന് ഓവറില്‍ 24 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാൻ ചെന്നൈക്കായിട്ടില്ല. പവര്‍പ്ലെയിലെ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റും ചെന്നൈയുടേതാണ്, 120നും താഴെ.
കിരീടം ചൂടിയ പല സീസണുകളിലും ചെന്നൈയുടെ ഓപ്പണര്‍മാരുടെ ശൈലി ഇതുതന്നെയായിരുന്നു. പക്ഷേ അവിടെ മറ്റൊരു വ്യത്യാസമുണ്ടായിരുന്നുവെന്ന് മാത്രം. മധ്യനിരയില്‍ സ്കോറിങ്ങിന് വേഗം കൂട്ടാൻ അവര്‍ക്കൊരു അമ്പട്ടി റായുഡുവും അജിങ്ക്യ രഹാനയും ഉണ്ടായിരുന്നു. ഇരുവരേയും ട്വന്റി 20 ശൈലിയിലേക്ക് പറിച്ച് നട്ടത് ചെന്നൈ ആയിരുന്നു. കഴിഞ്ഞ സീസണില്‍ ഡാരില്‍ മിച്ചലിനെ പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഇത്തവണത്തെ ചെന്നൈയുടെ മധ്യനിരയിലേക്ക് വരാം ഇനി. രാഹുല്‍ ത്രിപാതിയുടെ സ്ട്രൈക്ക് റേറ്റ് 97. വിജയ് ശങ്കറിന്റേത് 130. ദീപക് ഹൂഡയുടേത് 38. മൂവരും റണ്‍സ് പോലും കണ്ടെത്തുന്നില്ല എന്നതാണ് ചെന്നൈയുടെ മുന്നോട്ടുള്ള യാത്ര എത്രത്തോളം ദുഷ്കരമാണെന്ന് തെളിയിക്കുന്നത്. ആറു ചാമിയായി ചെന്നൈ വാഴ്ത്തുന്ന ശിവം ദുബെയുടെ ബാറ്റില്‍ നിന്നും അത്ഭുതങ്ങളില്ല. ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് സിക്സുകള്‍ മാത്രമാണ് ഇടംകയ്യൻ ബാറ്ററുടെ സംഭാവന.
അടുത്തത് ദ ക്യൂരിയസ് കേസ് ഓഫ് എം എസ് ധോണി. ടൂര്‍ണമെന്റ് പാതിയിലേക്ക് അടുക്കുമ്പോഴും ബാറ്റിംഗ് നിരയില്‍ ധോണിയുടെ സ്ഥാനം ഇവിടെയാണെന്ന് ഉറപ്പിക്കാൻ ടീം മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല. അഞ്ച് മുതല്‍ ഒൻപതാം നമ്പര്‍ വരെ ധോണി ബാറ്റുചെയ്യാൻ ഇറങ്ങിയിട്ടുണ്ട്. ചെന്നൈ നിരയില്‍ റുതുരാജ് കഴിഞ്ഞാല്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ള താരമാണ് ധോണി.
ആവശ്യമായ റണ്‍റേറ്റ് 15 കടന്നാലും ധോണി എത്തില്ല മൈതാനത്ത്. ധോണിയുടെ പരുക്കും, പ്രായവുമെല്ലാം വെല്ലുവിളി തന്നെയാണ്. ഇതിനെല്ലാം മുകളിലാണ് മാനേജ്മെന്റിന്റെ പരാജയം. റുതുരാജിന്റെ അഭാവത്തില്‍ ധോണിയിലേക്ക് തന്നെ വിരല്‍ ചൂണ്ടേണ്ടി വന്നു ചെന്നൈക്ക്. എന്തുകൊണ്ട്? 16 സീസണുകളുടെ പാരമ്പര്യത്തില്‍ ധോണിക്കപ്പുറമൊരാളെ വളര്‍ത്തിയെടുക്കാൻ ചെന്നൈക്ക് സാധിച്ചിട്ടില്ല എന്നതുതന്നെ കാര്യം.
മറ്റേത് ഫ്രാഞ്ചൈസി എടുത്താലും ഇതുപോലൊരു സവിശേഷത കാണാനാകില്ല. മുംബൈ നിരയിലേക്ക് നോക്കിയാല്‍ സച്ചിൻ തെൻഡുല്‍ക്കറിന് ശേഷം രോഹിത് ശര്‍മ മുതല്‍ ഇപ്പോള്‍ തിലക് വര്‍മ വരെ നീളുന്ന നിരയുണ്ട്. പ്ലെയര്‍ സെൻട്രിക്കല്ലാതെ മൂന്ന് കിരീടം നേടിയ കൊല്‍ക്കത്ത ഒരു ഉദാഹരണമാണ്. മറ്റൊരു സീസണില്‍ക്കൂടി ഏഴാം നമ്പറില്‍ ധോണിയിറങ്ങുമോയെന്നത് വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
അതുകൊണ്ട് തിരുത്തല്‍ തലയില്‍ നിന്ന് തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. ഹോം അഡ്വാന്റേജ് മുതലെടുക്കാൻ മൂന്ന് സ്പിന്നര്‍മാർ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്. പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാകുകയാണ് അശ്വിൻ. ചെപ്പോക്കിലെ വേഗതകുറഞ്ഞ വിക്കറ്റില്‍ പോലും അശ്വിൻ മാജിക്ക് ഇല്ല. സീസണിലെ താരത്തിന്റെ എക്കണോമി പത്തിനോട് അടുത്താണ്. നേടിയത് അഞ്ച് വിക്കറ്റും. ജഡേജക്ക് സീസണില്‍ സ്വന്തമാക്കാനായത് രണ്ട് വിക്കറ്റും.
മൂന്നാം സ്പിന്നറായി ടീമിലെത്തിയ നൂര്‍ അഹമ്മദ് മാത്രമാണ് ആശ്വാസം. 12 വിക്കറ്റുകള്‍ നേടി. പേസര്‍മാരില്‍ പതിരാനയും ഖലീലുമാണ് ആശ്വാസം. പക്ഷേ, ചെന്നൈക്ക് പുറത്ത് ശോഭിക്കുന്നില്ല ഇരുവരും. 25 അംഗ സ്ക്വാഡില്‍ 18 പേരെ ഇതിനോടകം തന്നെ ചെന്നൈ പരീക്ഷിച്ചുകഴിഞ്ഞു, മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത പരീക്ഷണം. പക്ഷേ, പോയിന്റ് പട്ടികയില്‍ അത് പ്രതിഫലിക്കുന്നില്ലെന്ന് മാത്രം.
ട്വന്റി 20 ക്രിക്കറ്റ് അതിവേഗം 300 എന്ന സ്കോറിലേക്ക് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെപ്പോക്കില്‍ വേഗതകുറഞ്ഞ വിക്കറ്റില്‍ ചെന്നൈയുടെ പരീക്ഷണം. ഇതിനോടകം തന്നെ ചെപ്പോക്കില്‍ കളിച്ച നാലില്‍ മൂന്നും ചെന്നൈ തോറ്റു. ഇനി മൂന്ന് ഹോം മത്സരം മാത്രമാണുള്ളത്. പ്ലെ ഓഫിലേക്ക് എത്താൻ അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ ഏഴെണ്ണമെങ്കിലും ജയിക്കണം, പ്രത്യേകിച്ചും നെറ്റ് റണ്‍റേറ്റ് കുറഞ്ഞ സാഹചര്യത്തില്‍. ഹരിച്ചും ഗുണിച്ചും നോക്കിയിട്ട്, ഒരിക്കല്‍ക്കൂടി ഹരിച്ചും ഗുണിച്ചും നോക്കിയാലും സാധ്യതകള്‍ വിരളമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]