
6000 കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി; നിർബന്ധിത ‘സ്വയം നാടുകടത്തൽ’ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൻ∙ യുഎസിലെ 6,000-ത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും യുഎസ് അറിയിച്ചു.
കുടിയേറ്റക്കാർക്ക് ജോ ബൈഡൻ സർക്കാരിന്റെ കാലത്തെ പദ്ധതികൾ പ്രകാരം യുഎസിലേക്കു പ്രവേശിക്കാനും താൽക്കാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു. എന്നാൽ ഇവരെ മരിച്ചവരായി കണക്കാക്കുന്ന കടുത്ത നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കുകയും അവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇവർക്കു മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ട്രംപ് ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
ഈ കുടിയേറ്റക്കാരെ ‘സ്വയം നാടുകടത്താനും’ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഎസ് സർക്കാരിന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. സാമൂഹിക സുരക്ഷാ നമ്പറുകൾ ഇല്ലാതാക്കുന്നതു വഴി, ട്രംപ് ഭരണകൂടം പല സാമ്പത്തിക സേവനങ്ങളിൽനിന്ന് ഇവരെ ഒഴിവാക്കുകയും ബാങ്കുകളോ മറ്റ് അടിസ്ഥാന സേവനങ്ങളോ ഉപയോഗിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിരിക്കുകയാണ്.
ബൈഡൻ സർക്കാരിന്റെ കാലത്ത് യുഎസിൽ പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. സിബിപി വൺ ആപ്പ് ഉപയോഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.
ഏതാണ്ട് 9 ലക്ഷം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് ഉപയോഗിച്ച് യുഎസിലേക്ക് എത്തിയത്. ഇവരെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് 6,000ഓളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി.
ബൈഡൻ സർക്കാരിന്റെ കാലത്ത് പ്രസിഡൻഷ്യൽ അധികാരത്തിന്റെ ഭാഗമായാണ് 2 വർഷത്തെ താൽക്കാലിക അനുമതിയോടെ കുടിയേറ്റക്കാർക്ക് യുഎസിൽ തുടരാനും ജോലി ചെയ്യാനും അനുമതി നൽകിയിരുന്നത്. താൽക്കാലികമായി യുഎസിൽ തുടരാൻ നിയമപരമായ അനുമതിയുള്ള ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരോട് ഈ മാസം അവസാനം രാജ്യം വിടാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നെങ്കിലും ഫെഡറൽ കോടതി ഈ ഉത്തരവ് തടഞ്ഞിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]