
ന്യൂഡൽഹി: മരിച്ചുപോയ ഭർത്താവിന്റെ സുഹൃത്തെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലൂടെ ചങ്ങാത്തം സ്ഥാപിച്ച അജ്ഞാതൻ 1.30 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. ഡൽഹി ദ്വാരകയിലെ മലിക്പൂരിൽ താമസിക്കുന്ന 39കാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ദ്വാരക സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
2022ലാണ് യുവതിയുടെ ഭർത്താവ് മരണപ്പെട്ടത്. തുടർന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ച യുവതി പിന്നീട് അതിൽ നിന്ന് കരകയറാനും മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തുടങ്ങിയത്. കുറച്ച് നാൾ കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി വിനയ് എന്ന് പരിചയപ്പെടുത്തിയ ഒരാളുമായി സംസാരിക്കാൻ തുടങ്ങി. ഇന്ത്യൻ കരസേനയിൽ ജോലി ചെയ്യുകയാണെന്നും യുവതിയുടെ മരണപ്പെട്ട ഭർത്താവിന്റെ സുഹൃത്താണെന്നുമാണ് ഇയാൾ പറഞ്ഞുവിശ്വസിപ്പിച്ചത്.
ഇരുവരും തമ്മിൽ പതിവായി ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. പിന്നീട് ഫോൺ നമ്പറുകൾ കൈമാറി. ചാറ്റിങ് വാട്സ്ആപിലേക്ക് മാറ്റി. ഇതിനിടെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയ അജ്ഞാതൻ പല കാരണങ്ങൾ പറഞ്ഞ് യുവതിയിൽ നിന്ന് പണം ചോദിക്കാൻ തുടങ്ങി. അമ്മയുടെ രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും പറഞ്ഞാണ് പണം ചോദിച്ചിരുന്നത്. താൻ ആകെ 1.30 ലക്ഷം രൂപ ഇയാൾക്ക് ഒരു മൊബൈൽ വാലറ്റ് വഴി കൈമാറിയതായി പരാതിയിൽ പറയുന്നു. പല ഇടപാടുകളായിട്ടായിരുന്നു ഈ തുക നൽകിയത്.
എന്നാൽ പണം കിട്ടി കഴിഞ്ഞപ്പോൾ ഇയാളുടെ സ്വഭാവം മാറുകയും കൂടുതൽ പണം ചോദിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങുകയും ചെയ്തതായി യുവതി പറയുന്നു. ഇതോടെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇയാളെ ബ്ലോക്ക് ചെയ്തു. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയാണ് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയും പിന്നാലെ ദ്വാരക സൈബർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]