
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാർക്കെതിരെ കർശന നടപടി തുടരുമെന്ന് മോദി പറഞ്ഞു. കെജ്രിവാളിനെതിരെയും കെ കവിതയ്ക്കെതിരെയും നിർണായക തെളിവുണ്ടെന്ന് സിബിഐയും ഇന്ന് കോടതിയെ അറിയിച്ചു. ദില്ലിയിൽ ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് എഎപി ആരോപിച്ചു. ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റ് വേട്ടയാടലാണെന്നാരോപിച്ച് പ്രതിപക്ഷം പ്രചാരണം ശക്തമാക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം. പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി ഹിന്ദി പത്രമായ ഹിന്ദുസ്ഥാന്‍ നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
മദ്യനയ കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത കെ കവിതയെ റൌസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കവിതയെ കൂടാതെ കെജ്രിവാളിനെതിരെയും തെളിവുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചത്. സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യവ്യവസായി കെജ്രിവാളിനെ നേരിൽ കണ്ട് സഹായം ചോദിച്ചെന്നും, കെജ്രിവാൾ സഹായം വാഗ്ദാനം ചെയ്തെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. മദ്യനയ കേസിൽ സിബിഐയും കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നടപടി. കവിതയുടെ പങ്ക് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകൾ സിബിഐ കോടതിയിൽ ഹാജരാക്കി. കവിതയ്ക്ക് മദ്യനയ അഴിമതി ഗൂഢാലോചനയിൽ പ്രധാന പങ്കുണ്ടെന്നും ചോദ്യം ചെയ്യുന്നതിനായി അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടു.
അതേസമയം, ബിജെപി നിർദേശ പ്രകാരം കേന്ദ്രം ഉടൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് എഎപി ആരോപിച്ചു. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചുവെന്ന് മന്ത്രി അതിഷി മർലേന ആരോപിച്ചു. പല പദവിലകളിലും ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നില്ല. ലെഫ്റ്റ്നെറ്റ് ഗവർണർ ഓരോ കാരണം പറഞ്ഞ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയക്കുകയാണ്. ഇത് എഎപിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമെന്നും അതിഷി മര്‍ലേന ആരോപിച്ചു.ഇതിനിടെ ദില്ലി ചീഫ് സെക്രട്ടറിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. ഒരു സന്നദ്ധ സംഘടനയുടെ ഓഫീസിൽ കയറി രേഖകൾ തട്ടിയെടുത്ത് അഴിമതി കേസിലെ തെളിവ് നശിപ്പിച്ചതിനാണ് കേസ്. ഇന്നലെ കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിജിലൻസ് വിഭാഗം പദവിയിൽ നിന്ന് നീക്കിയിരുന്നു.
Last Updated Apr 12, 2024, 12:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]