

First Published Apr 11, 2024, 6:58 PM IST
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 449078 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, കൊടിത്തോരണങ്ങള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡ്, അലങ്കാര റിബ്ബണുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്.
ഇതുവരെ പൊതുസ്ഥലങ്ങളിലെ 2090 ചുവരെഴുത്തുകള്‍, 370158 പോസ്റ്ററുകള്‍, 14100 ബാനര്‍, 62730 കൊടികളും തോരണങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ വ്യക്തികളുടെ ഇടങ്ങളിലെ 10 ചുവരെഴുത്തുകള്‍, 317 പോസ്റ്ററുകള്‍, ഒമ്പത് ബാനര്‍, 38 കൊടികളും തോരണങ്ങളും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം മാത്രം പൊതുയിടങ്ങളില്‍ നിന്നും 48 ചുവരെഴുത്തുകള്‍, 24125 പോസ്റ്റര്‍, 1017 ബാനറുകള്‍, 2814 മറ്റു പ്രചാരണ വസ്തുക്കള്‍ ഉള്‍പ്പെടെ 28004 സാമഗ്രികള്‍ നീക്കി.
സി-വിജില്‍ ആപ്പ്; ജില്ലയില്‍ 7000 കടന്ന് പരാതികള്‍ പരാതി പരിഹാരം അതിവേഗം
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്കാവുന്ന സി-വിജില്‍ ആപ്പ് വഴി ഏപ്രില്‍ 11 വരെ ലഭിച്ചത് 7327 പരാതികള്‍. ഇതില്‍ ശെരിയെന്നു കണ്ടെത്തിയ 6927 പരാതികള്‍ പരിഹരിച്ചു. 400 എണ്ണം തള്ളി. ലൊക്കേഷന്‍ വ്യക്തമാവാത്തതും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അനുവാദത്തോടെ പതിച്ച പോസ്റ്റര്‍ നീക്കണമെന്ന് ആവശ്യപ്പെട്ട പരാതികളാണ് ഒഴിവാക്കിയതില്‍ ഏറെയും. ശരാശരി 39 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
തൃശൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്- 1081 എണ്ണം. ഇതില്‍ 1040 എണ്ണം പരിഹരിച്ചു. കുറവ് ചാലക്കുടിയിലും – 245. ഇതില്‍ 235 എണ്ണത്തിന് പരിഹാരമായി. ഗുരുവായൂര്‍ 309, ചേലക്കര 330, ഇരിഞ്ഞാലക്കുട 493, കൈപ്പമംഗലം 676, കൊടുങ്ങല്ലൂര്‍ 547, കുന്നംകുളം 592, മണലൂര്‍ 505, നാട്ടിക 941, ഒല്ലൂര്‍ 593, പുതുക്കാട് 337, വടക്കാഞ്ചേരി 325 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികളുടെ കണക്ക്.
പൊതു ഇടങ്ങളില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ച് പ്രചാരണം നടത്തിയത് സംബന്ധിച്ചാണ് കൂടുതല്‍ പരാതികളും ലഭിച്ചിട്ടുള്ളത്. കളക്ടറേറ്റിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കോണ്‍ഫറന്‍സ് റൂമിനോട് ചേര്‍ന്നാണ് സി-വിജില്‍ ആപ്പ് നിരീക്ഷണത്തിന് 24 മണിക്കൂറും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഫോട്ടോ/ വീഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം. 100 മിനിറ്റിനുള്ളില്‍ നടപടിയെടുക്കും.
Last Updated Apr 11, 2024, 6:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]