
ആലപ്പുഴ : അപകീര്‍ത്തി പരാമർശത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം ഉത്തരവിട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്കിയ ഹര്‍ജിയില്‍ മേലാണ് നടപടി.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് സത്യത്തിന്റെ കണിക പോലുമില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കെ.സി.വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശോഭ സുരേന്ദ്രന് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത്.
പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയകുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന് ബോധപൂര്‍വ്വം നടത്തിയ പച്ച നുണ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാന്‍ കൂട്ടാക്കിയില്ല. ഇതിനെതിരെയാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഹര്‍ജിക്കാരനായ വേണുഗോപാല്‍ കോടതിയില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു. ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന് തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നേരത്തെ കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രനെതിരായി പരാതിയും നല്‍കിയിരുന്നു. അഡ്വ.മാത്യു കുഴല്നാടന്, അഡ്വ. ആര് സനല്‍ കുമാര്‍, അഡ്വ.കെ.ലാലി ജോസഫ് എന്നിവര്‍ മുഖേനെയാണ് കെ.സി വേണുഗോപാല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]