
മുംബൈ: അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ആതിഥേയത്വമരുളുന്ന ട്വന്റി 20 ലോകകപ്പ് 2024ന്റെ ഇന്ത്യന്‍ സ്ക്വാഡ് സംബന്ധിച്ച് തലപുകയ്ക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. സമീപകാലത്ത് ഇന്ത്യന്‍ ടി20 ടീമിന്റെ ഏറ്റവും വലിയ കണ്ടെത്തലായ ഇടംകൈയന്‍ ബാറ്റര്‍ റിങ്കു സിംഗിന് പോലും നിലവില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പല്ല എന്നതാണ് യാഥാര്‍ഥ്യം. ലോകകപ്പില്‍ നിര്‍ബന്ധമായും ഇലവനില്‍ വരണം എന്ന് ആരാധകര്‍ വാദിക്കുന്ന താരമാണ് റിങ്കു സിംഗ്.
സാക്ഷാല്‍ യുവിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകൈയന്‍ ഫിനിഷര്‍ എന്നാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ റിങ്കു സിംഗിനുള്ള വിശേഷണം. റിങ്കു സിംഗ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 സീസണില്‍ 14 മത്സരങ്ങളില്‍ 59.25 ബാറ്റിംഗ് ശരാശരിയിലും 149.53 സ്ട്രൈക്ക് റേറ്റിലും 474 റണ്‍സ് നേടി കയ്യടി വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് ക്ഷണം കിട്ടി. ടീം ഇന്ത്യക്കായി അവസരം ലഭിച്ച 11 ട്വന്റി 20 ഇന്നിംഗ്സുകളില്‍ അമ്പരപ്പിക്കുന്ന 89 ശരാശരിയിലും 176.24 പ്രഹരശേഷിയിലും 356 റണ്‍സ് അടിച്ചുകൂട്ടി റിങ്കു താന്‍ ചില്ലറക്കാരനല്ല എന്ന് തെളിയിച്ചു. എന്നിട്ടും ഇരുപത്തിയാറ് വയസുകാരനായ താരം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടാകുമോ എന്നുറപ്പില്ല.
ട്വന്റി 20യില്‍ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് റിങ്കു സിംഗ് സാധാരണയായി ബാറ്റ് ചെയ്യാറ് എന്നതാണ് ഇതിന് കാരണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യശസ്വി ജയ്സ്വാളും ഓപ്പണറാവുമ്പോള്‍ വിരാട് കോലി മൂന്നും സൂര്യകുമാര്‍ യാദവ് നാലും സ്ഥാനങ്ങളില്‍ ബാറ്റിംഗിന് ഇറങ്ങും. ഹാര്‍ദിക് പാണ്ഡ്യ മൂന്നാം പേസറായി ടീമിലുണ്ടെങ്കില്‍ റിങ്കുവിനെ അഞ്ചും ഹാര്‍ദിക്കിനെ ആറും സ്ഥാനത്ത് ഇന്ത്യക്ക് കളിപ്പിക്കാം. അതേസമയം പരിക്ക് മാറിയെത്തുന്ന പാണ്ഡ്യ പന്തെറിയില്ല എന്നാണെങ്കില്‍ റിങ്കുവിനെ പുറത്തിരുത്തി ഒരു സ്പെഷ്യലിസ്റ്റ് മൂന്നാം പേസറെ ടീം ഇന്ത്യക്ക് കളിപ്പിക്കേണ്ടിവരും.
അവിടംകൊണ്ടും തീരില്ല ടീം ഇന്ത്യയുടെ തലവേദനകള്‍. റിങ്കുവിനെ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ എവിടെയെങ്കിലും കളിപ്പിക്കണമെങ്കില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ബാറ്റിംഗില്‍ താഴേക്ക് ഇറക്കേണ്ടിവരും. മാച്ച് വിന്നറായ ജഡേജയെ പുറത്തിരുത്തുക പ്രായോഗികമല്ല. ഫിനിഷറുടെ റോളില്‍ ഒരു വിക്കറ്റ് കീപ്പര്‍ കൂടി ഇതിനിടെ ബാറ്റററായി ഇലവനില്‍ വരാനുണ്ട്. ലോകകപ്പ് സ്ക്വാഡിന്റെ വൈസ് ക്യാപ്റ്റനാകും എന്ന് കരുതുന്ന ഹാര്‍ദിക് പാണ്ഡ്യയെയും പുറത്തിരുത്തുക അസാധ്യമാണ് എന്നതിനാല്‍ ബാറ്റര്‍മാരില്‍ റിങ്കു സിംഗിനെ അവഗണിക്കാനുള്ള ഓപ്ഷന് മാത്രമേ നിലവില്‍ ടീമിന് മുന്നിലുള്ളൂ. അതേസമയം ടി20 ലോകകപ്പില്‍ കളിക്കില്ല എന്ന് വിരാട് കോലി തീരുമാനമെടുത്താല്‍ റിങ്കുവിനെ ഇലവനിലേക്ക് കൊണ്ടുവരാനുമാകും.
Last Updated Mar 11, 2024, 6:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]