
മഞ്ഞുമ്മല്‍ ബോയ്സ് കണ്ടതിന് ശേഷം തമിഴ്- മലയാളം എഴുത്തുകാരന് ജയമോഹന് എഴുതിയ ബ്ലോഗ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ചിത്രത്തെ മുന്‍നിര്‍ത്തി മലയാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ദീര്‍ഘമായ കുറിപ്പ്. ചിത്രത്തിലേത് മദ്യപാനികളുടെ കൂത്താട്ടമാണെന്നും തെന്നിന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്തുമ്പോള്‍ മലയാളികള്‍ ഇങ്ങനെ തന്നെയാണ് പെരുമാറുന്നതെന്നുമൊക്കെ കുറിപ്പ് നീളുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ജയമോഹന് പറഞ്ഞതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ഒപ്പം കാസ്റ്റിംഗ് ഡയറക്ടറുമായിരുന്ന ഗണപതി. സംവിധായകന് ചിദംബരത്തിന്റെ സഹോദരനുമാണ് ഗണപതി.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ലെന്ന് പറയുന്നു ഗണപതി. തമിഴ് യുട്യൂബ് ചാനലായ സിനിഉലഗത്തിന് നല്കിയ അഭിമുഖത്തില്‍ ജയമോഹന്റെ കമന്റിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഗണപതിയുടെ പ്രതികരണം. അദ്ദേഹം ഒരു വലിയ എഴുത്തുകാരനാണ്. കേരളത്തിന്റെ സംസ്കാരം അദ്ദേഹത്തിന് എത്രത്തോളം അറിയുമെന്ന് എനിക്ക് അറിയില്ല. മലയാളി ചെറുപ്പക്കാര്‍ അങ്ങനെയാണെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ നാടുകളിലും മദ്യപിക്കുന്നവരുണ്ടെന്ന് എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. ഞാനും കുടിക്കുന്ന ഒരാളാണ്. ചിദംബരവും അതെ. അദ്ദേഹം (ജയമോഹന്) മദ്യം കഴിക്കുന്ന ആളാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്ത് കുടിച്ചാലും ജീവിതത്തില്‍ ഒരു സാഹചര്യം വന്നാല്‍ ആരാണ്, എന്താണ് മുന്നിലുള്ളതെന്ന് ബോധ്യമുണ്ടാവണം എന്നതാണ് പ്രധാനം. അല്ലേ?
മഞ്ഞുമ്മല്‍ ബോയ്സിന്റേത് ഒരു റിയല്‍ ലൈഫ് സ്റ്റോറിയാണ്. അവര്‍ കുടിക്കുന്നത് ഞങ്ങള്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. വേണമെങ്കില്‍ അത് ഞങ്ങള്‍ക്ക് കാണിക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ അവിടെ ശരിക്കും നടന്നത് എന്താണോ അതിനോട് ഞങ്ങള്‍ക്ക് നീതി പുലര്‍ത്തണമായിരുന്നു. ആ സുഹൃത്തുക്കള്‍ക്കിടയില്‍ നടന്നത് കാണിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഇതും (ജയമോഹന്റെ വാക്കുകള്‍) സിനിമയ്ക്ക് ഒരു പ്രൊമോഷന് ആവുമെന്നാണ് സംവിധായകനോട് ഞാന്‍ പറഞ്ഞത്. അഭിപ്രായങ്ങള്‍ വരട്ടെ. തമിഴ്നാട്ടില്‍ നിന്നാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഷെയര്‍ ലഭിച്ചത്. കേരളത്തിലേതിനേക്കാള്‍ സിനിമ വലിയ രീതിയില്‍ ഓടിയത് തമിഴ്നാട്ടിലാണ്. അതിന് മുകളില്‍ ഞാന്‍ എന്ത് പറയാനാണ്? തമിഴ് മക്കള്‍ ഈ സിനിമയെ അത്രയും സ്നേഹിക്കുന്നുണ്ട്. ഈ അഭിമുഖത്തില്‍ ഞാന്‍ പങ്കെടുക്കുന്നതിന് കാരണവും അതാണ്. അതിന് മുകളില്‍ എനിക്ക് ഒന്നും പറയാനില്ല, ഗണപതിയുടെ വാക്കുകള്‍.
Last Updated Mar 11, 2024, 6:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]